പാർലമെന്റിൽ, തിരുവായ്ക്ക് എതിർവായില്ലാത്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൈക്ക് പിടിച്ചുതിരിച്ച് ‘വോട്ടു കള്ളാ കസേര വിടൂ...’ (‘വോട്ട് ചോർ ഗദ്ദി ഛോഡ്’ എന്ന് തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ ആർത്തുവിളിച്ചപ്പോൾ, പ്രസ് ഗാലറിയും പ്രതിപക്ഷത്തിലെ പലരും തന്നെ അമ്പരന്നു. ഏതാനും വർഷമായി ഭയത്തിന്റെയും ഭയപ്പെടുത്തലിന്റെയും കരിമ്പടം പുതച്ചുകിടക്കുന്ന ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിൽ സംഭവിക്കുന്നതെന്താണെന്ന് പലരും ചോദിച്ചു. പ്രതിപക്ഷ പാർട്ടികൾ പോകട്ടെ, ബി.ജെ.പി എം.പിമാർപോലും ഭയക്കുന്ന ‘കേന്ദ്ര’ത്തോട് വർധിതവീര്യത്തോടെ നേർക്കുനേർ നിൽക്കാൻ പ്രതിപക്ഷ അംഗങ്ങൾ തയാറായിരിക്കുന്നു ? സർവാധികാര്യക്കാരന്റെ നിഴൽവെട്ടം കണ്ടാൽ മുട്ടിടിക്കുന്ന തലസ്ഥാനനഗരിയുടെ കാലാവസ്ഥ മാറുന്നുവോ? ഇതിനുത്തരം ചെന്നുനിൽക്കുന്നത് പ്രതിക്ഷ നേതാവ് രാഹുൽ ഗാന്ധിയിലും അദ്ദേഹം ഒറ്റക്ക് നയിച്ച പോരാട്ടങ്ങളുമാണെന്ന് പറയേണ്ടിവരും. ഡൽഹിയുടെയും രാജ്യത്തിന്റെ തന്നെയും മുഖത്ത് മറയിട്ട കാവിക്കർട്ടണിൽ പിടിച്ചുവലിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കരുത്തു നൽകുന്ന ഇദ്രപ്രസ്ഥത്തിന്റെ പുതിയ മുഖത്തിലൂടെ ഒരു സഞ്ചാരം...
ബിഹാറിലെ സാസാറാമിൽ തുടക്കമിട്ട ‘വോട്ടർ അധികാർ യാത്ര’യുടെ ആദ്യ മൂന്നു ദിവസത്തെ പര്യടനം കഴിഞ്ഞ് പാർലമെൻറ് സമ്മേളനം അവസാനിക്കുന്നതിന്റെ തലേന്നാൾ തന്റെ ട്രേഡ്മാർക്കായ ടീ ഷർട്ടിന് പകരം കറുത്ത സ്യൂട്ടണിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റ് വളപ്പിൽ മാധ്യമപ്രവർത്തകർ വളഞ്ഞു. ബിഹാർ പര്യടനം നൽകിയ ആത്മ വിശ്വാസം സ്ഫുരിച്ച മുഖത്തോടെ, ‘വേഷം എങ്ങനെയുണ്ട്?’ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ‘ഒരു പ്രധാനമന്ത്രിയുടെ ലുക്ക്’ എന്നായിരുന്നു, പ്രമുഖ വാർത്താ ഏജൻസിയുടെ ലേഖകന്റെ എടുത്തടിച്ചതും അർഥം വെച്ചുള്ളതുമായ മറുപടി.
