കൊച്ചി: ‘നിങ്ങൾ ചരിത്രത്തോടുള്ള കടമ നിറവേറ്റണം...’ സ്വന്തം കൈപ്പടയിലെഴുതിയ എം.കെ. സാനുവിന്റെ കത്ത് വോട്ടർമാർ ഹൃദയത്തിലാണ് സ്വീകരിച്ചത്. അലംഭാവം അപരാധമായി തീരുമെന്ന മുന്നറിയിപ്പ് അദ്ദേഹത്തിന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായത് സാനു മാഷിലൂടെയാണ്. അന്നോളം ഇടതുപക്ഷത്തിന് കഠിനമായിരുന്ന എറണാകുളം മണ്ഡലത്തിൽ സാനു മാഷ് അട്ടിമറി ജയം നേടി. കോൺഗ്രസിലെ കരുത്തനായ എ.എൽ. ജേക്കബായിരുന്നു എതിരാളി.
‘അലംഭാവം അപരാധമായിത്തീരുന്ന ഇന്നത്തെ സാഹചര്യത്തിൽ ചരിത്രത്തോടുള്ള കടമ നിറവേറ്റാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം, മൂല്യാധിഷ്ടിതവും ആദർശാത്മകവുമായ രാഷ്ട്രീയ പ്രവർത്തനത്തിന് കളമൊരുക്കാൻ നിങ്ങളുടെ സഹായത്തിന് കഴിയും, ധാർമികബോധത്താൽ പ്രേരിതമായ ഈ സംരംഭത്തിൽ എനിക്ക് ശക്തിപകരേണ്ടത് നിങ്ങളാണ്... തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം കൈപ്പടയിൽ ഈ വാക്കുകൾ നിറഞ്ഞ നിരവധി കത്തുകളാണ് അദ്ദേഹം തയാറാക്കിയത്. അതിൽ തന്റെ ചിഹ്നമായ മയിലിന്റെ ചിത്രവും വരച്ചുചേർത്തു.
ചരിത്ര ജയം സമ്മാനിച്ചാണ് ജനം കത്തിന് മറുപടി നൽകിയത്. മഹാരാജാസ് കോളജിൽ നിന്ന് വിരമിച്ച ശേഷമാണ് ഇടതു സ്വതന്ത്രനായി അദ്ദേഹം തെരഞ്ഞെടുപ്പ് നേരിട്ടത്. 42,904 വോട്ട് എം.കെ. സാനു നേടിയപ്പോൾ എ.എൽ. ജേക്കബിന് 32,872 വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. കോൺഗ്രസ് വിമതനായി മത്സരിച്ച എവറസ്റ്റ് ചമ്മിണി 19448 വോട്ട് നേടിയത് തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമായി. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നുവെന്നത് വിജയത്തിന്റെ മാറ്റ് നൂറിരട്ടി വർധിപ്പിക്കുന്നതായിരുന്നു. ഇ.എം.എസിന്റെ നിർബന്ധമാണ് സാനു മാഷിനെ മത്സരിക്കാൻ പ്രേരിപ്പിച്ചത്. തോപ്പിൽ ഭാസിയും മലയാറ്റൂർ രാമകൃഷ്ണനുമൊക്കെ പ്രചാരണത്തിനെത്തി.
മഹാരാജാസിന്റെ പ്രിയ അധ്യാപകൻ നിയമസഭയുടെ പടി ചവിട്ടുമ്പോൾ ആദ്യമായി എറണാകുളം മണ്ഡലത്തിൽനിന്ന് ജയിച്ച കോൺഗ്രസ് ഇതര സ്ഥാനാർഥിയായി മാറുകയായിരുന്നു. കാലമേറെ പിന്നിടുമ്പോഴും പഴക്കം ചെന്ന കടലാസിലെ വരികൾ മുഷിയാത്ത ഓർമകളായി തന്നിലുണ്ടെന്ന് അദ്ദേഹം പിൽക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്.
ശിഷ്യസമ്പത്തും എറണാകുളത്തെ വ്യക്തിബന്ധങ്ങളും വിജയത്തിന് തുണയേകിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരിക്കലും പ്രവേശിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷം വിചാരിച്ചിരുന്ന സ്ഥലത്ത് മാഷ് ഒറ്റക്ക് കയറി ചെല്ലുകയായിരുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന തത്വം വിശദീകരിച്ച് ഒരു ദിവസം 25 പ്രസംഗം വരെ നടത്തിയ ഓർമകൾ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.