കൊച്ചി: സംസ്ഥാനത്ത് ഇതുവരെ നൽകിയ പട്ടയങ്ങളെയും പതിച്ചുനൽകിയ ഭൂമിയെയുംകുറിച്ച സമഗ്ര വിശദാംശങ്ങൾ ലഭ്യമല്ലാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈകോടതി.
ഭൂപതിവ് നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അനുമതിയോ സർട്ടിഫിക്കറ്റുകളോ നൽകരുതെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മണ്ണുത്തി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.
ഹരജിക്കാരൻ വിവരാവകാശ നിയമപ്രകാരം വിവരം തേടിയപ്പോൾ വിവരം ലഭ്യമായില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നിർദേശം. ഭൂപതിവ് നിയമപ്രകാരം സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ വ്യവസ്ഥ ലംഘിച്ച് പ്രവർത്തിക്കുന്നവയുടെ കാര്യത്തിൽ 2022 ഒക്ടോബറിന് ശേഷം സ്വീകരിച്ച നടപടി അറിയിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും സർക്കാർ കൂടുതൽ സമയം തേടി. 2023ലെ കേരള ലാൻഡ് അസൈൻമെന്റ് ഭേദഗതി ആക്ടിന് ഗവർണറുടെ അനുമതി ലഭിച്ചത് 2024 ഏപ്രിൽ 24നാണെങ്കിലും എല്ലാ ലംഘനങ്ങൾക്കുമെതിരെ കലക്ടർമാർക്ക് നടപടിയെടുക്കാൻ അനുമതി നൽകുന്ന സർക്കുലർ 2022 ഒക്ടോബർ പത്തിന് ഇറക്കിയതായി കോടതി ചൂണ്ടിക്കാട്ടി. ഇതിനുശേഷം നടപടിയുണ്ടായിട്ടില്ല.
മുൻകാലങ്ങളിലെ ചിലതരം ലംഘനങ്ങൾ ക്രമീകരിക്കാൻ നിയമഭേദഗതി അധികാരം നൽകുന്നുവെങ്കിലും 2022 ഒക്ടോബർ പത്തു വരെയുള്ള ലംഘനങ്ങൾക്കാണ് ഇത് ബാധകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.