പ്രതീകാത്മക ചിത്രം

ചപ്പാത്തിക്കും ബ്രഡിനും മരുന്നുകൾക്കും വില കുറയും, പെപ്സിയും കൊക്ക​ക്കോളയും പൊള്ളും; ജി.എസ്.ടി പരിഷ്‍കരണത്തിൽ വില കുറയുകയും കൂടുന്നതുമായ ഉൽപ്പന്നങ്ങളുടെ പട്ടിക

ന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജി.എസ്.ടി പരിഷ്‍കരണത്തിന് ജി.എസ്.ടി കൗൺസിൽ അംഗീകാരം നൽകിയിരിക്കുകയാണ്. 2017ൽ നിലവിൽ വന്നശേഷം ആദ്യമായാണ് ജി.എസ്.ടിയിൽ സമഗ്രപരിഷ്‍കരണം കൊണ്ടുവരുന്നത്. ഗാർഹിക അവശ്യവസ്തുക്കൾ, മരുന്നുകൾ, ചെറിയ കാറുകൾ, ടൂത്ത് പേസ്റ്റ്, സിമന്റ് എന്നിവ നികുതി ഇളവിന്റെ പരിധിയിൽ വരും. അതോടൊപ്പം മറ്റ് ചില സാധനങ്ങൾക്ക് വില കൂടും. സെപ്റ്റംബർ 22 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക.

ആഭ്യന്തര തലത്തിലുള്ള ഉപഭോഗം വർധിപ്പിക്കാനും യു.എസ് തീരുവയുടെ സാമ്പത്തിക ആഘാതം കുറക്കാനും ലക്ഷ്യമിട്ടാണ് സ്ലാബുകൾ അഞ്ചുശതമാനവും 18 ശതമാനവുമായി പരിമിതപ്പെടുത്തി ജി.എസ്.ടി കൗൺസിൽ നിരക്ക് പരിഷ്‍കരണത്തിന് അംഗീകാരം നൽകിയത്. 12 ശതമാനത്തില്‍ ഉള്‍പ്പെട്ടിരുന്ന 99 ശതമാനം ഉൽപ്പന്നങ്ങളും അഞ്ച് ശതമാനത്തിലായി. 28 ശതമാനമുണ്ടായിരുന്ന 90 ശതമാനവും 18 ശതമാനത്തിലും ഉള്‍പ്പെടുത്തി.

കൗൺസിൽ നിലവിലുള്ള നാല് സ്ലാബുകൾ (5, 12, 18, 28 ) 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നിരക്കുകളാക്കി കുറച്ചു. എന്നാൽ ആഡംബര കാറുകൾ, പുകയില, സിഗരറ്റുകൾ തുടങ്ങിയ തിരഞ്ഞെടുത്ത ചില ഇനങ്ങൾക്ക് 40 ശതമാനം പ്രത്യേക സ്ലാബ് നിർദേശിച്ചിട്ടുണ്ട്. പാൻ മസാല, ഗുഡ്ക, സിഗരറ്റുകൾ, സർദ പോലുള്ള ചവയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ, പുകയില, ബീഡി എന്നിവ ഒഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും പുതിയ നിരക്കുകൾ ബാധകമാണ്.

 വില കുറയുന്നവ

1. നിലവിൽ അഞ്ചു ശതമാനം നികുതിയുണ്ടായിരുന്ന ചപ്പാത്തി, പൊറോട്ട, ബ്രഡ് എന്നിവയുടെ നികുതി പൂർണമായും ഒഴിവാക്കി.

2. ചൂടാക്കിയ പാൽ, ചെന, പനീർ, പിസ, ബ്രഡ് എന്നിവയുടെയും നികുതി ഒഴിവാക്കി.

3. നെയ്യ്, വെണ്ണ, നട്സ്, കണ്ടൻസ്ഡ് മിൽക്ക്, സോസേജസ്, മാംസം, ജാം, ഫ്രൂട്ട് ജെല്ലീസ്, ഇളനീർ വെള്ളം, 20 ലിറ്ററിന്റെ ​കുടിവെള്ള ബോട്ടിലുകൾ, ഫ്രൂട് പൾപ്പ്, ഫ്രൂട് ജ്യൂസ്, ഐസ്ക്രീം, പേസ്ട്രി, ബിസ്കറ്റ്, കോൺ ഫ്ലേക്സ്, ധാന്യങ്ങൾ, പഞ്ചസാര മിഠായി എന്നിവയുടെ നികുതി 18 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമാക്കി കുറച്ചു.

4. ചീസടക്കമുള്ള ഭക്ഷ്യസാധനങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറച്ചു.

5. സോയ മിൽക്ക് പോലുള്ള ഉൽപ്പന്നങ്ങൾ, സസ്യഎണ്ണ, മൃഗക്കൊഴുപ്പ്, സോസേജ്, മത്സ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചു.

വീട്ടു സാധനങ്ങൾ

1. ടൂത്ത് പൗഡർ, ഫീഡിങ് ബോട്ടിലുകൾ, ടേബിൾവെയർ, കിച്ചൺവെയർ, കുടകൾ, പാത്രങ്ങൾ, സൈക്കിൾ, ബാംബൂ ഫർണിച്ചർ എന്നിവയുടെ ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചു.

2. ഷാംപൂ, ടാൽകം പൗഡർ, ടൂത്ത് പേസ്റ്റ്, ഫേസ് പൗഡർ, സോപ്പ്, ഹെയർ ഓയിൽ എന്നിവയുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു.

