മദ്യപിച്ച് സ്കൂൾ വരാന്തയിൽ ഉറങ്ങുന്ന ഹെഡ്മാസ്റ്റർ
ബംഗളൂരു: റായ്ച്ചൂർ ജില്ലയിൽ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനെ ജോലി സമയത്ത് സ്കൂൾ പരിസരത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തു. മാസ്കി താലൂക്കിലെ ഗൊണാൽ ക്യാമ്പിലുള്ള അംബാദേവിനഗർ ഗവ. ലോവർ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി. നിംഗപ്പക്കെതിരെയാണ് നടപടി. വ്യാഴാഴ്ചയാണ് സ്കൂളിലെ ഉച്ചഭക്ഷണ മുറിക്കുപുറത്ത് വരാന്തയിൽ മദ്യപിച്ച് ഉറങ്ങിയത്.
രംഗം ഒപ്പിയവർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വെള്ളിയാഴ്ച ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു. നിംഗപ്പ ദിവസവും മദ്യപിച്ചാണ് സ്കൂളിൽ വരാറെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും അധ്യാപന ചുമതലകൾ അവഗണിക്കുന്നുവെന്നും ആരോപിച്ച് രക്ഷിതാക്കൾ ആവർത്തിച്ച് പരാതി നൽകിയിട്ടും നേരത്തെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
വിഷയം ഗൗരവമായെടുത്ത് സിന്ദനൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ (ബി.ഇ.ഒ), ക്ലസ്റ്റർ റിസോഴ്സ് പേഴ്സൻ (സി.ആർ.പി), ബ്ലോക്ക് റിസോഴ്സ് പേഴ്സൻ (ബി.ആർ.പി), വിദ്യാഭ്യാസ കോഓഡിനേറ്റർമാർ എന്നിവരിൽനിന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ റിപ്പോർട്ടുകൾ തേടി. തുടർന്ന് പ്രധാനാധ്യാപകനെ ഉടൻ സസ്പെൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.