ബംഗളൂരു: ബി.എം.ടി.സി, കർണാടക സ്റ്റേറ്റ് ആർ.ടി.സി ജീവനക്കാർ ആഗസ്റ്റ് അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിന്. സംസ്ഥാന വ്യാപകമായി ആഗസ്റ്റ് അഞ്ചിന് രാവിലെ ആറുമുതല്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിൽ കര്‍ണാടകയിലെ നാല് പൊതു ഗതാഗത കോർപറേഷനുകളായ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ് ആര്.ടി.സി), നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി (എന്‍.ഡബ്ല്യു.കെ ആര്.ടി.സി), കല്യാൺ കർണാടക ആർ.ടി.സി (കെ.കെ.ആര്.ടി.സി), ബാംഗ്ലൂർ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) എന്നിവ സംയുക്തമായി പങ്കെടുക്കും.
ദീര്‍ഘകാലമായി തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് പണിമുടക്കെന്ന് സംസ്ഥാന ഗതാഗത കോർപറേഷന് യൂനിയനുകളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി പറഞ്ഞു.
എ.ഐ.ടി.യു.സി അഫിലിയേറ്റ് ചെയ്ത എല്ലാ സംഘടനകളും ചേര്‍ന്നതാണ് സംയുക്ത ആക്ഷൻ കമ്മിറ്റി.തടഞ്ഞുവെച്ച 38 മാസത്തെ ശമ്പളം നല്‍കുക, 2024 മുതലുള്ള ശമ്പള പരിഷ്കരണം, സ്റ്റാഫ് അലവൻസ് വർധിപ്പിക്കുക, മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് കർണാടക ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ഡോ. കെ.എസ്. ശർമ പറഞ്ഞു.
അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ഫ്രീഡം പാര്‍ക്കില്‍ ജൂലൈ 30 ന് രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ നിരാഹാരസമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണിമുടക്ക് തടയുന്നതിന്റെ ഭാഗമായി പണിമുടക്കിൽ പങ്കെടുക്കുന്നവർക്കെതിരെ അവശ്യ സേവന പരിപാലന നിയമം (എസ്മ) ചുമത്തുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.