യാത്രക്കാരിൽ ആരോ ബസിൽ ബെല്ലടിച്ചു, വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ

തിരുവല്ല: യാത്രക്കാരിൽ ആരോ ബസിന്റെ മണിയടിച്ചതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പ്ലസ് വൺ വിദ്യാർഥിയുടെ മുഖത്തടിച്ചു. മർദനത്തിൽ കണ്ണിനു പരിക്കേറ്റ വിദ്യാർഥി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ല മതിൽഭാഗം അനന്തഭവനിൽ ഹർഷദ് ഹരിഹരനാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ എം.സി റോഡിലെ തുകലശ്ശേരിയിൽ ആയിരുന്നു സംഭവം. പന്തളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന പന്തളം ഡിപ്പോയിലെ കെ.എൽ 15 - 9293 ഓർഡിനറി ബസ്സിലെ കണ്ടക്ടർ മർദിച്ചതായാണ് പരാതി.

തിരുമൂലപുരത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഹരിഹരൻ സുഹൃത്തുക്കളുമൊത്ത് തിരുമൂലപുരത്തു നിന്നും ആണ് ബസ്സിൽ കയറിയത്. തുകലശ്ശേരി ഭാഗത്ത് എത്തിയപ്പോൾ യാത്രക്കാരൻ ആരോ ബസിന്റെ മണിയടിച്ചു. ഇതോടെ ബസിന്റെ കമ്പിയിൽ പിടിച്ചു നിൽക്കുകയായിരുന്ന തന്നെ കണ്ടക്ടർ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തെന്ന് ഹർഷദ് പറഞ്ഞു.

ബസിൽ നിന്നും തങ്ങളെ ഇറക്കി വിട്ടതായും വിദ്യാർഥികൾ പറഞ്ഞു. സംഭവം കണ്ട സമീപവാസികൾ ചേർന്ന് ബസ് തടഞ്ഞുനിർത്തി. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ ബസ് ഓടിച്ചു പോയി.

അതേസമയം യാത്രക്കിടെ മർദ്ദനമേറ്റൂവെന്ന് പറയുന്ന വിദ്യാർഥി മൂന്നുവട്ടം തുടർച്ചയായി മണിയടിച്ചതായും ഇതേ തുടർന്ന് മണിയുടെ ചരടിനോട് ചേർന്ന് കമ്പിയിൽ കൈപിടിച്ചിരുന്ന വിദ്യാർഥിയുടെ കൈയെ തട്ടി മാറ്റുക മാത്രമാണ് ചെയ്തതെന്ന് കണ്ടക്ടർ സുധീഷ് പറഞ്ഞു.

Tags:    
News Summary - One of the passengers rang the bus bell, the conductor slapped the student in the face

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.