കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം അന്വേഷിക്കുന്ന ജയിൽ വകുപ്പ് നോർത്ത് സോൺ ഡി.ഐ.ജി വി. ജയകുമാറിന്റെ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിച്ചേക്കും. ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാധ്യയക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. ജയിൽ ചാട്ടമുണ്ടായ കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ഇദ്ദേഹം ജയിലിലെ ഉന്നത ഉദ്യോഗസ്ഥരുടെയെല്ലാം മൊഴിയെടുത്തിട്ടുണ്ട്. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതും ഡി.ഐ.ജിയാണ്.
ജയിലിലെ തടവുകാരുടെ എണ്ണത്തിലെ വർധനയും ആനുപാതികമായി ജീവനക്കാരില്ലാത്തതും ജയിൽ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. സുരക്ഷ മതിലിന്റെ മുകളിൽ ഒന്നരമീറ്റർ ഉയരത്തിലുള്ള വൈദ്യുതി വേലിയിൽ വൈദ്യുതിയില്ലാത്തത് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ ചാടിയതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച ജയിലിലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി കൊട്ടാരക്കര പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിന് എതിരെയാണ് നടപടി. ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നായിരുന്നു സത്താറിന്റെ പ്രതികരണം. മാധ്യമ പ്രതികരണങ്ങളിലൂടെ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെന്ന് കാണിച്ചാണ് നടപടി. സൗത്ത് സോണ്‍ ജയില്‍ ഡി.ഐ.ജിയുടേതാണ് ഉത്തരവ്.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി ജയിൽ ഓഫീസർ രജീഷ്, അസിസ്റ്റന്റ് ജയിൽ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
കൃത്യമായ പദ്ധതിയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.