പൂട്ടിയിട്ട് മർദിച്ചു, ബജ്റംഗ് ദൾ നേതാവ് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ

റായ്പൂര്‍: കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്ന് പെൺകുട്ടികൾ പറഞ്ഞു.

ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തില്‍ തങ്ങളെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. ജ്യോതി ശർമക്ക് ഒപ്പമുള്ളവർ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടികൾ പറഞ്ഞു.

'സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. പാചക ജോലിക്കാണെന്ന് പറഞ്ഞിരുന്നു. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല', പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടികൾ പറഞ്ഞു. ജ്യോതി ശര്‍മയെ ജയിലില്‍ അടക്കണമെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.

അതേസമയം, ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ മഠത്തിലെത്തിച്ചു. ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിക്കാത്ത സാഹചര്യത്തിൽ ബജ്‌റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും.

കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി, സുഖ്മാന്‍ മാണ്ഡവിക്കും എന്നിവർക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവെക്കുകയും പാസ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. ഇന്ത്യ വിട്ടുപോകരുതെന്നും എൻ.ഐ.എ കോടതി നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Bajrang Dal leader threatens to rape girls who were with nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.