ആ കമന്റ് ചിരിച്ചുതള്ളി രാഹുൽ ഗാന്ധി സെൻട്രൽ ഹാളിലേക്ക് കയറിപ്പോയശേഷം മാധ്യമപ്രവർത്തകർക്കിടയിലെ ചർച്ച രാഹുലിന്റെ മാറിയ ശരീരഭാഷയായിരുന്നു. ഇത്രയും നിർഭയനായും ആത്മവിശ്വാസത്തോടെയും മുമ്പൊരിക്കലും കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം ഇതേ പാർലമെന്റ് വളപ്പിൽ തന്നെ കുരുക്കിലാക്കാൻ വെമ്പിയെത്തിയ മാധ്യമപ്പടക്ക് മുന്നിലും രാഹുൽ വെടിച്ചില്ലായി. ‘ഇന്ത്യ ഒരു ചത്ത സമ്പദ്ഘടനയാണെന്ന് താങ്കൾ പറഞ്ഞുവോ?’ എന്നായിരുന്നു ഒരാളുടെ ചോദ്യം. സാധാരണഗതിയിൽ ആരും പതറിപ്പോകുന്ന നിമിഷം. രാഹുൽ തിരിച്ചു ചോദിച്ചു, ‘അതേ, നിങ്ങളാരും അതറിഞ്ഞില്ലേ, മോദിയും അദാനിയും ചേർന്ന് അതങ്ങനെയാക്കിയത് നിങ്ങളാരുമറിഞ്ഞില്ലേ?’ എന്ന കൗണ്ടറിലൂടെ ‘ഗോദി മീഡിയ’ക്കാരന്റെ കാറ്റുപോയി. പിന്നെ ചോദ്യങ്ങളെല്ലാം മര്യാദയുള്ളതായി.
ഈ നിർഭയത്വവും ആത്മവിശ്വാസവും മുറ്റിയ രാഹുലിന്റെ ശരീരഭാഷ കണ്ടാണ് യാത്രയുടെ മൂന്നാം ദിവസം പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ബിഹാറിന്റെ മണ്ണിൽവെച്ച് തേജസ് യാദവ് പ്രഖ്യാപിച്ചു കളഞ്ഞത്. മുമ്പൊക്കെ അങ്ങനെ ഒരു പ്രഖ്യാപനം നടന്നിരുന്നുവെങ്കിൽ സമൂഹമാധ്യമങ്ങൾ ട്രോളുകളാൽ ‘പപ്പു’വിനെ മൂടുമായിരുന്നു. എന്നാൽ, ആ പ്രഖ്യാപനം കഴിഞ്ഞതിന്റെ പിറ്റേന്ന് പാർലമെൻറ് വളപ്പിലെത്തിയ രാഹുലിനെ കണ്ട മാധ്യമപ്രവർത്തകർക്ക് ഒരു കാലാവസ്ഥാ വ്യതിയാനത്തിന്റെ ലാഞ്ചന തോന്നിയത് വെറുതെയല്ല.
രാഹുൽ പ്രസരിപ്പിക്കുന്നത്
സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് പി. സന്തോഷ് കുമാർ, വല്ലാത്തൊരു ആത്മവിശ്വാസത്തോടെയാണ് രാഹുലിനെ പറ്റി പറഞ്ഞു തുടങ്ങിയത്. വോട്ടർ അധികാർ യാത്രക്ക് തുടക്കമിട്ട സാസാറാമിലെ എയർ സ്ട്രിപ്പിൽ എത്തിച്ചേർന്ന ജനാവലിയുടെ ആവേശം വേദിയിലിരുന്ന് കണ്ടയാളാണ് സന്തോഷ് കുമാർ. ‘എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ഇൻഡ്യ മുന്നണിയെ നയിക്കാൻ രാഹുലിനോളം പോന്ന മറ്റൊരു നേതാവില്ലെ’ന്ന് പറയാൻ, അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസുമായി പോരാടാൻ ഇറങ്ങുന്ന സന്തോഷ് കുമാറിന് ഒരു മടിയുമില്ലാത്തതിന്റെ കാരണവും ഇതുതന്നെയാണ്. മാധ്യമപ്രവർത്തകർ മാത്രമല്ല പാർലമെൻറ് അംഗങ്ങൾപോലും, ഇതുവരെ കാണാത്ത ഒരു ‘കാലാവസ്ഥാ വ്യതിയാന’ത്തിന്റെ സൂചന രാഹുലിന്റെ ശരീരഭാഷയിൽനിന്ന് വായിച്ചെടുക്കുന്നു. വർഷകാല സമ്മേളനത്തിനിടെ കണ്ട കോൺഗ്രസുകാരല്ലാത്ത എം.പിമാരും ഇതേ വികാരങ്ങൾ പങ്കുവെക്കുന്നു.
