വെള്ളമുണ്ട: ഭരണപക്ഷ സർവിസ് സംഘടനയിലെ ചിലരുടെ ഇടപെടലിൽ ജില്ലയിലെ കായിക മേഖല തളരുന്നു. ബി.ആർ.സി വഴി നിയമിക്കുന്ന കായികാധ്യാപകരെ കഴിവുകൾ പരിഗണിക്കാതെ തട്ടിക്കളിക്കുന്നതാണ് തിരിച്ചടിയാവുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ജില്ലക്ക് മെഡൽ ലഭിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കിയ ചില അധ്യാപകരെ നല്ല ഗ്രൗണ്ട് പോലുമില്ലാത്ത വിദ്യാലയങ്ങളിലേക്ക് സ്ഥലംമാറ്റിയിരുന്നു.
കഴിവുള്ള അധ്യാപകരെ പരിശീലനത്തിന് സൗകര്യമില്ലാത്ത വിദ്യാലയങ്ങളിലേക്ക് മാറ്റിയത് വിവാദമായതോടെ തീരുമാനം തിരുത്തി. വിദ്യാലയം തുറന്ന് രണ്ട് മാസം അനിശ്ചിതത്വത്തിലാക്കിയ തീരുമാനം കഴിവുള്ള വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിന് തടസ്സമായി. ഓണം കഴിയുന്നതോടെ കായിക മത്സരങ്ങൾ തുടങ്ങും. അപ്പോഴേക്കും വിദ്യാർഥികളെ പരിശീലിപ്പിക്കാൻ കഴിയാത്ത അവസ്ഥയുമായി. താൽക്കാലിക ജീവനക്കാർ ഫലം ഉണ്ടാക്കുന്നതിലെ പോരാണ് അനധികൃത സ്ഥലംമാറ്റങ്ങൾക്ക് കാരണമായതെന്നും ആക്ഷേപമുണ്ട്.
കലാമേളകളിൽ ലഭിക്കുന്ന പരിഗണനയും ചേർത്തുനിർത്തലും കായികമേഖലക്ക് ലഭിക്കുന്നില്ല. കഷ്ടപ്പെട്ട് വിജയം കൊണ്ട് വരുമ്പോൾ പി.ടി. അധ്യാപകനെ പരിഗണിക്കാത്ത ഇടങ്ങളിൽ എങ്ങനെയാണ് കായിക മേഖല വളരുക എന്ന ചോദ്യമാണ് കായികാധ്യാപകർ ഉയർത്തുന്നത്.
നല്ല കഴിവുള്ള കായികാധ്യാപകർ ജില്ലയിലുണ്ടെങ്കിലും മത്സരങ്ങളിൽ വീറും വാശിയും തണുത്തുപോകുന്നത് കൂടെനിൽക്കാൻ ആരുമില്ല എന്ന അവസ്ഥ കൊണ്ട് കൂടിയാണ്. ആവശ്യത്തിന് ഉപകരണങ്ങളോ സംവിധാനങ്ങളോ ഒന്നും നൽകാതെയാണ് വിദ്യാലയങ്ങളിൽ കായികപരിശീലനം നടക്കുന്നത്. പല വിദ്യാലയങ്ങളിലും 100 മീറ്റർ ഗ്രൗണ്ട് പോലും നിലവിലില്ല.
ഓരോ പഞ്ചായത്തും കായിക ഇനങ്ങൾക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും പല സ്കൂളുകളിലും സ്പോർട്സിന് പരിശീലനം നൽകുന്നില്ല. കായികാധ്യാപകരും പരിമിതമാണ്. കൂടാതെ പ്രധാനാധ്യാപകർക്ക് സ്പോർട്സിൽ താൽപര്യമില്ലെങ്കിൽ സ്കൂളിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള അവസരം കിട്ടാറില്ലെന്നും പരാതിയുണ്ട്.
ജില്ലയിൽ 72ഓളം ഹൈസ്കൂളുകളുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന വിദ്യാലയങ്ങൾ മാത്രമാണ് കായികമികവ് കാണിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങൾ പോലും സംസ്ഥാന തലങ്ങളിൽ മികവ് കാണിക്കുന്നില്ല. കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമെങ്കിലും വേണം കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള കായിക ക്ഷമത ഉണ്ടാകാൻ. എന്നാൽ ഇവിടത്തെ കുട്ടികൾക്ക് സ്കൂൾ കായികമേള തുടങ്ങുമ്പോഴാണ് പരിശീലനം ലഭിക്കുന്നത്. ജിംനേഷ്യം, മറ്റുപരിശീലന സൗകര്യങ്ങൾ, മികച്ച ഗ്രൗണ്ട് എന്നിവ അന്യമാകുന്നത് കുട്ടികളുടെ കായികക്ഷമത കുറക്കുന്നു.
ജില്ലയിലെ കുട്ടികളിൽ പലരും മറ്റു ജില്ലകളിലെ സ്പോർട്സ് സ്കൂളുകളിൽ പോകുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കഴിവുള്ള കുട്ടികളെ മുന്നിൽ കിട്ടിയിട്ടും വളർത്താൻ കഴിയാത്തതിനു പിന്നിൽ ചിലരുടെ നിസ്സഹകരണത്തിനും ഫണ്ടില്ലായ്മക്കും വലിയ പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.