ബംഗളൂരു: ഇന്ത്യയിലെ എണ്ണംപറഞ്ഞ ക്രിക്കറ്റ് വേദികളിലൊന്നായ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇനി എന്നാണ് ക്രിക്കറ്റ് ആരവം വീണ്ടും അലയടിക്കുക? അനിശ്ചിതത്വത്തിന്റെ ക്രീസിൽ ഒരറ്റത്ത് കർണാടക സർക്കാറും മറുവശത്ത് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും തുടരവെ നഷ്ടം ക്രിക്കറ്റ് പ്രേമികൾക്ക് മാത്രം.
ഐ.സി.സി വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിനടക്കം വേദിയാവേണ്ടിയിരുന്ന സ്റ്റേഡിയത്തിന് സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ അനുമതി നിഷേധിച്ചതോടെ പ്രധാന ക്രിക്കറ്റ് മത്സരങ്ങൾ ഓരോന്നായി ചിന്നസ്വാമിയെ കൈവിടുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന കെ.എസ്.സി.എയുടെ ട്വന്റി20 ടൂർണമെന്റായ മഹാരാജ ട്രോഫിയാണ് ആദ്യം മാറ്റിയത്. മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും കരുൺ നായരുമൊക്കെ അണിനിരക്കുന്ന ലീഗ് മൈസൂരുവിൽ നരസിംഹരാജ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇതിനു പിന്നാലെയാണ് വനിത ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ തടഞ്ഞ് കർണാടക സർക്കാറിന്റെ തീരുമാനം വരുന്നത്.
ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കന്നിക്കിരീടം ആഘോഷമാക്കാനെത്തിയ കാണികളുടെ തിക്കിലും തിരക്കിലും പെട്ട് ജൂൺ നാലിന് 11 പേർ മരിക്കുകയും 50ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തെ തുടർന്ന് ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുഞ്ഞ കമീഷൻ നടത്തിയ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർണാടക സർക്കാർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ അനുമതി നിഷേധിക്കുന്നത്. വൻ മത്സരങ്ങൾ നടത്താൻ ചിന്നസ്വാമി സ്റ്റേഡിയം ‘അടിസ്ഥാനപരമായി സുരക്ഷിതമല്ല’ എന്നായിരുന്നു അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം. വൻ ആരാധകക്കൂട്ടത്തെ ഉൾക്കൊള്ളാവുന്ന രൂപകൽപനയും നിർമിതിയുമല്ല സ്റ്റേഡിയത്തിന്റേതെന്നാണ് കണ്ടെത്തൽ. ആവശ്യത്തിന് പ്രവേശന കവാടങ്ങളില്ല, മതിയായ ക്യൂ ഏരിയകളില്ല, അടിയന്തര ഘട്ടങ്ങളിൽ ആളുകളെ പുറത്തെത്തിക്കാനുള്ള സംവിധാനങ്ങളില്ല, മതിയായ പാർക്കിങ് സംവിധാനങ്ങളില്ല എന്നീ പോരായ്മകളും ചൂണ്ടിക്കാട്ടിയ റിപ്പോർട്ട്, ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൻ മത്സരങ്ങൾ സംഘടിപ്പിച്ചാൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
കർണാടക സർക്കാറിന്റെ നടപടിയിൽ കടുത്ത നിരാശയിലാണ് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ). മഹത്തായ ക്രിക്കറ്റ് പാരമ്പര്യമുള്ള ചിന്നസ്വാമി പോലൊരു സ്റ്റേഡിയത്തെ ഐ.പി.എൽ ആഘോഷ വേളയിലെ ദുരന്തത്തിന്റെ പേരിൽ കർണാടക സർക്കാർ വേട്ടയാടുകയാണെന്നാണ് വിമർശനം. കഴിഞ്ഞ 15 ഐ.പി.എൽ സീസണുകളിലായി മാത്രം ഒരു അനിഷ്ട സംഭവംപോലുമില്ലാതെ 750ലേറെ മത്സരങ്ങൾക്ക് ചിന്നസ്വാമി വേദിയായിട്ടുണ്ട്. ജൂൺ നാലിന് നടന്ന ദുരന്തത്തിനിടയായ ആഘോഷം ക്രിക്കറ്റ് മത്സരത്തിനിടെയല്ല. ഇവന്റ് മാനേജ്മെന്റ് ടീമായ ഡി.എൻ.എ സംഘാടകരായ സ്വകാര്യ പരിപാടിയായിരുന്നു അതെന്നും കാണികളില്ലാതെ മത്സരം നടത്താമെന്ന അപേക്ഷ പോലും അവഗണിക്കപ്പെട്ടതായും കെ.എസ്.സി.എ ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരു: ഐ.പി.എൽ ദുരന്തത്തിന് പിന്നാലെ പ്രധാന ടൂർണമെന്റുകളെല്ലാം ചിന്നസ്വാമി സ്റ്റേഡിയത്തിന് നിഷേധിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളിൽനിന്ന് ഉയരുന്ന ചോദ്യമിതാണ്, എത്രകാലം ഇങ്ങനെ? അതിനുള്ള ഉത്തര സൂചന കർണാടക സർക്കാർതന്നെ നൽകിക്കഴിഞ്ഞു.