ഭീതിയുടെ മുഖംമൂടി വലിച്ചുകീറിയപ്പോൾ
ബി.ജെ.പി സർക്കാറിനും മോദി-അദാനി ചങ്ങാത്ത മുതലാളിത്തത്തിനും മറ്റെല്ലാ ജനവിരുദ്ധ നയങ്ങൾക്കും പീഡിത വിഭാഗങ്ങൾക്കെതിരായ നീക്കങ്ങൾക്കുനേരെയുമെല്ലാം രാഹുൽ നയിച്ച പോരാട്ടങ്ങളും അതിലെ നിർഭയത്വവും പകർന്നു നൽകിയ ഊർജത്തിന്റെ വർധിതവീര്യമാണ് വർഷകാലസമ്മേളനം സമാപിക്കുന്നതിന്റെ തലേന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് പ്രതിപക്ഷ എം.പിമാർ പ്രകടിപ്പിച്ചത്. ഷായുടെ മുഖത്ത് നോക്കാൻപോലും പല എം.പിമാരും ഭയന്നിരുന്ന ഒരു കാലത്തുനിന്ന്, അമിത് ഷാ സ്വന്തം നിലക്ക് അവതരിപ്പിച്ച 130ാം ഭരണഘടന ഭേദഗതി ബിൽ അദ്ദേഹത്തിന്റെ മുഖത്തേക്ക് കീറിയെറിയാനുള്ള ധൈര്യം അവർ സമാഹരിച്ചിരിക്കുന്നു.
‘ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ ജയിലിൽ കിടന്ന നിങ്ങൾ ധാർമികത പഠിപ്പിക്കേണ്ട’ എന്ന്, ഷാക്കുനേരെ വിരൽചൂണ്ടി പറയാൻ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് അടക്കം ആത്മവിശ്വാസം നൽകുന്നത് ഈ മാറിയ കാലാവസ്ഥയും മുന്നിൽ നിൽക്കാൻ നിർഭയനായ ഒരു നേതാവ് തങ്ങൾക്കൊപ്പം ഉണ്ടെന്നുമുള്ള ഉറപ്പുമാണെന്ന് തലസ്ഥാന നഗരിയിലെ മുതിർന്ന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആ സമയത്ത് രാഹുൽ ഗാന്ധി ലോക്സഭയിൽ ഇല്ലെന്നുകൂടി ഓർക്കണം. വേണുഗോപാലിന്റെ ഈ കടന്നാക്രമണത്തിൽ അമിത് ഷാ അക്ഷരാർഥത്തിൽ പതറി. അതിന്റെ തെളിവായിരുന്നു പിന്നീട് കണ്ട നാടകീയ സംഭവങ്ങൾ.
നടുത്തളത്തിൽ ബില്ലുകൾ കീറിയെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്ന തൃണമൂൽ കോൺഗ്രസ് അംഗങ്ങൾക്ക് ആവേശം കയറി. ആഭ്യന്തരമന്ത്രിക്ക് ഒരടി മുന്നിൽ വരെ ചെന്ന് അവർ അദ്ദേഹത്തിന്റെ പോഡിയത്തിൽ പിടിച്ചുതൂങ്ങി. ഷാ സംസാരിച്ചുകൊണ്ടിരിന്ന മൈക്കുകൾ പിടിച്ച് തിരിച്ചുവെച്ച് ബിൽ അവതരണം മുടക്കി. അതേ മൈക്കിലൂടെ ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ (വോട്ടു കള്ളാ കസേര വിടൂ) എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. മോദി സർക്കാറിലെ രണ്ടാമൻ നിസ്സഹായനായി ഇരിക്കുന്നതാണ് പിന്നീട് കണ്ടത്.
പേടി മറുഭാഗത്തേക്ക് ?
