അമർത്യ സെൻ

ബിഹാറിൽ പാവങ്ങൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടും -അമർത്യ സെൻ

കൊൽക്കത്ത: ബിഹാറിൽ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്.​ഐ.ആർ) പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വോട്ടർമാർക്ക് വൻതോതിൽ വോട്ടവകാശം നിഷേധിക്കുമെന്ന ആശങ്ക പങ്കുവെച്ച് നൊബേൽ ജേതാവ് അമർത്യ സെൻ. രേഖകൾ കർശനമാക്കുമ്പോൾ ഇത്തരക്കാർക്ക് വോട്ട് ഉണ്ടാകണമെന്നില്ല. ഭരണനിർവഹണ പ്രക്രിയകൾക്ക് കാലാനുസൃതമായി പുനഃപരിശോധന ആവശ്യമാണെങ്കിലും അവ മൗലികാവകാശങ്ങൾ ഹനിച്ചാകരുത്. നിരവധി പേർ ഇപ്പോഴും എല്ലാ രേഖകളും ശരിയാക്കാ​നാകാതെ ജീവിക്കുന്നവരായതിനാൽ അവരെ കൂടി ഉൾക്കൊള്ളുന്ന സമീപനമാണ് വേണ്ടത്.

‘നിരവധി പേർക്ക് രേഖകളില്ല. നിരവധി പേർക്ക് വോട്ട് ചെയ്യാനാകില്ല. കാര്യങ്ങൾ നന്നാക്കാനെന്ന പേരിൽ നിരവധി പേർക്ക് ദ്രോഹമുണ്ടാക്കുന്നതാണെങ്കിൽ അത് ഗുരുതരമായ തെറ്റാണ്. ഒരു തെറ്റ് ശരിയാക്കാൻ ഏഴ് തെറ്റുകൾ വരുത്തുന്നത് ന്യായീകരിക്കാനാകില്ല’ -അമർത്യ സെൻ പറഞ്ഞു. 7.24 കോടി രജിസ്​റ്റർ ചെയ്ത വോട്ടർമാരുള്ള ബിഹാറിൽ വോട്ടർ പട്ടിക തീവ്ര പരിശോധനയിൽ 65 ലക്ഷത്തോളം പേരാണ് പുറത്തായത്.

ഭരണഘടന പ്രതിസന്ധിയിൽ -സുദർശൻ റെഡ്ഡി

ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യത്തിൽ വീഴ്ച വന്നെന്നും ഭരണഘടന പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡി. പാർലമെന്റ് ജനാധിപത്യത്തിലുള്ളതാണ്. പക്ഷേ, അത് ജനാധിപത്യപ്രക്രിയയുടെ അനിവാര്യ ഭാഗമായി മാറാതെ സൂക്ഷിക്കണം. സാമ്പത്തിക കമ്മിയെ കുറിച്ചാണ് മുമ്പ് കേട്ടിരുന്നതെങ്കിൽ ജനാധിപത്യത്തിലും കമ്മി വന്നതായും ഗുവാഹതി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ റെഡ്ഡി പറഞ്ഞു.

പ്രതിപക്ഷം ഏകകണ്ഠമായി ത​ന്നെ സ്ഥാനാർഥിയാക്കിയതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. കക്ഷികളുടെ വൈവിധ്യം മാത്രമല്ല, ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് എന്നതും ആദരമായി കാണുന്നു. ജനസംഖ്യയിൽ 63-64 ശതമാനം വരും ഈ കക്ഷികളെന്നും റെഡ്ഡി കൂട്ടിച്ചേർത്തു. മുമ്പ് ട്രഷറി, പ്രതിപക്ഷ ബെഞ്ചുകൾ നിരവധി ദേശീയ വിഷയങ്ങളിൽ ഏക നിലപാടുകാരായിരുന്നു. അതിന്ന് കാണാനാകുന്നില്ലെന്നത് നിർഭാഗ്യകരമാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് താനും സി.പി. രാധാകൃഷ്ണനും തമ്മിലല്ലെന്നും പകരം രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Poor people will be denied voting rights in Bihar - Amartya Sen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.