ബില്ലുകൾ തടഞ്ഞുവെക്കുന്നത് നിയമനിർമാണസഭയെ നിശ്ചലമാക്കും; വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമനിർമാണസഭയെ നിശ്ചലമാക്കുമെന്ന് സുപ്രീം കോടതി. ഗവർണർ ചുമതലകൾ നിർവഹിക്കുന്നില്ലെങ്കിൽ കോടതികൾക്ക് ഇടപെടാൻ അധികാരമില്ലാതാകുമോയെന്നും ബില്ലുകൾ അംഗീകരിക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച ഉത്തരവ് നിയമപരമായി ശരിയാണോ എന്നതിൽ ഉപദേശം തേടിയുള്ള രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്നതിന്റെ വാദത്തിനിടെ കോടതി വാക്കാൽ ചോദിച്ചു.

ഏതെങ്കിലും ഗവർണർമാർ ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോയാൽ സുപ്രീം കോടതിയെ സമീപിക്കാതെ രാഷ്ട്രീയ പരിഹാരം കാണുന്നതിന് മുൻഗണന നൽകണമെന്ന് കേന്ദ്രസർക്കാർ വാദിച്ചു. പല വിഷയങ്ങളിലും രാഷ്ട്രീയ പരിഹാരമുണ്ടാകുന്നുണ്ടെന്നും എല്ലായിടത്തും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക് ഓടുന്നില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത മൂന്നാം ദിനത്തിലെ വാദത്തിനിടെ പറഞ്ഞു. ഗവർണർമാർ ബില്ലുകളിൽ ഒപ്പിടുന്നത് വൈകുന്നതിനെക്കുറിച്ച പരാതി മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് പറയാം.

രാഷ്ട്രപതിയെ കണ്ടും പറയാമെന്ന് തുഷാർ മേത്ത അഭിപ്രായപ്പെട്ടു. ജുഡീഷ്യൽ ആക്ടിവിസം ജുഡീഷ്യൽ ഭീകരതയായി മാറരുതെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി പറഞ്ഞു. ധാരാളം അനുഭവ പരിചയമുള്ള, വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെ കുറച്ചുകാണരുതെന്ന് സോളിസിറ്റർ ജനറൽ അഭിപ്രായപ്പെട്ടപ്പോഴാണ് ബി.ആർ. ഗവായി ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ച് ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ലെന്നും ജുഡീഷ്യൽ ആക്ടിവിസം ജുഡീഷ്യൽ ഭീകരതയോ സാഹസികതയോ ആയി മാറരുതെന്ന് താൻ എപ്പോഴും പറയാറുണ്ടെന്നും ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറലിനെ ഓർമിപ്പിച്ചു.

ഗവർണറുടെ അധികാരങ്ങൾ പരാമർശിക്കുന്ന നിരവധി സുപ്രീം കോടതി വിധികൾ സോളിസിറ്റർ ജനറൽ മൂന്നംഗ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തി. വാദം ആഗസ്റ്റ് 26ന് തുടരും.

Tags:    
News Summary - Supreme Court criticizes blocking bills, says it will paralyze the legislature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.