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പോഡിയത്തിൽ പിടിച്ചുതൂങ്ങിയ പ്രതിപക്ഷ എം.പിമാരെ ഒന്നടങ്കം പുറത്താക്കുമെന്ന് കരുതി വൈകീട്ട് അഞ്ചുമണിക്ക് പ്രസ് ഗാലറിയിൽ തിങ്ങിക്കൂടിയ മാധ്യമപ്രവർത്തകർ അത്തരമൊരു നടപടിയുടെ ലാഞ്ചനപോലും സ്പീക്കറുടെയോ സർക്കാറിന്റെയോ ഭാഗത്തുനിന്നില്ലെന്ന് കണ്ട് അമ്പരന്നു. പ്രതിപക്ഷം ധൈര്യമാർജിച്ചപ്പോൾ ഇതുവരെ അരങ്ങുതകർത്തുകൊണ്ടിരുന്ന ധൈര്യമത്രയും ഭരണപക്ഷത്തുനിന്ന് ചോർന്നുപോയ പ്രതീതിയായിരുന്നു തുടർന്ന് വർഷകാലസമ്മേളനം തീരും വരെ ഇരുസഭകളും കണ്ടത്. ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞശേഷം പതിവുപോലെ പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഒരുമിച്ചിരുത്തി സൽക്കാരം നടത്താറുള്ള ലോക്സഭാ സ്പീക്കറുടെ ക്ഷണം പോലും ഇത്തവണ പ്രതിപക്ഷ നേതാക്കൾ നിരസിച്ചു.
രാഹുൽ ഗാന്ധി യാത്രയുമായി ബിഹാറിലേക്ക് മടങ്ങിയിരുന്നുവെങ്കിലും പ്രതിപക്ഷ ഉപനേതാവോ കോൺഗ്രസിന്റെ മുഖ്യ ഘടകകക്ഷികളിൽ ഏതിന്റെയെങ്കിലും നേതാവോ ചായ സൽക്കാരത്തിന് എത്തിയില്ല. ആചാരപരമായ ഈ ചായസൽക്കാരത്തിനുശേഷം മാധ്യമപ്രവർത്തകരെ വിളിച്ച് സ്പീക്കർ പങ്കുവെച്ച നിരാശയും പ്രതിപക്ഷത്തിന്റെ നിസ്സഹകരണത്തെക്കുറിച്ചായിരുന്നു. ‘ഇത്രയും കടുത്ത അച്ചടക്കരഹിത്യം പ്രതിപക്ഷ എം.പിമാരിൽനിന്ന് ഉണ്ടായിട്ടും എന്തുകൊണ്ട് നടപടിയില്ല?’ എന്ന ചോദ്യത്തിന്, ‘നടപടിയല്ലല്ലോ വേണ്ടത്, എം.പിമാർ സ്വന്തം ഉത്തരവാദിത്തം എന്ന നിലക്ക് സഭയുടെ മഹത്വം ഉയർത്തിപ്പിടിക്കുകയല്ലേ വേണ്ടത്’ എന്ന സ്പീക്കറുടെ നിസ്സഹായ മറുപടിയിൽ എല്ലാമുണ്ടായിരുന്നു.
