സി. കൃഷ്ണകുമാർ
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതി. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പാലക്കാട്ടുകാരിയായയുവതി പരാതി നല്‍കി. വർഷങ്ങൾക്ക് മുൻപ് കൃഷ്ണകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പ് ബി.ജെ.പി നേതാക്കളോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്ന് കൃഷ്ണകുമാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി ഇ-മെയിലിൽ പരാതി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്.
അതേസമയം, ഇത് തനിക്കെതിരെ കുറച്ചുനാള്‍ മുമ്പ് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്ന പരാതിയാണെന്ന് സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു. ബി.ജെ.പി നേതാവിനെതിരായ പീഡന പരാതി ഉടനെ പുറത്തുവരുമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഇനി പരസ്യ പ്രതികരണങ്ങൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പുതിയ വെളിപ്പെടുത്തലുകളോ മറ്റോ ഉണ്ടായാൽ മാത്രം നേതൃത്വം പ്രതികരിക്കും. വിവാദങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ രാഹുലിന് സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുന്ന നേതൃത്വം അക്കാര്യത്തിലും അകലം പാലിക്കുകയാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുലിന്റെ മാത്രം ബാധ്യതയാണെന്ന നിലപാടിലാണ് പാർട്ടി.
പാലക്കാട്ടെ ബി.ജെ.പിയെ നിയന്ത്രിക്കുന്നത് കൃഷ്ണകുമാറായിരുന്നു. ഏറെ എതിര്‍പ്പുണ്ടായിട്ടും ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി. പക്ഷേ ജയിക്കാനായില്ല. വേടനെതിരെ ഭാര്യ നല്‍കിയ പരാതിയും ഏറെ വിമര്‍ശിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകളും പുറത്തേക്ക് വരുന്നത്. ബി.ജെ.പിയുടെ ഭാരവാഹിത്വത്തില്‍നിന്നും കൃഷ്ണകുമാറിനെ മാറ്റിയിരുന്നു. എന്നാല്‍ കോര്‍ കമ്മറ്റിയില്‍ രാജീവ് ചന്ദ്രശേഖര്‍ പരിഗണന നല്‍കുകയും ചെയ്തു. വി. മുരളീധരന്റേയും കെ. സുരേന്ദ്രന്റേയും വിശ്വസ്ത ഗണത്തില്‍ പെട്ട നേതാവായിരുന്നു കൃഷ്ണകുമാര്‍. ഭാര്യയും പാലക്കാട്ടെ ബി.ജെ.പി നേതാവാണ്. കൗണ്‍സിലറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.