ഹജ്ജ്: ആദ്യഗഡു 20നകം അടക്കണം; രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം 25 വരെ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു പണമടച്ച് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം 20നകം ആദ്യ ഗഡുവായ 1,52,300 രൂപ അടക്കണം.

ആവശ്യമായ മുഴുവന്‍ രേഖകളും 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കണം. നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് അറിയിപ്പ് കൂടാതെ റദ്ദാക്കും. ഇത്തരത്തില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് കാത്തിരിപ്പ് പട്ടികയിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ തെരഞ്ഞെടുക്കും. ആദ്യ ഗഡു തുക ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളിൽ അടക്കാം. ഓണ്‍ലൈനായാണ് പണമടക്കേണ്ടത്. പണമടക്കാൻ ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറന്‍സ് നമ്പറും പേരും രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭിക്കും.

ഇതിനുശേഷം പണമടച്ച രശീതി, മെഡിക്കല്‍ സ്‌ക്രീനിങ് ആന്റ് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസര്‍ (അലോപ്പതി) പരിശോധിച്ചത്), ഹജ്ജ് അപേക്ഷാഫോറൺ, അനുബന്ധരേഖകള്‍ എന്നിവ സഹിതം 25നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. രേഖകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയില്‍ ലോഗിന്‍ ചെയ്ത് അപേക്ഷകര്‍ക്ക് തന്നെ അപ് ലോഡ് ചെയ്യാനുമാകും.

രേഖകള്‍ സമര്‍പ്പിക്കാന്‍ വിപുല സൗകര്യങ്ങള്‍

കൊണ്ടോട്ടി: ഹജ്ജ് രേഖകള്‍ സമര്‍പ്പിക്കാന്‍ ഇത്തവണ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ രേഖകള്‍ സമര്‍പ്പിക്കാം.

ഇതിനൊപ്പം കണ്ണൂരിലും കൊച്ചിയിലും പ്രത്യേക സൗകര്യങ്ങള്‍കൂടി ഏര്‍പ്പെടുത്തി. 24ന് രാവിലെ 10 മുതല്‍ വൈകുരേം നാല് വരെ കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും കൊച്ചിയില്‍ 25ന് രാവിലെ 10 മുതല്‍ വൈകുന്നേരം നാല് വരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫിസ് കോണ്‍ഫറന്‍സ് ഹാളിലും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

ഹജ്ജ് ട്രയിനര്‍മാരുടെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാണ്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രയിനറുടെ സഹായം തേടാം. വിവരങ്ങള്‍ക്ക് ഫോണ്‍: 0483-2710717, 2717572, 8281211786.

Tags:    
News Summary - Hajj: First installment must be paid by the 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.