ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നിരക്ക് അഞ്ച്, 18 എന്നീ രണ്ട് സ്ലാബ് ഘടനയിലേക്ക് മാറാനുള്ള കേന്ദ്രത്തിന്റെ നിർദേശം അംഗീകരിച്ച് സംസ്ഥാനങ്ങളുടെ മന്ത്രിതല സമിതി.
12, 28 ശതമാനം സ്ലാബുകൾ നീക്കം ചെയ്യുന്നതിനുള്ള നിർദേശവും ആറ് അംഗ സംസ്ഥാന മന്ത്രിതല സമിതി അംഗീകരിച്ചതായി ബിഹാർ ഉപമുഖ്യമന്ത്രിയും നിരക്ക് ഏകീകരണത്തിന്റെ കൺവീനറുമായ സാമ്രാട്ട് ചൗധരി പറഞ്ഞു. കേന്ദ്രത്തിന്റെ രണ്ട് നിർദേശങ്ങളും മന്ത്രിതല സമിതി അംഗീകരിക്കുകയായിരുന്നു. അത്യാഡംബര വസ്തുക്കൾക്കും ആരോഗ്യത്തിന് ഹാനികരമായ പുകയില പോലുള്ളവക്കും 40 ശതമാനം നികുതി ചുമത്തുന്നതും കേന്ദ്രത്തിന്റെ നിർദേശത്തിൽ ഉൾപ്പെടുന്നെന്ന് യു.പി ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു.
ഇത്തരം വസ്തുക്കളുടെ നിലവിലെ നികുതി പരിധി നിലനിർത്തുന്നതിനായി 40 ശതമാനം നിരക്കിന് മുകളിൽ ലെവി ചുമത്താൻ തന്റെ സംസ്ഥാനം നിർദേശിച്ചിട്ടുണ്ടെന്ന് പശ്ചിമ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. പുതിയ സ്ലാബുകൾ നടപ്പാക്കിയതിനുശേഷം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമുണ്ടാകുന്ന വരുമാന നഷ്ടത്തെക്കുറിച്ച് കേന്ദ്രത്തിന്റെ നിർദേശത്തിൽ പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ, ചരക്കു സേവന നികുതി 5,12,18,28 ശതമാനം എന്നീ സ്ലാബുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.