3. എയർ കണ്ടീഷനർ, ഡിഷ് വാഷർ, ടെലിവിഷൻ എന്നിവയുടെ ജി.എസ്.ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചു.

സ്റ്റേഷനറി സാധനങ്ങൾ

മാപ്പ്, ചാർട്ടുകൾ, പെൻസിൽ, ഷാർപ്നെർ, ക്രയോൺ, നോട്ട്ബുക്കുകൾ എന്നിവയുടെ നികുതി 12ശതമാനത്തിൽ നിന്ന് പൂർണമായി ഒഴിവാക്കി.

അതുപോലെ ഇറേസറുകളുടെ നികുതി അഞ്ചു ശതമാനത്തിൽനിന്ന് പൂർണമായി ഒഴിവാക്കി.

ചെരിപ്പ്, ടെക്സ്റ്റൈൽസ് ഉൽപ്പന്നങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമായി കുറച്ചു.

ജീവൻ രക്ഷാ മരുന്നുകൾ, ഉപകരണങ്ങൾ, ചില മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നികുതി ഒഴിവാക്കുകയോ 18 ശതമാനത്തിൽ നിന്ന്

12 ശതമാനമായി കുറക്കുകയോ ചെയ്തു.

തെർമോമീറ്ററിന്റെ ജി.എസ്.ടി 18ൽ നിന്ന് അഞ്ചു ശതമാനമാക്കി. മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, പരിശോധന കിറ്റുകള്‍: 12 ല്‍നിന്ന് അഞ്ചിലേയ്ക്ക് താഴ്ത്തി. ഗ്ലൂക്കോമീറ്റര്‍, ടെസ്റ്റ് സ്ട്രിപ്‌സ്: 12 ല്‍നിന്ന് അഞ്ചായി കുറച്ചു.

ഇൻഷുറൻസ് ആൻഡ് പോളിസീസ്

നിലവില്‍ 18 ശതമാനമായിരുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി: ജി.എസ്.ടി ഒഴിവാക്കി.

ഹോട്ടൽ നികുതി, വിമാനങ്ങൾ

7,500 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ റൂമുകള്‍ക്ക് അഞ്ച് ശതമാനമാക്കി.

ഇ​ക്കോണമി ക്ലാസ് വിമാന ടിക്കറ്റുകൾക്ക് ജി.എസ്.ടി അഞ്ചു ശതമാനമാക്കി.

വാഹനം

350 സിസി വരെയുള്ള മോട്ടോര്‍സൈക്കിളിന്റെ ജി.എസ്.ടി 28ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചു.

ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി. 10ല്‍ കൂടുതല്‍ പേര്‍ക്ക് യാത്രചെയ്യാവുന്ന ബസുകളും വാഹനങ്ങളും : 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കി.

1200 സിസിവരെ എന്‍ജിന്‍ ശേഷിയും നാല് മീറ്റര്‍വരെ നീളവുമുള്ള പെട്രോള്‍, എല്‍.പി.ജി, സി.എൻ.ജി കാറുകള്‍ക്കും 1,500 സിസി വരെയുള്ള ഡീസല്‍ കാറുകള്‍ക്കും ഇത് ബാധകം.

നിർമാണ മേഖല

സിമന്റിന്റെ ജി.എസ്.ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു.

തയ്യൽ മെഷീനിന്റെയും ഭാഗങ്ങളുടെയും ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു.

ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ, ഫിറ്റ്നസ് സെന്ററുകൾ, യോഗ കേന്ദ്രങ്ങൾ എന്നിവയിലെ ജി.എസ്.ടി 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമാക്കി.

വില കൂടുന്നവ

കൊക്ക കോള, പെപ്‌സി തുടങ്ങിയവയുടെയും കാര്‍ബണേറ്റഡ് പാനീയങ്ങളുടെയും ജി.എസ്.ടി 28 ശതമാനത്തിൽനിന്ന് 40 ശതമാനമായി വർധിപ്പിച്ചു.

കഫീന്‍ അടങ്ങിയ പാനീയങ്ങളുടെയും നികുതി 40 ശതമാനമാക്കി. പഞ്ചസാരയോ മറ്റ് മധുര പദാര്‍ഥങ്ങളോ ചേര്‍ത്തതോ ഫ്‌ളേവര്‍ നല്‍കിയതോ ആയ എല്ലാ ഉൽപ്പന്നങ്ങള്‍ക്കും ജി.എസ്.ടി 28 ശതമാനത്തില്‍നിന്ന് 40 ശതമാനമാക്കിയിട്ടുണ്ട്.

1200 സി.സിക്ക് മുകളിലിലുള്ളതും നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ളതുമായ വാഹനങ്ങളുടെ നിരക്ക് 40 ശതമാനമായി. 350 സിസിക്ക് മുകളിലുള്ള മോട്ടോര്‍ സൈക്കിളുകള്‍, ഉല്ലാസ നൗകകള്‍, സ്വകാര്യ ആവശ്യത്തിനുള്ള വിമാനങ്ങള്‍, റേസിങ് കാറുകള്‍ എന്നിവക്ക് ഉയര്‍ന്ന സ്ലാബ് ബാധകമാകും.

കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതുവരെ പുകയിലയ്ക്കും അതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കും 28 ശതമാനം ജി.എസ്.ടിയും നഷ്ടപരിഹാര സെസും ബാധകമായിരിക്കും. അത് കഴിഞ്ഞാല്‍ ഉയര്‍ന്ന നിരക്കായ 40 ശതമാനത്തിലേക്ക് മാറും.

Tags:    
News Summary - In GST Revamp What's Cheaper, Costlier?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.