വാഷിംഗ്ടൺ: ഇറക്കുമതിക്ക് ചുമത്തിയ ഉയർന്ന തീരുവയെ ചൊല്ലി യു.എസ്-ദക്ഷിണ കൊറിയ ബന്ധം വഷളായി തുടരുന്നതിനിടെ യു.എസിലെ ഹ്യൂണ്ടായ് നിർമാണ ശാലയിൽ മിന്നൽ പരിശോധന. ജോർജിയയിൽ നിർമ്മാണത്തിലിരിക്കുന്ന ഹ്യുണ്ടായ്-എൽ.ജി പ്ലാന്റിലാണ് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (എച്ച്.എസ്.ഐ) മിന്നൽ പരിശോധന നടത്തിയത്.
പരിശോധയിൽ 475 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും യു.എസിൽ നിയമവിരുദ്ധമായി ജോലിചെയ്യുന്ന ദക്ഷിണ കൊറിയക്കാരാണെന്ന് അധികൃതർ അറിയിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
ശനിയാഴ്ച യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് പുറത്തുവിട്ട വീഡിയോയിൽ, എല്ലബെൽ പട്ടണത്തിൽ നിർമാണത്തിലിരിക്കുന്ന പ്ളാന്റിലേക്ക് ഫെഡറൽ ഏജന്റുമാരുടെ വാഹനങ്ങൾ നിരയായി എത്തുന്നത് കാണാം. തൊഴിലാളികളെ കൈകൾ ഉയർത്തി നിർത്തി ദേഹപരിശോധന നടത്തുന്നതും കൈകളിലും കാലിലും അരയിലും വിലങ്ങിടുന്നതും ദൃശ്യങ്ങളിലുണ്ട്. ചില തൊഴിലാളികളുടെ കൈകൾ പ്ളാസ്റ്റിക്ക് ചരടുകൾ കൊണ്ട് കെട്ടിയ നിലയിലാണ് തടവുകാരെ കൊണ്ടുപോകുന്ന ബസിൽ കയറ്റുന്നത്.
യുദ്ധമുഖത്തെന്ന പോലെയാണ് ഫെഡറൽ ഏജന്റുമാർ ഫാക്ടറിയിലേക്ക് ഇരച്ചുകയറിയതെന്ന് നിർമ്മാണ തൊഴിലാളിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘എത്തിയ ഉടനെ അവർ തൊഴിലാളികളടക്കം സ്ഥലത്തുണ്ടായിരുന്ന എല്ലാവരോടും സമീപത്തെ ചെറിയ മതിലിൽ കയറാൻ പറഞ്ഞു. ഞങ്ങൾ ഒരു മണിക്കൂറോളം അവിടെ നിന്നു, പിന്നീട് മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി, അവിടെ ഞങ്ങൾ കാത്തിരുന്നു. പിന്നീട് ഞങ്ങൾ മറ്റൊരു കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോയി. വിവിധ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ‘നിയമപരമായി’ രാജ്യത്ത് താമസിക്കുന്നതായി കണ്ടെത്തിയ തൊഴിലാളികൾക്ക് പുറത്തിറങ്ങുന്ന വേളയിൽ ഉദ്യോഗസ്ഥരെ കാണിക്കാൻ അനുമതി രേഖപ്പെടുത്തിയ കടലാസുകഷണം നൽകി. അല്ലാത്തവരെ വിലങ്ങണിയിച്ചു’ -തൊഴിലാളി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ നിർമിച്ച് വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നതാണ് ഹ്യുണ്ടായ് മോട്ടോർസും എൽ.ജി എനർജി സൊല്യൂഷൻസും ചേർന്നുള്ള സംയുക്ത പദ്ധതി. ജോർജിയയിലെ വലിയ വികസന പദ്ധതി എന്ന് വിശേഷിപ്പിച്ചാണ് യു.എസ് അധികൃതർ പദ്ധതിക്ക് അനുമതി നൽകിയിരുന്നത്. ട്രംപിന്റെ താരിഫ് ഭീഷണികൾ മറികടക്കാൻ അമേരിക്കയിൽ ഫാക്ടറികൾ നിർമ്മിക്കുന്നതിനായി ദക്ഷിണ കൊറിയൻ കമ്പനികൾ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപിച്ച് നിർമാണ കേന്ദ്രങ്ങളടക്കം സജ്ജമാക്കുന്നതിനിടെയുണ്ടായ നടപടി വിവിധ കേന്ദ്രങ്ങളിൽ ആശങ്കക്ക് കാരണമായിട്ടുണ്ട്.
നിയമവിരുദ്ധമായി അമേരിക്കയിൽ താമസിച്ചിരുന്നവരും ജോലി ചെയ്തിരുന്നവരുമാണ് പിടിയിലായതെന്ന് എച്ച്.എസ്.ഐ അധികൃതർ വ്യക്തമാക്കി. അതേസമയം, വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ 90 ദിവസം വരെ യു.എസിൽ തുടരാൻ അനുമതിയുള്ളവരെയടക്കം പ്ളാന്റിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു.
പരിശോധനക്കിടെ, പരിസരത്തെ മലിന ജലം കെട്ടി നിർത്തിയ കുളത്തിൽ ചാടിയ തൊഴിലാളികളിൽ ചിലരെ ബോട്ടിറക്കിയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ മടക്കിയയക്കാൻ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന് (ഐ.സി.ഇ) കൈമാറിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിൽ, ദക്ഷിണ കൊറിയ സിയോളിലെ യു.എസ് എംബസിയെ ആശങ്കയറിയിച്ചു. യു.എസ് നിയമപാലനത്തിൽ നിക്ഷേപകരുടെ അവകാശങ്ങളും താത്പര്യങ്ങളും അന്യായമായി ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ലീ ജെയ്-വൂങ് പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഹ്യുണ്ടായ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.