തിരുവനന്തപുരം: ഉദയകുമാർ എങ്ങനെ മരിച്ചു, ആര് കൊന്നു, തുടയിലെ രക്തധമനികൾ എങ്ങനെ ചതഞ്ഞുപൊട്ടി, ശരീരത്തിൽ 22 മുറിവുകൾ എങ്ങനെയുണ്ടായി...ഉരുട്ടിക്കൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട ഹൈകോടതി വിധിക്ക് പിന്നാലെ ബാക്കിയാകുന്നത് നിരവധി ചോദ്യങ്ങളാണ്. കോടതി വിധിക്ക് പിന്നാലെ ‘പിന്നെ എന്റെ മോനെ കൊന്നത് ഞാനാണോ’ എന്ന ഉദയകുമാറിന്റെ മാതാവ് പ്രഭാവതിയമ്മയുടെ വാക്കുകൾ വിരൽ ചൂണ്ടുന്നതും ആ ചോദ്യങ്ങളിലേക്കാണ്.
കേസിൽ രണ്ടുപതിറ്റാണ്ടായി തുടരുന്ന നിയമപോരാട്ടം ഇനിയും തുടരാനാണ് 72കാരിയായ പ്രഭാവതിയമ്മയുടെ തീരുമാനം. കോടതി ഉത്തരവിന്റെ പകർപ്പ് വെള്ളിയാഴ്ച ലഭിച്ചശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്ന് 20 വർഷമായി ആ അമ്മക്ക് സഹായമായി നിൽക്കുന്ന സി.പി.ഐ നേതാവും തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയറുമായ പി.കെ. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു.
22 ഗുരുതര പരിക്കുകൾ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. 2005 സെപ്റ്റംബർ 30ന് പുറത്തുവന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഉരുട്ടിക്കൊലയുടെ തീവ്രത വ്യക്തമായി പറഞ്ഞിട്ടുണ്ട്. സർക്കാറും സി.ബി.ഐയും അപ്പീൽ നൽകേണ്ടതാണ്. അവർ പോയില്ലെങ്കിലും പ്രഭാവതിയമ്മ പോകും. സൗജന്യ നിയമസഹായം ഉൾപ്പെടെ വാഗ്ധാനം ചെയ്ത് നിരവധി അഭിഭാഷകർ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ നടപടിക്രമങ്ങളിലും സി.ബി.ഐക്ക് പിഴച്ചെന്നാണ് ബുധനാഴ്ചത്തെ വിധിയിൽ ഹൈക്കോടതി കുറ്റപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ശിക്ഷിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പോഴും ഉദയകുമാർ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ പിന്നിലാരെന്ന ചോദ്യം അവശേഷിക്കുന്നു.
2005 സെപ്റ്റംബർ 27ന് ഉച്ചക്ക് ഒന്നരയോടെയാണ് ഉദയകുമാറിനെ ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് മോഷണക്കുറ്റം ആരോപിച്ച് പിടികൂടി ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് മൂന്നാംമുറ പ്രയോഗിച്ച് കൊലപ്പെടുത്തിയത്. പ്രതികളും സാക്ഷികളുമെല്ലാം പൊലീസുകാർ ആയതിനാൽ ആദ്യമേ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു. കൂറുമാറലും പ്രതികൾക്ക് പകരം ഡമ്മി പൊലീസുകാരെ മുഖംമറച്ച് എത്തിച്ചതുമെല്ലാം അതിന്റെ ഭാഗമായിരുന്നു. 13 വർഷത്തെ നിയമപോരാട്ടത്തിനോടുവിലാണ് 2018 ജൂലൈ 25ന് രണ്ട് പ്രതികൾക്ക് വധശിക്ഷയുൾപ്പെടെ സി.ബി.ഐ കോടതി വിധിച്ചത്. ആ വിധിയാണ് ബുധനാഴ്ച ഹൈകോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.