തിരുവനന്തപുരം: പുനരുപയോഗം സാധ്യമല്ലാത്ത അജൈവ മാലിന്യം പൊടിച്ച് ആർ.ഡി.എഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ) രൂപത്തിലാക്കി സിമന്റ് കമ്പനികൾക്ക് നൽകി വരുമാനം ഉണ്ടാക്കുന്ന ആറ് പ്ലാന്റുകൾ സംസ്ഥാനത്ത് വരുന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് പ്ലാന്റുകൾ സ്ഥാപിക്കുകയെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ മേഖലയെ കൂടി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത്തരത്തിൽ സംസ്ഥാനമൊട്ടാകെ പ്രതിദിനം 720 ടൺ ആർ.ഡി.എഫ് ഉൽപാദിപ്പിക്കുന്നതിനുള്ള പ്ലാന്റുകളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ശുചിമുറി മാലിന്യം സംസ്കരിക്കുന്നതിനും സാനിറ്ററി പ്ലാന്റുകൾ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ സാനിട്ടറി മാലിന്യ സംസ്കരണത്തിനുള്ള ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററുകള്‍ നിലവിലുണ്ട്. പാലക്കാട് നഗരസഭ, തൃശൂര്‍ കോർപറേഷന്, എളവള്ളി ഗ്രാമപഞ്ചായത്ത്, വര്‍ക്കല മുനിസിപ്പാലിറ്റി, കൊച്ചി കോർപറേഷൻ, കൊരട്ടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലാണ് പ്ലാന്റ് സ്ഥാപിക്കുക.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ പുതുമയുള്ളതും നേതൃപരവുമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ് ആവിഷ്കരിക്കും. പ്ലസ്ടു വരെയുള്ള വിദ്യാർഥികളാണ് പരിധിയിൽ വരുക. 1500 രൂപ വീതം 50,000 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുക..
ബിവറേജസ് കോർപറേഷൻ വഴിയുള്ള മദ്യക്കുപ്പികള്‍ തിരികെ നൽകിയാൽ 20 രൂപ കിട്ടും. മദ്യം വാങ്ങുമ്പോൾ ആ തുകക്കൊപ്പം ഡെപ്പോസിറ്റായി 20 രൂപ അധികം വാങ്ങും. ഈ കുപ്പികള്‍ ഔട്ട് ലെറ്റില്‍ നൽകിയാൽ ഡെപ്പോസിറ്റ് തുക തിരികെ നൽകുന്നതാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.