തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ ആരോപണം തള്ളി ഡോ.ഹാരിസ് ചിറക്കൽ. വര്‍ഷാവർഷം ഓഡിറ്റ് നടക്കുന്നതാണെന്നും ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 20 ലക്ഷം വിലവരുന്ന ഓസിലോസ്കോപ് ഉൾപ്പെടെ ഉപകരണ ഭാഗങ്ങൾ കാണാനില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുകയാണെന്നുമാണ് നേരത്തേ ആരോഗ്യമന്ത്രി പറഞ്ഞത്.
എല്ലാവര്‍ഷവും ഓഡിറ്റ് നടക്കുന്നതാണ്. കഴിഞ്ഞവര്‍ഷവും ഓഡിറ്റ് നടന്നതാണ്. ഉപകരണങ്ങള്‍ എല്ലാം അവിടെയുണ്ട് ഒന്നും കാണാതായിട്ടില്ല. ഉപകരണഭാഗങ്ങളും കാണാതായിട്ടില്ല. - ഡോ. ഹാരിസ് പറഞ്ഞു.
ഓസിലോസ്‌കോപ്പിന് 20 ലക്ഷം രൂപയില്ല. 14 ലക്ഷം രൂപയുടേതാണത്. അതിനകത്ത് എല്ലാ ഉപകരണങ്ങളുമുണ്ട്. കലക്ടറുടെ ഓഫിസില്‍ അതിന്റെ ഫോട്ടോ കൊടുത്തതാണ്. ശശി തരൂര്‍ എം.പിയുടെ ഫണ്ടില്‍ നിന്നാണ് അത് വാങ്ങിയത്. കൂടുതൽ ഉപകരണങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധസമിതിക്ക് മുഴുവനും പരിശോധിക്കാന്‍ സമയം കിട്ടിക്കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമന്ത്രി എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. ഉപകരണങ്ങള്‍ ബോധപൂർവം കേടുവരുത്തിയെന്ന് വിദഗ്ധസമിതി പറയാനുള്ള ഒരു സാധ്യതയുമില്ലെന്നും എന്നാൽ എല്ലാ ഉപകരണങ്ങൾക്കും തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു. എം.പി ഫണ്ടിൽനിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി പറഞ്ഞത്.
‘ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയ ഹാരിസ് ചിറക്കലിനോട് വിശദീകരണം തേടി എന്നത് സ്വാഭാവിക നടപടിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായി എന്നുള്ള കണ്ടെത്തലുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമം മാത്രമാണ്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റുചില കാര്യങ്ങൾക്കൂടി കണ്ടെത്തിയിട്ടുണ്ട്. എം.പി ഫണ്ടിൽനിന്ന് വാങ്ങിയ ഉപകരണത്തിന്റെ ഒരു ഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തി. ഇതിന് മുമ്പ് ഇത് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അന്ന് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.