കൊച്ചി: നിർണായക മാറ്റങ്ങളോടെ വഖഫ് ബോർഡ് അംഗീകരിച്ച തലശ്ശേരി ആലി ഹാജി പള്ളിയുടെ പുതിയ ബൈലോ പുനഃപരിശോധിക്കണമെന്ന് ഹൈകോടതി. അധികാരപരിധിയും അംഗത്വ മാനദണ്ഡങ്ങളും സംബന്ധിച്ച വ്യവസ്ഥകളിൽ ഏറെ മാറ്റം വരുത്തി വഖഫ് ബോർഡ് 2019ൽ പുറപ്പെടുവിച്ച ബൈലോ നിയമപരമായി പുനഃപരിശോധിക്കാനാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
പള്ളിപരിപാലനത്തിന് ഭരണപദ്ധതി തയാറാക്കണമെന്നാവശ്യപ്പെട്ട് 2007ൽ നൽകിയ അപേക്ഷയിലാണ് 2019ൽ ബോർഡ് പുതിയ ബൈലോ പ്രഖ്യാപിച്ചത്. വഖഫ് ട്രൈബ്യൂണൽ 2022ൽ ഇത് ശരിവെക്കുകയും ചെയ്തു. മുൻകാലത്ത് അധികാരപരിധി ഉർദു ഭാഷ സംസാരിക്കുന്ന മുസ്ലിംകളിൽ ഒതുങ്ങിയിരുന്നെങ്കിലും പുതിയ ബൈലോയിൽ പഴയ തലശ്ശേരി മുനിസിപ്പാലിറ്റിയെ മുഴുവൻ ഉൾപ്പെടുത്തി.
അംഗത്വത്തിനുള്ള മാനദണ്ഡം കണ്ണൂർ ജില്ലയിൽ താമസിക്കുന്ന, ഹനഫി കർമശാസ്ത്രസരണി പിന്തുടരുന്ന ഉർദു സംസാരിക്കുന്ന ദഖ്നി -മേമൻ സമുദായാംഗങ്ങൾ എന്നതായിരുന്നെങ്കിൽ പുതിയ ബൈലോയിൽ ഇത് മുഴുവൻ ഒഴിവാക്കി. പുതിയ ബൈലോ പാരമ്പര്യ വ്യവസ്ഥകളെ അവഗണിക്കുന്നതാണെന്നും ശാഫിഈ കർമശാസ്ത്രം പിന്തുടരുന്നവർക്ക് മുൻഗണന നൽകുന്നതാണെന്നും ആരോപിച്ച് ഒരു വിഭാഗം ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു.
അതേസമയം, ബൈലോയിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാൽ കക്ഷികളെ കേട്ട് പുനഃപരിശോധനക്ക് തയാറാണെന്ന് വഖഫ് ബോർഡ് അറിയിച്ചു. ഹനഫി വിഭാഗക്കാരനായ അബ്ദുൽ സത്താർ നൂറുൽ സേട്ടാണ് പള്ളി വഖഫ് ചെയ്തതായി കാണുന്നതെന്ന് കോടതി പറഞ്ഞു. 1957ലും 1961ലും നിലവിലുണ്ടായിരുന്ന വഖഫ് ആധാരങ്ങൾ പ്രകാരം ഹനഫി വിഭാഗത്തിന് മുൻഗണ നൽകിയിരുന്നതായും വ്യക്തമാണ്. തുടർന്നാണ് ബൈലോ പുനഃപരിശോധിക്കാൻ കോടതി നിർദേശിച്ചത്. ഹരജിക്കാർക്കും ഭരണപദ്ധതിക്ക് വേണ്ടി നേരത്തെ അപേക്ഷ നൽകിയവർക്കും വഖഫ് ബോർഡിൽ പുതിയ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നിയമപരമായി പരിഗണിച്ച് വഖഫ് ബോർഡ് എത്രയും വേഗം തീരുമാനമെടുക്കണം.
ഹരജിക്കാർക്കും 2007ലെ അപേക്ഷകർക്കും വേണ്ടി അഭിഭാഷകരായ ടി.എച്ച്. അബ്ദുൽ അസീസ്, ടി.പി സാജിദ് എന്നിവരും വഖഫ് ബോർഡിന് വേണ്ടി ജംഷീദ് ഹാഫിസും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.