ഒരു പതിറ്റാണ്ടായി ബി.ജെ.പിയുടെ അധീശമേധാവിത്വമുള്ള പാർലമെന്റിൽ അവർ തെരഞ്ഞെടുത്ത ഒരു സ്പീക്കർ ഇത്രമാത്രം ‘നിഷ്പക്ഷനാ’കുന്ന കാഴ്ചയും ഇതാദ്യമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, തെലുഗുദേശത്തിന്റെയും ജനതാദൾ യുവിന്റെയും താങ്ങുകൾ ഇല്ലാതെ സ്വന്തം നിലക്ക് ന്യൂനപക്ഷമായ ബി.ജെ.പിക്ക്, അംഗബലത്തിന്റെ പകുതിയോളം വരുന്ന പ്രതിപക്ഷ എം.പിമാരെ നടപടിയെടുത്തു പ്രകോപിപ്പിക്കാൻ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു. ധൈര്യം നൽകേണ്ട ഒന്നാമനും രണ്ടാമനും പതറിയപ്പോൾ സ്പീക്കർ പതറുന്നത് സ്വഭാവികമെന്നായിരുന്നു, മറ്റൊരു മാധ്യമപ്രവർത്തകന്റെ കമന്റ്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ പാർട്ടികൾ നടത്തിയ മാർച്ചിൽ കേരളത്തിലെ യു.ഡി.എഫ്-എൽ.ഡി.എഫ് നേതാക്കൾ
അണുബോംബിന്റെ ആഘാതം
‘വോട്ടു ചോരി’യെന്ന് പേരിട്ട് രാഹുൽ ഗാന്ധി എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പൊട്ടിച്ച അണുബോംബിന്റെ പ്രകമ്പനങ്ങളിലാണ് രാജ്യതലസ്ഥാനമിന്ന്. ബിഹാറിലെ ‘എസ്.ഐ.ആർ’ എന്ന ‘വോട്ടർ പട്ടിക ശുദ്ധീകരണം’ ആരംഭിച്ചശേഷം ഒരിക്കൽ പോലും മാധ്യമങ്ങളെ കാണാതെ അടച്ചിട്ട മുറിയിലായിരുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് പോലും അതോടെ വെളിച്ചത്തു വരേണ്ടിവന്നു. ആ വാർത്ത സമ്മേളനമാകട്ടെ, രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷൻ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ ഒന്നായി തീരുകയും ചെയ്തു.
കൊട്ടിഗ്ഘോഷിച്ച് നടത്തിയ വാർത്തസമ്മേളനം ലൈവ് കണ്ടവരെല്ലാം, എന്തൊക്കെയോ ഒളിച്ചുവെക്കാൻ വെമ്പുന്ന, ആത്മവിശ്വാസം നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടു. അങ്ങനെ വെളുക്കാൻ തേച്ചത് പാണ്ടായ പരുവത്തിൽ ആയിപ്പോയി കമീഷനും സർക്കാറും. ആ ആത്മവിശ്വാസക്കുറവ് മറികടക്കാൻ കൊണ്ടുവന്നതായിരുന്നു, പ്രതിപക്ഷത്തെയും തങ്ങൾക്കൊപ്പമുള്ള സഖ്യകക്ഷികളെയും പേടിപ്പിക്കാനുള്ള ഭരണഘടനയുടെ 130ാം ഭേദഗതി. കുറ്റം തെളിയിക്കുന്നതുവരെ നിരപരാധിയാണെന്ന, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ അട്ടിമറിച്ച് തയാറാക്കിയ, പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ള ഒരു ബില്ലുമായാണ് സർക്കാർ രംഗത്തുവന്നത്.
ഒടുവിലത് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടു. എന്നാൽ അതുകൊണ്ടും കാര്യമുണ്ടായില്ല. എസ്.ഐ.ആറിനുശേഷം ഇരുസഭകളിലെയും പ്രതിഷേധത്തിലൂടെ വീണ്ടും ഒരു മെയ്യായ പ്രതിപക്ഷത്തെ സൃഷ്ടിക്കാനേ അത് സഹായിച്ചുള്ളൂ. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷം ഇത്രയും ഒറ്റക്കെട്ടായി നിന്ന ഒരു കാലയളവുണ്ടായിട്ടില്ല. അനിശ്ചിതകാലത്തേക്ക് ലോക്സഭ പിരിയാനായി അവസാന നിമിഷം സഭയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വർധിതവീര്യത്തിലുള്ള പ്രതിപക്ഷത്തിന്റെ ആക്രമണത്തിൽനിന്ന് മുക്തനായില്ല.
