ബംഗളൂരു: ഇ-കോമേഴ്സ്, ഭക്ഷ്യ വിതരണ മേഖലയിലുള്ള തൊഴിലാളികളുടെ (ഗിഗ് വർക്കേഴ്സ്) സാമൂഹിക സുരക്ഷ ലക്ഷ്യംവെച്ചുള്ള നിലവിലെ ഓർഡിനൻസിനെ ബില്ലാക്കി മാറ്റാൻ മന്ത്രിസഭ അംഗീകാരം നല്കി. കഴിഞ്ഞ മേയ് 30ന് ഓർഡിനൻസായി പ്രഖ്യാപിച്ച ‘കർണാടക പ്ലാറ്റ്ഫോം അധിഷ്ഠിത ഗിഗ് വർക്കേഴ്സ് (സാമൂഹിക സുരക്ഷയും ക്ഷേമവും) 2025’ ബിൽ ആഗസ്റ്റ് രണ്ടാംവാരത്തിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സംസ്ഥാന നിയമ, പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇ-കോമേഴ്സ്, ഡെലിവറി മേഖലയിലുള്ള വിതരണ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് സർക്കാർ നിയമം കൊണ്ടുവന്നതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഏകദേശം 2.30 ലക്ഷത്തോളം പേർ മുഴുവൻസമയ തൊളിലാളികളായും പാര്‍ട്ട് ടൈം തൊഴിലാളികളായും വിതരണ മേഖലയില്‍ ജോലി ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ 83 ശതമാനം ആളുകളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. വിതരണ തൊഴിലാളികൾക്ക് നിയമപരവും ക്ഷേമപരവുമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് ഇൻഷുറൻസ് പദ്ധതി രൂപവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി വിതരണ ജീവനക്കാര്‍ക്ക് നാല് ലക്ഷം രൂപയുടെ ഇൻഷുറന്‍സ് ലഭിക്കും.
വിതരണ ജോലിക്കാരുടെ വേതനത്തിന്റെ ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ ക്ഷേമ നിധിയിലേക്ക് നൽകാന് ബിൽ നിർദേശിക്കുന്നു.തെലങ്കാനയിലെ കോൺഗ്രസ് സർക്കാറും ഇത്തരത്തിൽ ബിൽ കൊണ്ടുവന്നിരുന്നു. എന്നാൽ, 2025ലെ തെലങ്കാനയിലെ ഗിഗ് വർക്കേഴ്സ് (രജിസ്ട്രേഷൻ, സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽഫെയർ) ബില്ലിൽ മിനിമം വേതന ഗാരന്റി വ്യവസ്ഥകൾ ഇല്ലാത്തതിനെതിരെ ഗിഗ് വർക്കേഴ്സ് യൂനിയൻ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എല്ലാ വിതരണ ജീവനക്കാർക്കും തുല്യമായ വേതനം ഉറപ്പാക്കുന്നതിന് മിനിമം വേതനം അത്യാവശ്യമാണെന്ന് തെലങ്കാന ഗിഗ് വർക്കേഴ്സ് യൂനിയന്‍ ഓഫിസര്‍ ഷെയ്ക്ക് സലാഹുദ്ദീന് പറയുന്നു. ഓരോ യാത്രക്കും ഓരോ ഡെലിവറിക്കും മിനിമം വേതനം വേണം. കൂടാതെ റോഡിലെ മോശം സാഹചര്യങ്ങള്‍, മഴ, പൊടി, വെയില് എന്നീ സാഹചര്യത്തോട് പോരാടിയാണ് വിതരണ ജീവനക്കാർ ജോലി ചെയ്യുന്നത്.ഇ-പ്ലാറ്റ്ഫോമുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ദിവസേനയോ മണിക്കൂറോ കണക്കാക്കി കുറഞ്ഞ വേതനം നല്‍കണം.
ദീര്‍ഘനേരം തുടര്‍ച്ചയായി ജോലി ചെയ്യുന്ന ഇവര്‍ക്ക് 12 മണിക്കൂര്‍ വരെ മിക്കപ്പോഴും ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഭൂരിഭാഗവും 35 വയസ്സിന് താഴെയുള്ള പിന്നാക്ക ജാതികളിൽനിന്നുള്ള യുവാക്കളാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി എത്തിയപ്പോൾ ഓൺലൈൻ ഡെലിവറി ജീവനക്കാർക്കൊപ്പം യാത്ര ചെയ്യുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു. തുടർന്നാണ് കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാറുകൾ ഇത്തരമൊരു ബില്ലിന് നീക്കം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.