കൊച്ചി: വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ വൈസ് പ്രസിഡന്റും സ്കൂൾ അധ്യാപകനുമായ ഫർസീൻ മജീദിനെതിരായ അന്വേഷണ റിപ്പോർട്ടിലെയും കാരണംകാണിക്കൽ നോട്ടീസിലെയും തുടർനടപടികൾ ഹൈകോടതി തടഞ്ഞു. മട്ടന്നൂർ എ.ഇ.ഒ ജൂലൈ 15ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും അതിന്‍റെ അടിസ്ഥാനത്തിൽ ഒരു ഇൻക്രിമെന്‍റ് തടയാതിരിക്കാൻ കാരണം അറിയിക്കണമെന്ന മാനേജ്മെന്റിന്റെ നോട്ടീസും ചോദ്യംചെയ്ത് കണ്ണൂർ മട്ടന്നൂർ കോലോലം യു.പി സ്കൂൾ അധ്യാപകൻ കൂടിയായ ഫർസീൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, ജില്ല വിദ്യാഭ്യാസ ഓഫിസർ, അസി. വിദ്യാഭ്യാസ ഓഫിസർ, സ്കൂൾ മാനേജർ എന്നിവർക്ക് ജസ്റ്റിസ് ടി.ആർ. രവി നോട്ടീസ് ഉത്തരവായി. നാലാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. ഹരജി ആഗസ്റ്റ് 26ന് പരിഗണിക്കാൻ മാറ്റി.
2022 ജൂൺ 13ന് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തുടർന്ന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. അച്ചടക്കനടപടിയുടെ ഭാഗമായി 2022 ജൂൺ 14ന് സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. പിന്നീട് ആറുമാസത്തേക്കുകൂടി സസ്പെൻഷൻ നീട്ടുകയും കുറ്റാരോപണ മെമോ നൽകുകയും ചെയ്തു.
ഡിസംബർ 10ന് സർവിസിൽ തിരിച്ചുകയറി. മാനേജറുടെ അഭ്യർഥനയെത്തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി ഔപചാരിക അന്വേഷണം നടത്തി. 2025 ജൂലൈ 15ന് എ.ഇ.ഒ അന്വേഷണ റിപ്പോർട്ട് മാനേജർക്ക് സമർപ്പിച്ചു. തുടർന്നാണ് 23ന് മാനേജർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. അന്വേഷണ റിപ്പോർട്ടും കാരണംകാണിക്കൽ നോട്ടീസും റദ്ദാക്കുകയും മെമോക്കൊപ്പം കുറ്റാരോപണങ്ങൾ ഇല്ലാതിരിക്കെ ഔപചാരിക അന്വേഷണവും അച്ചടക്കനടപടിയും നിയമവിരുദ്ധവും അധികാര ദുർവിനിയോഗവുമാണെന്ന് പ്രഖ്യാപിക്കുകയും വേണമെന്നാണ് ഹരജിയിലെ ആവശ്യം.
2022 ജൂൺ മുതൽ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കാനും ഇൻക്രിമെന്‍റ് അനുവദിക്കാനും ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജി തീർപ്പാകുംവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.