അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. പ്രമുഖ ഹോട്ടൽ വ്യവസായി രവി ഘായിയുടെ കൊച്ചുമകൾ സാനിയ ചന്ദോക്കാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ പരിപാടിയിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്.

25കാരനായ അർജുൻ ടെണ്ടുൽക്കർ പിതാവിന്റെ പാത പിന്തുടർന്ന് ക്രിക്കറ്റിലെത്തിയതാണ്. ഇടംകൈയൻ പേസറായ താരം ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്ക് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. 2020-21 സീസണിൽ മുംബൈ ടീമിനൊപ്പമാണ് അരങ്ങേറ്റം കുറിച്ചത്. ഹരിയാനക്കെതിരെ ടി20 മത്സരത്തിൽ പന്തെറിഞ്ഞുകൊണ്ടായിരുന്നു തുടക്കം. അതിനു മുമ്പ് ജൂനിയർ തലത്തിലും മുംബൈക്കായി കളിച്ച താരം ഇന്ത്യയുടെ അണ്ടർ 19 ടീമിലും ഇടം കണ്ടെത്തിയിരുന്നു. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ ക്രിക്കറ്റുകളിൽ അരങ്ങേറിയത് ഗോവക്കൊപ്പമാണ്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.

റെഡ് ബാൾ ക്രിക്കറ്റിൽ ഇതുവരെ കളിച്ച 17 മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും ഉൾപ്പെടെ 532 റൺസാണ് അർജുന്റെ സമ്പാദ്യം. ഒരു അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ 37 വിക്കറ്റുകളും താരം പിഴുതിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഗോവക്കായി 17 മത്സരങ്ങളിൽ കളിച്ചു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങളിൽ കളിച്ച താരത്തിന് മുന്ന് വിക്കറ്റുകളാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.

മുംബൈയിലെ പ്രമുഖ ബിസിനസ് കുടുംബത്തിൽനിന്നുള്ള സാനിയ പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിൽ ഗായ് കുടുംബം ശക്തമായ സാന്നിധ്യം വഹിക്കുന്നു, ഇന്റർകോണ്ടിനെന്റൽ ഹോട്ടലും ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറിയും അവരുടെ ഉടമസ്ഥതയിലാണ്. ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ (കോർപറേറ്റ് കാര്യ മന്ത്രാലയം) പ്രകാരം, മുംബൈ ആസ്ഥാനമായുള്ള മിസ്റ്റർ പാവ്സ് പെറ്റ് സ്പാ & സ്റ്റോർ എൽ.എൽ.പിയിൽ നിയുക്ത പങ്കാളിയും ഡയറക്ടറുമാണ് സാനിയ ചന്ദോക്.

Tags:    
News Summary - Sachin Tendulkar's son Arjun engaged to hotelier Ravi Ghai's granddaughter Saaniya Chandok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.