തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പോരായ്മകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെ വേട്ടയാടാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്നും നടപടിയെടുത്താൽ നേരിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോക്ടറെ മോഷണക്കുറ്റത്തിൽ വരെ പെടുത്തിയത് എന്തും ചെയ്യാൻ മടിക്കാത്തവരാണ് അധികാരത്തിലുള്ളതെന്നാണ് വ്യക്തമാക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.
ഡോ. ഹാരിസിന് മേൽ കുറ്റങ്ങളെല്ലാം കെട്ടിയേൽപ്പിച്ച് അദ്ദേഹത്തെ നിശ്ശബ്ദനാക്കാനും മറ്റു ഡോക്ടർമാരുടെ വായ അടപ്പിക്കാനുമാണ് സർക്കാർ ശ്രമം. ആരോഗ്യ മന്ത്രിയുടെ വാക്കിന് ഒരുവിലയുമില്ലെന്നാണ് ഇപ്പോൾ ഡോക്ടർക്ക് നൽകിയ മെമ്മോയിലൂടെ വെളിപ്പെടുന്നത്. സർക്കാറിന്‍റെ നിലപാടില്ലായ്മയാണ് തെളിയുന്നത്.
പാവങ്ങൾക്ക് വേണ്ടി സത്യസന്ധമായി ജോലിചെയ്യുന്ന ഒരാളെ സർക്കാർ പീഡിപ്പിക്കുകയാണ്. സ്റ്റോറിൽ ഇരുന്ന സാധനം കാണാതായതിന് ഡോക്ടർ എങ്ങനെ ഉത്തരവാദിയാകും. ഹാരിസ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടിട്ടെന്നും വി.ഡി. സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.