‘ധോണി പുറത്തിരുത്തി, വിരമിച്ചാലോ എന്നുവരെ ആലോചിച്ചു, കരുത്തായത് സചിന്‍റെ വാക്കുകൾ’; ഇന്ത്യക്കായി 17,000 റൺസ് നേടിയ മുൻ സൂപ്പർതാരത്തിന്‍റെ വെളിപ്പെടുത്തൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരിയായ ഓപ്പണിങ് ബാറ്റർമാരിലൊരാളാണ് വീരേന്ദർ സെവാഗ്. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടുകയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുകയും ചെയ്ത താരം ഏകദിന കരിയറിൽ മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ വിരിമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുൻ താരം മനസ്സ് തുറന്നത്.

ഇതിഹാസം സചിൻ തെണ്ടുൽക്കറാണ് അന്ന് കൂടെ നിന്ന് വലിയ ആത്മവിശ്വാസം നൽകിയതെന്നും സെവാഗ് പറഞ്ഞു. ’2007-08ൽ ഏകദിന പരമ്പരക്കായി ആസ്ട്രേലിയയിൽ ആയിരുന്നു. കോമൺവെൽത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ കളിച്ചെങ്കിലും പിന്നാലെ നായകൻ എം.എസ്. ധോണി മോശം ഫോമിന്‍റെ പേരിൽ എന്നെ പുറത്തിരുത്തി. ബാക്കിയുള്ള മത്സരങ്ങൾക്ക് ടീമിലേക്ക് പരിഗണിച്ചില്ല. പ്ലെയിങ് ഇലവന്‍റെ ഭാഗമല്ലാതിരുന്ന ആ സമയത്ത്, ഇനി ഏകദിന ക്രിക്കറ്റ് കളിക്കുന്നതിൽ ഒരു അർഥമില്ലെന്നും വിരമിച്ചാലോ എന്നുവരെ ഞാൻ ആലോചിച്ചു’ -സെവാഗ് പറഞ്ഞു.

‘സചിന്‍റെ അടുത്തേക്ക് പോയി. ഏകദിനത്തിൽനിന്ന് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പറഞ്ഞു. അത് വേണ്ടെന്ന് സചിൻ മറുപടി നൽകി. 1999-2000 കാലഘട്ടത്തിൽ സമാന അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് സചിൻ പറഞ്ഞു. ക്രിക്കറ്റ് തന്നെ മതിയാക്കിയാലോ എന്നുവരെ ആലോചിച്ചു. എല്ലാവർക്കും മോശം സമയം ഉണ്ടാകും, അത് കടന്നുപോകും. നിങ്ങളുടെ മോശം സമയവും കടന്നുപോകും. വൈകാരികമായി ഒരു തീരുമാനവും എടുക്കരുത്. കാത്തിരിക്കുക, എന്നിട്ട് തീരുമാനമെടുക്കുക. ആ പരമ്പര അവസാനിച്ചു. ഞാൻ അടുത്ത പരമ്പരയിൽ കളിക്കുകയും ധാരാളം റൺസ് നേടുകയും ചെയ്തു. 2011 ഏകദിന ലോകകപ്പ് കളിച്ചു, കിരീടവും നേടി’ -സെവാഗ് കൂട്ടിച്ചേർത്തു.

പിന്നീട് ശക്തമായി ടീമില്‍ തിരിച്ചെത്തിയ സെവാഗ് ഏഴ് വര്‍ഷത്തോളം ഇന്ത്യക്കുവേണ്ടി കളിച്ചാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 1999ൽ ചിരവൈരികളായ പാകിസ്താനെതിരെ കളിച്ചാണ് സെവാഗ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നത്. 2001ൽ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിലും അരങ്ങേറി. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി രണ്ടു ട്രിപ്പ്ൾ സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ് സെവാഗ്. 2011ൽ വെസ്റ്റിൻഡീസിനെതിരെയാണ് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്നത്.

ഇന്ത്യക്കായി 104 ടെസ്റ്റുകളിൽനിന്ന് 8586 റൺസ് നേടി. 49.34 ആണ് ശരാശരി. 23 സെഞ്ച്വറികളും 32 അർധ സെഞ്ച്വറികളും സ്വന്തമാക്കി. ഏകദിനത്തിൽ 251 മത്സരങ്ങളിൽനിന്നായി 8273 റൺസും നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 38 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നതാണ് ഏകദിന കരിയർ.

Tags:    
News Summary - Ex-India Star, Once Considered Early ODI Retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.