സ്വന്തം ഇരിപ്പിടത്തിലേക്ക് നടന്നുവരുന്ന പ്രധാനമന്ത്രിയെ, നടുത്തളത്തിലേക്ക് ഇറങ്ങിനിന്ന് ‘വോട്ട് ചോർ ഗദ്ദി ഛോഡ്’ (വോട്ടു കള്ളാ കസേര വിടൂ) എന്ന വിളികളോടെയാണ് അവർ എതിരേറ്റത്. സ്പീക്കർ ഉപസംഹാരം നടത്തുമ്പോൾ, പ്രതിഷേധം നിർത്തി ഇരിപ്പിടങ്ങളിലേക്ക് മടങ്ങുക എന്ന മര്യാദയും പ്രതിപക്ഷം ഇത്തവണ കാണിച്ചില്ല. ‘വോട്ടുചോരി’യിൽ യഥാർഥ ജനഹിതമില്ലാതെ ഭരണത്തിലേറിയവരോട് ഇനിയെന്ത് പാർലമെൻററി മര്യാദ എന്നാണവരുടെ ചോദ്യം.
കൂടുതൽ ഒന്നിക്കാൻ പ്രതിപക്ഷം
ബിഹാർ ‘വോട്ടർ അധികാർ യാത്ര’ യാത്രയുടെ രണ്ടാം നാളിൽ ഗയയിലേക്കുള്ള വഴിയോരത്ത് ഈ ലേഖകനടക്കം, രാഹുലും തേജസ്വിയും വരുന്നതും കാത്തുനിൽക്കുന്നതിനിടയിൽ, ഇൻഡ്യ സഖ്യത്തിൽനിന്ന് പിരിഞ്ഞുപോയ ആം ആദ്മി പാർട്ടിയുടെ നേതാവ് സഞ്ജയ് സിങ് തനിയെ ഒരു കാറിൽ യാത്രയെ അനുഗമിക്കുന്നത് കാണാനായി. നിർത്താൻ കൈകാണിച്ച മാധ്യമപ്രവർത്തകരോട് എസ്.ഐ.ആറിൽ തങ്ങൾ ഒറ്റക്കെട്ടാണ് എന്നും പറഞ്ഞു സഞ്ജയ് സിങ് കടന്നുപോയി. തുടർന്നങ്ങോട്ട് ഓരോ ദിവസവും ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷി നേതാക്കളുടെ വരവായിരുന്നു.
വെള്ളിയാഴ്ച ഭഗൽപൂരിനെ അക്ഷരാർഥത്തിൽ മനുഷ്യക്കടലാക്കി മാറ്റുന്നത് കാണാനവർക്ക് കഴിഞ്ഞു. പോയവരിൽനിന്ന് ഇതെല്ലാം കേട്ടറിഞ്ഞാണ് കേരളത്തിൽനിന്നുള്ള പല എം.പിമാരും പാർലമെൻറ് സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും മുമ്പ് ബിഹാറിലേക്ക് പോയത്. എം.പിമാരിൽ പലർക്കും പറയാനുള്ളത് ബിഹാറിനെ തേജസ്വിയും രാഹുലും കൂടി ഇളക്കിമറിക്കുന്നതിനെ കുറിച്ചായിരുന്നു. കേവലം ആദ്യ ദിവസത്തെ ആവേശമായിരുന്നില്ല, മറിച്ച് യാത്ര കടന്നുപോകുന്ന വഴിയിൽ ഉടനീളം ആർത്തലച്ചു വരുന്ന ആയിരങ്ങളെ ഉൾക്കൊള്ളാനാകാതെ ആകാതെ തെരുവുകൾ ശ്വാസം മുട്ടുന്ന കാഴ്ച ബിഹാറിൽ തുടരുകയാണെന്നാണ് അവർ പറയുന്നത്. ഈ യാത്ര കഴിയുന്നതോടെ പ്രതിപക്ഷം ഒന്നുകൂടി മുറുകുമെന്നാണ് തലസ്ഥാനത്തെ ‘കാലാവസ്ഥാ വ്യതിയാനം’ നൽകുന്ന സൂചന.
ഒന്നിച്ചു പോരാടുന്ന പ്രതിപക്ഷ വീര്യം
അടുത്ത കാലത്തായി ഒട്ടുമിക്ക വിഷയങ്ങളിലും പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാറിനെതിരെ യോജിച്ചുള്ള പോരാട്ടത്തിലാണ്:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.