ബംഗളൂരുവിൽ രണ്ടാമതൊരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങുകയാണ് കർണാടക സർക്കാർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജൂൺ നാലിനുണ്ടായ ദുരന്തത്തെ തുടർന്ന് നടത്തിയ ജുഡീഷ്യൽ അന്വേഷണത്തിൽ സ്റ്റേഡിയത്തിന്റെ പരിമിതികൾ വെളിച്ചത്തുവന്നിരുന്നു. വൻ മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്ന് മികച്ച പാർക്കിങ് സൗകര്യങ്ങളും യാത്രാസൗകര്യവും ജനത്തിരക്ക് നിയന്ത്രിക്കാനാവശ്യമായ സജ്ജീകരണങ്ങളുമുള്ള വലിയ സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്നാണ് ജുഡീഷ്യൽ കമീഷന്റെ ശിപാർശ. ബംഗളൂരുപോലെ ക്രിക്കറ്റിന് ഇത്ര പ്രിയമുള്ള മണ്ണിൽ ഈ പരിമിതികൾ മറികടക്കുന്ന സ്റ്റേറ്റ് ഓഫ് ദ ആർട്ട് ക്രിക്കറ്റ് സ്റ്റേഡിയമാണ് വിഭാവനയിലുള്ളത്.
ബംഗളൂരു നഗരപ്രാന്തത്തിൽ ബൊമ്മസാന്ദ്ര സൂര്യ സിറ്റിയിലാണ് 1650 കോടിയുടെ മെഗാ സ്പോർട്സ് കോംപ്ലക്സ് പണിയാനൊരുങ്ങുന്നത്. 35,000 പേർക്ക് കളികാണാനുള്ള സൗകര്യമാണ് നഗരമധ്യത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനുള്ളത്. ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ സീറ്റിങ് ശേഷിയുടെ കാര്യത്തിൽ രാജ്യത്ത് 14ാമതാണ് ചിന്നസ്വാമി സ്റ്റേഡിയം. 80,000 പേർക്ക് കളി കാണാനാവുന്ന സ്റ്റേഡിയം പണി പൂർത്തിയായാൽ വലുപ്പത്തിൽ രാജ്യത്തെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമായി അതു മാറും. 1,32,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ശേഷിയുടെ കാര്യത്തിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം.
ഐ.പി.എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബിയുടെ ഹോം മൈതാനംകൂടിയാണ് ചിന്നസ്വാമി സ്റ്റേഡിയം. വരാനിരിക്കുന്ന ഐ.പി.എൽ സീസണിനു മുമ്പ് കർണാടക സർക്കാർ അയഞ്ഞില്ലെങ്കിൽ ആർ.സി.ബിയുടെ ഹോം ഗ്രൗണ്ട് മാറ്റുകയേ നിവൃത്തിയുള്ളൂ. ഇത് ആർ.സി.ബിക്കും കെ.എസ്.സി.എക്കും ബംഗളൂരുവിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾക്കും വൻ തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.