കോഴിക്കോട്: യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്നും ഒഴിവാക്കപ്പട്ട വിവാദങ്ങളോട് പ്രതികരിച്ച് കെ.എം.അഭിജിത്ത്. സ്ഥാനമുള്ളവരും ഇല്ലാത്തവരുമായ അനേകായിരങ്ങളുടെ അഭയവും ആശ്വാസവുമാണ് കോൺഗ്രസ് പ്രസ്ഥാനമെന്നും ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ പൊതുസമൂഹത്തിന് മുന്നില്‍ ഈ പ്രസ്ഥാനത്തിന് നമ്മള്‍ കാരണം ഒരു പോറലും ഉണ്ടാവരുതെന്നും അഭിജിത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടി സാറുള്‍പ്പെടെ പകര്‍ന്നുതന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അത് പാലിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.
അഭിജിത്തിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എം.കെ രാഘവന്റെ നേതൃത്വത്തിൽ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠൻ എന്നീ എംപിമാർ കെ.സി വേണുഗോപാലിനെ നേരിൽ കണ്ട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് വിശദീകരിക്കാൻ വേണുഗോപാൽ തയാറായിട്ടില്ല.
കെ.എം.അഭിജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
"പ്രിയരേ, ദീപശിഖാങ്കിത നീലപതാകയോടൊത്തുള്ള എന്റെ യാത്ര ആരംഭിക്കുന്നത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ്.
കോഴിക്കോട് ഗവണ്മെന്റ് മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാകുന്നതോടെ മുഴുവന്‍ സമയ കെ.എസ്.യു പ്രവര്‍ത്തകനായി ഞാന്‍ മാറിയിരുന്നു. ആര്‍ട്‌സിലെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി എന്നെ വിജയിപ്പിക്കാന്‍ പ്രസ്ഥാനവും സഹപാഠികളും തീരുമാനിച്ചത് പൊതുജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു.
അവിടെ നിന്ന് തുടങ്ങുന്നു, പ്രസ്ഥാനത്തിന്റെ കൈപിടിച്ചുള്ള യാത്ര. എവിടെ എത്തുമെന്ന് ചിന്തിച്ചുള്ള യാത്രയായിരുന്നില്ല അത്. മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായ് മാറിയപ്പോള്‍ മുന്നില്‍ തുറിച്ചുനോക്കിയ പ്രതിസന്ധികള്‍ അനേകമാണ്; അവ മറികടക്കാന്‍ കരുത്തായ് മാറിയത് സഹോദരങ്ങളായ സഹപ്രവര്‍ത്തകരുടെ സ്‌നേഹവും കെ.എസ്.യു എന്ന വികരവുമായിരുന്നു. ഒരു സാധാരണ കോഴിക്കോട്ടുകാരനായ എന്നെ കാലിക്കറ്റ് സര്‍വകലാശാലയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിച്ചത് അപ്രതീക്ഷിതമായിരുന്നു; പിന്നീട് കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും 2017ലെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഉമ്മന്‍ ചാണ്ടി സാറിന്റെ ആശീര്‍വാദത്തോടെ ഇരുപത്തിരണ്ടാം വയസ്സില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായ് വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു.
സംസ്ഥാന പ്രസിഡന്റിന്റെ ചുമതലയുമായ് കേരളത്തിലുടനീളം സഞ്ചരിച്ചപ്പോള്‍, സമരമുഖങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്നു നിന്നപ്പോള്‍, വ്യത്യസ്ത മനുഷ്യരുമായ് ഇടപഴകിയപ്പോള്‍ നിവര്‍ന്നു നില്‍ക്കാനുള്ള ഊര്‍ജ്ജമായ് ഉള്ളില്‍ നിറഞ്ഞത് ഈ പ്രസ്ഥാനത്തെ നയിച്ച മഹാരഥരുടെ ഓര്‍മ്മകളാണ്; ഒപ്പം വിശ്വസിച്ച് കൂടെ നില്‍ക്കുന്ന അനേകായിരം സഹപ്രവര്‍ത്തകരുടെ സ്‌നേഹമാണ്. അവരോട് നീതി പുലര്‍ത്തുക എന്നതാണ് സംഘടനാ പ്രവര്‍ത്തനത്തിന്റെ ബാലപാഠമെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു.
കെ.എസ്.യുവിന്റെ ഉത്തരവാദിത്തം പുതിയ ഭാരവാഹികള്‍ക്ക് കൈമാറിയപ്പോള്‍ ഏഴു മാസകാലത്തോളം എന്‍.എസ്.യു.ഐയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായാണ് നിയോഗിക്കപ്പെട്ടത്. ഈ പ്രസ്ഥാനം നല്‍കിയ അവസരങ്ങളാണ് എന്നെ ഞാനാക്കി മാറ്റിയത്. ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി അംഗമായി എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കാനും കെ.പി.സി.സി അംഗമായി പ്രവര്‍ത്തനം വിപുലീകരിക്കാനും 2021ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് പോലൊരു മണ്ഡലത്തില്‍ മത്സരിക്കാനുമുള്ള അവസരം തന്നതുമെല്ലാം കോണ്‍ഗ്രസ്സ് പ്രസ്ഥാനമാണ്; പ്രസ്ഥാനം എന്നില്‍ അര്‍പ്പിച്ച വിശ്വാസം എന്റെ ജീവശ്വാസം കൂടിയാണ്.
വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും സ്ഥാനങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന തിരിച്ചറിവ് ഉമ്മന്‍ചാണ്ടി സാറുള്‍പ്പെടെ പകര്‍ന്നുതന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അത് പാലിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ജീവിതാവസാനം വരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി മുന്നോട്ട് പോവാനുള്ള ജീവിതാനുഭവ പാഠങ്ങള്‍ സമ്മാനിച്ചാണ് പ്രിയപ്പെട്ട നേതാക്കള്‍ ഉമ്മന്‍ചാണ്ടി സാറും,പി.ടിയുമൊക്കെ കടന്നുപോയത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രഖ്യാപിക്കപ്പെട്ട ലിസ്റ്റില്‍ എന്റെ പേര് ഒഴിവാക്കപ്പെട്ടെന്ന വാര്‍ത്ത വന്നു; അതുമായ് ബന്ധപ്പെട്ട് എന്റെ സഹോദരങ്ങളും,സഹപ്രവര്‍ത്തകരും,നേതാക്കളും, എന്നെ സ്‌നേഹിക്കുന്നവരും,ഞാനുമായി ബന്ധമുള്ളവരും,ഇതുവരെ പരിചയപ്പെടാത്തവരുമായി ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയ ഇടങ്ങളിലും മറ്റും പ്രതികരിക്കുന്നത് കണ്ടു. വ്യക്തിപരമായ് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ക്കും പിന്തുണക്കും സ്‌നേഹത്തിനുമെല്ലാം നന്ദിയോടെ കടപ്പെട്ടിരിക്കുന്നു. പക്ഷേ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഈ സമയത്ത് സംഘടനയ്ക്ക് ഗുണകരമല്ല; വര്‍ഗ, വര്‍ഗീയ ഫാസിസത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ശക്തിപ്പെടേണ്ടത് അനിവാര്യതയായി മാറുന്ന കാലഘട്ടത്തില്‍ നമ്മുടെ ഉത്തരവാദിത്തം എന്തെന്ന് സ്പഷ്ടമാണ്; ലക്ഷ്യം ഏതെന്ന് വ്യക്തമാണ്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗത്തില്‍ പദവികളും പകിട്ടുകളും ഒരു ഘടകമേയല്ല.
നമ്മുടെ ദൃഢ ബന്ധവും,പ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയും,ഇടപെടലിലെ സുതാര്യതയും എന്നുമുണ്ടാവണം. അതു മാത്രമാണ് ആഗ്രഹവും പ്രാര്‍ത്ഥനയും.
നമുക്ക് ഒരുമിച്ചു ഒറ്റക്കെട്ടായി മുന്നോട്ടു പോകാനുള്ള അവസരമാണിത്. അഭിപ്രായങ്ങളെല്ലാം സംഘടനാ ചട്ടക്കൂടിനുള്ളില്‍ പ്രകടിപ്പിക്കാം; ഒരു നോക്കുകൊണ്ടോ, വാക്കുകൊണ്ടോ പൊതുസമൂഹത്തിന് മുന്നില്‍ ഈ പ്രസ്ഥാനത്തിന് നമ്മള്‍ കാരണം ഒരു പോറലും ഉണ്ടാവരുത് എന്ന് പ്രിയപ്പെട്ട എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍മ്മിപ്പിക്കട്ടെ. ഈ പ്രസ്ഥാനം നമ്മുടെ മാത്രമല്ല, സ്ഥാനമുള്ളവരും ഇല്ലാത്തവരുമായ അനേകായിരങ്ങളുടെ അഭയവും ആശ്വാസവുമാണ്, അത്താണിയാണ്. ജനങ്ങളുടെ പ്രതീക്ഷയാണ്. ആ വികാരം എല്ലാവരും ഉള്‍ക്കൊള്ളണം.
അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ്സിന്റെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട സഹപ്രവര്‍ത്തകര്‍ ബിനു ചുള്ളിയില്‍, ഷിബിന, ശ്രീലാല്‍, ജിന്‍ഷാദ് എന്നിവര്‍ക്ക് മുന്നോട്ടുള്ള യാത്രയില്‍ പിന്തുണയും അഭിനന്ദനങ്ങളും നേരുന്നു.
"I do not dare stop now.
For the road I walk is long, But I am not alone.
And so, I walk. We walk.
Until the dawn."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.