ഹേമന്ത് കുമാർ, കൃഷ്ണപ്രിയ, സെബിൻ എൽദോസ്
തൃശൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസും ഡാൻസാഫും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്നുപേർ പിടിയിലായി. ഒഡിഷ സ്വദേശി ഹേമന്ത് കുമാർ (24), ഇരിങ്ങാലക്കുട വരന്തരപ്പിള്ളി സ്വദേശിനി കൃഷ്ണപ്രിയ (23), കോതമംഗലം സ്വദേശി സെബിൻ എൽദോസ് (25) എന്നിവരാണ് അറസ്റ്റിലായത്. ഒന്നര കിലോഗ്രാം കഞ്ചാവും 40 ഗ്രാം എം.ഡി.എം.എയുമാണ് ഇവരിൽനിന്ന് പിടി കൂടിയത്.
തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം അസിസ്റ്റൻറ് എക്സൈസ് കമീഷണറുടെ മേൽനോട്ടത്തിൽ വാണിയംപാറക്ക് സമീപം നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഒഡിഷ സ്വദേശി ഹേമന്ത് കുമാറിനെ ഒന്നര കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തൃശൂർ എക്സൈസ് റേഞ്ച് ഓഫിസിൽ കേസ് രജിസ്റ്റർ ചെയ്തു.
ഇരിങ്ങാലക്കുട താലൂക്കിൽ വരന്തരപ്പള്ളി വില്ലേജിൽ ചെറിയമ്പാടത്ത് വീട്ടിൽ കൃഷ്ണപ്രിയ, കോതമംഗലം താലൂക്കിൽ പോളകുടിയിൽ വീട്ടിൽ സെബിൻ എൽദോസ് എന്നിവരെ 40 ഗ്രാം എം.ഡി.എം.എയുമായി പൊലീസ് ഡാൻസാഫ് സംഘമാണ് പിടികൂടിയത്.
തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് എസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തൃശൂർ എക്സൈസ് സർക്കിൾ സംഘം, എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ്, തൃശൂർ എക്സൈസ് റേഞ്ച് ഓഫിസ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, പൊലീസ് ഡാൻസാഫ് എന്നീ വിഭാഗങ്ങൾ പങ്കെടുത്തു.
അമ്പതിലധികം വാഹനങ്ങൾ പരിശോധിച്ചു. എക്സൈസ് ഇൻസ്പെക്ടർമാരായ അനൂപ് കുമാർ, കെ.കെ. സുധീർ, സുദർശനകുമാർ, എ.ബി. പ്രസാദ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ പി. രാമചന്ദ്രൻ, എൻ.ആർ. രാജു, വി.എം. ജബ്ബാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇർഷാദ്, അരുൺകുമാർ, അനൂപ് ദാസ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ദുർഗ, നിവ്യ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.