1)എട്ടേനാൽ-മൊതക്കര റോഡിന്റെ അരിക് കോൺക്രീറ്റ് ചെയ്യാത്തതിനാൽ കുഴിയായ നിലയിൽ. വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് മുന്നിലെ കാഴ്ച 2) നിരവധി വിദ്യാർഥികൾ നടന്നുപോകുന്ന എട്ടേനാൽ-മൊതക്കര റോഡിന്റെ വശം ഉയർന്നനിലയിൽ. വെള്ളമുണ്ട എ.യു.പി സ്കൂളിന് മുന്നിലെ കാഴ്ച 3)കാടുമൂടിയ അഞ്ചാംമൈൽ-ചേര്യംകൊല്ലി-പടിഞ്ഞാറത്തറ റോഡ്
വെള്ളമുണ്ട: റോഡുകളുടെ നിർമാണഘട്ടത്തിൽ പരിശോധന നടത്താനും അറ്റകുറ്റപ്പണി നടത്താനുമൊക്കെ ചട്ടപ്രകാരം നിരവധി ഉത്തരവാദിത്തപ്പെട്ടവരുണ്ട്. പക്ഷേ അവരൊന്നും ഉത്തരവാദിത്തം നിറവേറ്റാത്തതിനാൽ അഴിമതിയുടെ കൂത്തരങ്ങായി മാറുകയാണ് ജില്ലയിലെ ഗ്രാമീണ, സംസ്ഥാന റോഡുകൾ. കോടിക്കണക്കിന് രൂപ ചെലവഴിച്ച് പുതുതായി നിർമിച്ച റോഡുകളിൽ ബഹുഭൂരിപക്ഷവും ചട്ട പ്രകാരമല്ല നിർമിച്ചതെന്ന പരാതിയും വ്യാപകമാണ്.
പല റോഡുകളിലും വീതി കൂട്ടി ടാറിങ് നടത്തി ബാക്കി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാതെ ഫണ്ടുകൾ തിരിമറി നടത്തുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ടാറിങ് കഴിഞ്ഞ് റോഡിന്റെ ഇരുവശത്തും കോൺക്രീറ്റ് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ, പല റോഡുകളിലും ഈ പ്രവൃത്തി പ്രഹസനമാണ്. ചില ഭാഗങ്ങളിൽ മാത്രം പേരിന് കോൺക്രീറ്റ് ചെയ്ത് ബാക്കി ഭാഗം ഒഴിവാക്കുന്നതിനാൽ റോഡിന്റെ ഇരുവശത്തും നടപ്പാതയില്ലാതെ കാൽനട യാത്രക്കാർ ദുരിതത്തിലാണ്. ഇത്തരം റോഡുകളിൽ എതിരെ വാഹനങ്ങൾ വരുമ്പോൾ റോഡിൽനിന്ന് മാറി വശത്തേക്ക് ഒതുങ്ങിനിൽക്കാൻപോലും കഴിയുന്നില്ല. കോൺക്രീറ്റ് ചെയ്യാത്തതിനാൽ പലയിടങ്ങളിലും റോഡ് കാടുകയറി അപകടക്കെണിയൊരുക്കുന്നുമുണ്ട്.
നാഷനൽ ഹൈവേ പദ്ധതിയിലുൾപ്പെടുത്തി കോടികൾ മുടക്കി നിർമിച്ച അഞ്ചാംമൈൽ-ചേര്യംകൊല്ലി-പടിഞ്ഞാറത്തറ റോഡ് കാടുമൂടി അപകടാവസ്ഥയിലാണ്. ഇരുവശത്തും നടപ്പാതയോ കോൺക്രീറ്റോ ഇല്ലാത്തതിനാൽ കാൽനട യാത്രക്കാർ റോഡിലൂടെയാണ് നടക്കുന്നത്. കോടികൾ മുടക്കിയിട്ടും നിർമാണം ചട്ടപ്രകാരം നടന്നിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടും നടപടിയില്ല.
കോടികൾ മുടക്കി നിർമിക്കുന്ന എട്ടേനാൽ-മൊതക്കര റോഡിന്റെ അരികും വ്യത്യസ്തമല്ല. ടാറിങ് പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും എട്ടേനാൽ ടൗണിനരികിൽ റോഡരികിൽ കോൺക്രീറ്റ് ചെയ്തിട്ടില്ല. ടാറിങ്ങിനുശേഷം റോഡ് പൊങ്ങിയതിനാൽ നടപ്പാതയും നഷ്ടപ്പെട്ടു. സ്കൂളുകൾക്കു മുന്നിലെ കുഴി ഉടൻ കോൺക്രീറ്റ് ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കരാറുകാർക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിക്കുന്നത്. സ്കൂളിലേക്ക് വിദ്യാർഥികൾ നടന്നുപോകുന്ന റോഡരികുകൾ നഷ്ടപ്പെട്ടതോടെ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണ്. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾക്ക് സൈഡൊതുങ്ങാനാവാതെ അപകടത്തിൽപെടാനും സാധ്യതയുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും കീഴിലുള്ള നൂറുകണക്കിന് റോഡുകളാണ് അരികുകൾ കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്നത്. പുതുതായി അനുവദിച്ച ഗ്രാമീണ സംസ്ഥാന റോഡുകളുടെ നിർമാണ പ്രവൃത്തികളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പല ഭാഗങ്ങളിലെയും കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.