വണ്ടിപ്പെരിയാർ: അന്തരിച്ച പീരുമേട് എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമന്‍റെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. വൈകീട്ട് നാലിന് വാളാർഡിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫിസായ എം.എൻ. സ്മാരകത്തിലെ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വാളാർഡിയിലെ വീട്ടിൽ ഭൗതികശരീരം എത്തിച്ചു. ഇവിടെ പാർട്ടി, മുന്നണി നേതാക്കളും തോട്ടം തൊഴിലാളികളും പ്രദേശവാസികളും അന്തിമോപചാരം അർപ്പിക്കുകയാണ്.
രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം നടക്കും. മൃതദേഹം വൈകീട്ട് നാലിന് പാമ്പനാർ വാളാർഡിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. എം.എൻ. സ്മാരകത്തിൽ നടന്ന പൊതുദർശനത്തിൽ ഭൗതികശരീരത്തിൽ മന്ത്രിമാരും നേതാക്കളുമടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചിരുന്നു.
ഇന്നലെ തിരുവനന്തപുരം പി.ടി.പി നഗറിൽ നടന്ന റവന്യൂ അസംബ്ലിയിൽ ഇടുക്കിയുടെ വിവിധ പ്രശ്നങ്ങൾ അവതരിപ്പിച്ച വാഴൂർ സോമൻ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
നിയമസഭക്കകത്തും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ എന്നും മുന്നിൽ നിന്ന നേതാവാണ് വാഴൂർ സോമൻ. 1,835 വോട്ടിന് യു.ഡി.എഫ് സ്ഥാനാഥി അഡ്വ. സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് പീരുമേട് എം.എൽ.എയായത്. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം ഇടുക്കിയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടി.
ഇടുക്കി ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ, കേരള സ്റ്റേറ്റ് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, പ്ലാന്റേഷൻ ലേബർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റും ദേശീയ പ്രവർത്തക സമിതി അംഗവും പീരുമേട് ഹൈറേഞ്ച് എംപ്ലോയീസ് ലേബർ യൂനിയൻ (എച്ച്.ഇ.എൽ) പ്രസിഡന്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.