ബംഗളൂരു: പൊതുഗതാഗത സംവിധാനത്തെക്കൂടി ചേർത്തിണക്കി യാത്ര സാധ്യമാക്കുന്ന ‘നമ്മ ട്രാൻസിറ്റ്’ ഫീച്ചറുമായി ഓൺലൈൻ യാത്രാ സർവിസ് ദാതാക്കളായ നമ്മ യാത്രി. പൊതുഗതാഗത സംവിധാനം യാത്രക്കാർക്ക് ലളിതമാക്കുകയും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. തുടക്കത്തിൽ ഓട്ടോകളെയും നമ്മ മെട്രോയെയും കണക്ട് ചെയ്താണ് ‘നമ്മ ട്രാൻസിറ്റ്’ പ്രവർത്തിക്കുക. വൈകാതെ ബി.എം.ടി.സി ബസുകളും കാബുകളും ഇതിൽ ഉൾപ്പെടുത്തും.
ബംഗളൂരു നഗരത്തിൽ പുതിയ മെട്രോ ലൈനുകൾകൂടി ആരംഭിക്കുന്നതിനാൽ ഓൺലൈൻ യാത്രാ സേവന രംഗത്ത് ഇത് പുതിയ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. നമ്മ ട്രാൻസിറ്റ് വഴി യാത്രക്കുള്ള ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് ഓട്ടോയിലും തുടർന്ന് മെട്രോയിലും യാത്ര ചെയ്യാനാവും.
മെട്രോ ടിക്കറ്റ് ഓൺലൈനായിത്തന്നെ ആപ് വഴി ലഭിക്കും. മെട്രോ ഇറങ്ങിയ ശേഷം ഡെസ്റ്റിനേഷനിലേക്ക് വീണ്ടും ദൂരമുണ്ടെങ്കിൽ മെട്രോ സ്റ്റേഷനിലെത്തുന്ന സമയം ഓട്ടോ ബുക്കിങ്ങാവും. ഇതുമൂലം യാത്രക്കാരന്റെ സമയവും പണവും ലാഭിക്കാനാവുമെന്നതാണ് പ്രത്യേകത. 2022 മുതൽ ഓൺലൈൻ മൊബിലിറ്റി സർവിസ് രംഗത്തുള്ള ‘നമ്മ യാത്രി’ ഡ്രൈവർമാരിൽനിന്ന് കമീഷൻ ഈടാക്കാതെയാണ് പ്രവർത്തിച്ചുവരുന്നത്.
‘നമ്മ ട്രാൻസിറ്റ്’ ലോഞ്ച് ചടങ്ങിൽ തേജസ്വി സൂര്യ എം.പി, ബി.എം.ആർ.സി.എൽ എം.ഡി ജെ. രവിശങ്കർ, നമ്മ യാത്രി സഹസ്ഥാപകരായ ഷാൻ എം.എസ്, മഗിഴൻ, ഒ.എൻ.ഡി.സി സീനിയർ വൈസ് പ്രസിഡന്റ് നിതിൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ’മെയ്ഡ് ഫോർ ബി.എൽ.ആർ: നമ്മ മൊബിലിറ്റി ബ്ലൂപ്രിന്റ് 2030’ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.