നിമിഷ പ്രിയ: കാന്തപുരത്തിന്‍റെ ഇടപെടലിൽ പുരോഗതി; ഇന്ന് വീണ്ടും ചർച്ചയെന്ന് അഭിഭാഷകൻ

ന്യൂഡൽഹി: നിമിഷ പ്രിയ വിഷയത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചു. ഇന്ന് രാവിലെ യമൻ സമയം പത്തിന് കുടുംബവുമായുള്ള ചർച്ച പുനരാരംഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ തലാലിന്റെ നാടായ ദമാറിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി ഓർഡർ അനുയായും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനുമാണ് എന്നത് വലിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹം കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടൽ ഉണ്ടാകും.

കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശവാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ കൊലപാതകമാണ് തലാലിന്റേത്. അതിനാലാണ് ഇത്രയും കാലം ആർക്കും കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആ‍ശയവിനിമയം ആദ്യമായി സാധിക്കുന്നത്.

പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്. ഇന്നത്തെ ചർച്ചയിൽ ദിയാ ധനം സ്വീകരിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കുടുംബത്തെ അനുനയിയപ്പിക്കുന്നതിന്റെ ശ്രമങ്ങൾക്കിടയിൽ നാളത്തെ ശിക്ഷ നൽകുന്ന നടപടി താൽക്കാലികമായി നീട്ടിവെക്കുക എങ്കിലും ചെയ്യണം എന്ന കാന്തപുരത്തിന്റെ ആവശ്യം യമൻ ഭരണകൂടം ഇന്ന് പരിഗണിക്കുമെന്നും സുഭാഷ് ചന്ദ്രൻ അറിയിച്ചു.

സേ​വ് നി​മി​ഷ​പ്രി​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹികൾ ഇന്നലെ കാന്തപുരത്തെ സന്ദർശിച്ചപ്പോൾ


Tags:    
News Summary - Kanthapuram's intervention in Nimisha Priya case is moving in a positive direction says Supreme Court advocate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.