തിരുവനന്തപുരം: വോട്ടുബാങ്കിൽ കണ്ണുവെച്ച് ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പംനിർത്താൻ കിണഞ്ഞുപരിശ്രമിക്കുന്ന കേരളത്തിലെ ബി.ജെ.പിക്ക് ഛത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ഇരുട്ടടിയായി. ക്രൈസ്തവ വേട്ടക്കെതിരെ ബിഷപ്പുമാരിൽനിന്നടക്കം വ്യാപക പ്രതിഷേധമുയർന്നതോടെ വിശദീകരണം പോലും സാധ്യമാകാത്ത വിധം അറസ്റ്റിനെ തള്ളാനോ കൊള്ളാനോ കഴിയാതെ പ്രതിരോധത്തിലാണ് നേതൃത്വം.
പ്രത്യേക സംഘത്തെ ഛത്തിസ്ഗഢിലേക്ക് അയക്കാൻ തീരുമാനമുണ്ടെങ്കിലും മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ ഇതിനോടകമുണ്ടായ മുറിവ് ഉണങ്ങുമോ എന്നതിൽ നേതൃത്വത്തിന് ഒരുറപ്പുമില്ല. ക്രൈസ്തവ സഭകളുമായുള്ള സൗഹൃദ നയതന്ത്രം പാളുമോ എന്നതിൽ ആശങ്കയുമുണ്ട്.
ഫലത്തിൽ കേസും നടപടിയും ഛത്തിസ്ഗഢിലാണെങ്കിലും പ്രഹരവും പൊള്ളലും കേരളത്തിലെ ബി.ജെ.പിക്കാണ്. കോടതിയിലുള്ള വിഷയമായതിനാൽ മന്ത്രി എന്ന നിലയിൽ പ്രതികരിക്കാൻ പരിമിതിയുണ്ടെന്നാണ് കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിശദീകരണം.
ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി ക്രൈസ്തവദേവാലയങ്ങളിലും ഭവനങ്ങളിലുമെത്തിയാണ് ബി.ജെ.പി നേതാക്കൾ സൗഹൃദത്തിനും നയതന്ത്രത്തിനും പാലമിട്ടത്. കേരളത്തിൽ സൗഹൃദവും കേരളത്തിന് പുറത്ത് വേട്ടയുമെന്ന വൈരുധ്യമാണ് ഏറ്റവുമൊടുവിൽ ഛത്തിസ്ഗഢ് സംഭവത്തിലൂടെയും വെളിപ്പെടുന്നത്. ഇക്കാര്യം സഭ നേതൃത്വം തന്നെ തുറന്നുപറയുന്നു. ‘കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങു’മെന്ന സമീപനം ശരിയല്ലെന്നാണ് സിറോ മലബാർ സഭയുടെ പ്രതികരണം.
കേന്ദ്രസർക്കാറിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് ദീപിക പത്രം മുഖപ്രസംഗമെഴുതി. ബി.ജെ.പി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരെ 4316 ആക്രമണങ്ങളുണ്ടായെന്നും ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
നേരത്തെ ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴൊക്കെ ഒറ്റപ്പെട്ടതെന്ന ന്യായീകരണമാണ് ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.