ഒന്നരമാസത്തിനിടെ തട്ടിയെടുത്തത് 86 ലക്ഷം രൂപ! ആദ്യം ചെറിയ തുക ലാഭവിഹിതം നൽകി കെണിയൊരുക്കി, ഷെയർ ട്രേഡിങ് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ

കോട്ടയം: ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൂടി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ഇലക്കാട് സ്വദേശിയായ യുവാവിന്റെ 86 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. എറണാകുളം ചിറ്റൂർ മൂലമ്പള്ളി ഭാഗത്ത് മാളിയേക്കൽ വീട്ടിൽ ജെവിൻ ജേക്കബി(33)നെയാണ് പിടികൂടിയത്. എറണാകുളം വൈപ്പിൻ എളങ്കുന്നപ്പുഴ പനയ്ക്കപ്പാടം ഭാഗത്ത് നിന്നാണ് പ്രതിയെ കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

2025 ജൂൺ 10മുതൽ ജൂലൈ 25 വരെ പല തവണകളായാണ് ഇയാൾ 86 ലക്ഷം രൂപ തട്ടിയെടുത്തത്. ഓൺലൈൻ ട്രേഡിങ് ബിസിനസിലൂടെ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ പ്രതി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെറിയ ലാഭം തിരിച്ചു നൽകുകയും ചെയ്തു. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചു.

നിക്ഷേപിച്ച തുകയുടെ ലാഭ വിഹിതം ഇവരുടെ തന്നെ ഓൺലൈൻ വെർച്ച്വൽ അക്കൗണ്ടിൽ കാണിച്ചായിരുന്നു തട്ടിപ്പ്. തുക പിൻവലിക്കാൻ 14 മുതൽ 21 ദിവസം വരെ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ സംശയം തോന്നിയ യുവാവ് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തട്ടിപ്പുകള്‍ നടത്തി വന്ന പ്രതിയെ 10 ദിവസമായി വിവിധ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് കോട്ടയം സൈബർ സെൽ നിരീക്ഷിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എസ്. അനില്‍കുമാർ, കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹണി കെ. ദാസ്, എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐമാരായ ഷൈൻകുമാർ കെ.സി, തോമസ് ടി.വി., സി.പി.ഒ രാഹുൽ എന്നിവരടങ്ങുന്ന സൈബർ ടീമാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പല സംസ്ഥാനങ്ങളിലായി സമാനമായ എട്ടുകേസുകള്‍ നിലവിലുണ്ട്. ആദ്യമായാണ് പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - share trading fraud arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.