തിരുവനന്തപുരം: കേരള ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ താൽകാലിക വി.സിമാർക്ക് വീണ്ടും നിയമനം നൽകി ചാൻസലറായ ഗവർണറുടെ ഉത്തരവ്. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ സർക്കാർ പാനൽ തള്ളിയാണ് ഗവർണറുടെ നടപടി.
ഡിജിറ്റൽ സർവകലാശാലയിൽ നേരത്തെ താൽകാലിക ചുമതല വഹിച്ചിരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ ജോയന്‍റ് ഡയറക്ടർ ഡോ. സിസ തോമസ്, കെ.ടി.യുവിൽ കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിലെ ഡോ. കെ. ശിവപ്രസാദ് എന്നിവരെയാണ് വീണ്ടും നിയമിച്ചത്. ആറ് മാസത്തേക്കോ സ്ഥിരം വി.സിയെ നിയമിക്കുന്നത് വരെയോ ആണ് നിയമനം. വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ ഡോ. സിസ തോമസും ഡോ. ശിവപ്രസാദും സർവകലാശാലകളിലെത്തി ചുമതലയേറ്റു.
ബന്ധപ്പെട്ട സർവകലാശാലകളുടെ നിയമമനുസരിച്ച് നിലവിലുള്ള താൽക്കാലിക വി.സിമാരെ വീണ്ടും നിയമിക്കുന്നതിനോ പുതിയ താൽക്കാലിക വി.സിമാരെ നിയമിക്കുന്നതിനോ ഗവർണർക്ക് വിജ്ഞാപനമിറക്കാമെന്ന് സുപ്രീംകോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ ഹൈകോടതി നിയമനം അസാധുവാക്കിയ താൽക്കാലിക വി.സിമാർക്ക് തന്നെ വീണ്ടും നിയമനം നൽകി ഗവർണർ വിജ്ഞാപനമിറക്കിയത്.
സർക്കാർ പാനൽ സമർപ്പിച്ച് നേരത്തെ താൽക്കാലിക വി.സി നിയമനം നടത്തിയത് ചോദ്യംചെയ്ത് സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നു. ഗവർണറുടെ നടപടി നിയമപരമല്ലെന്ന് ഹൈകോടതി സിംഗിൾ ബെഞ്ചും ഗവർണറുടെ അപ്പീലിനെ തുടർന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. ഇതോടെയാണ് ഡോ. സിസ തോമസും ഡോ. ശിവപ്രസാദും പുറത്തായത്.
ഇതോടെ സർക്കാർ രണ്ട് സർവകലാശാലകളിലേക്കും താൽകാലിക വി.സി നിയമനത്തിനായി വീണ്ടും മൂന്നുപേർ വീതമടങ്ങിയ പാനൽ ഗവർണർക്ക് സമർപ്പിച്ചു. ഇതിൽ നിന്ന് നിയമനത്തിന് തയാറാകാതെ ഹൈകോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഇതേ തുടർന്നായിരുന്നു സുപ്രീംകോടതി വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.