സഞ്ജു സാംസൺ എം.എസ് ധോണിക്കൊപ്പം

സഞ്ജുവിനെ കൈമാറാൻ രണ്ട് സി.എസ്.കെ താരങ്ങളെ ആവശ്യപ്പെട്ട് രാജസ്ഥാന്‍; വില കിട്ടിയാൽ ഏതെങ്കിലും ഫ്രാഞ്ചൈസിക്ക് വിൽക്കുമെന്നും റിപ്പോർട്ട്

ജയ്പുർ: മലയാളി താരവും നിലവിലെ ക്യാപ്റ്റനുമായ സഞ്ജു സാംസൺ രാജസ്ഥാന്‍ റോയല്‍സിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്ന അഭ്യൂഹം പരന്നുതുടങ്ങിയിട്ട് ആഴ്ചകളായി. എന്നാൽ ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സി.എസ്.കെയുമായി ആർ.ആർ മാനേജിമെന്റ് നടത്തിയ ട്രേഡ് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്കവാദ് എന്നീ താരങ്ങളേയാണ് റോയല്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു താരങ്ങളേയും വിട്ടുകൊടുക്കാന്‍ തയാറല്ലെന്നാണ് ചെന്നൈയുടെ നിലപാട്. ഇതോടെ ചെന്നൈ ഫ്രാഞ്ചൈസിയിലേക്ക് താരം എത്തില്ലെന്നാണ് സൂചന.

സി.എസ്.കെയുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ സഞ്ജുവിനെ ഏതെങ്കിലും താരങ്ങളുമായി കൈമാറ്റത്തിന് സാധ്യതയുണ്ടോ എന്നറിയാല്‍ റോയല്‍സ് മറ്റുപല ഫ്രാഞ്ചൈസികള്‍ക്കും കത്തയച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ മനോജ് ബാദ്‌ലെ ഇ മെയില്‍ വഴിയാണ് മറ്റ് ഫ്രാഞ്ചെസികള്‍ക്ക് സന്ദേശം നല്‍കിയത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ കൈമാറാന്‍ തയ്യാറാണ്. പകരം താരങ്ങളെ ലഭിച്ചാല്‍, ആഗ്രഹിക്കുന്ന വില ലഭിച്ചാല്‍ സഞ്ജുവിനെ കൈമാറമെന്ന് സന്ദേശത്തില്‍ പറയുന്നു. താരകൈമാറ്റത്തില്‍ അന്തിമ തീരുമാനം ആർ.ആർ മാനേജ്മെന്റിന്റേതായതിനാൽ പ്രതീക്ഷിക്കുന്ന വില ലഭിച്ചില്ലെങ്കില്‍ സഞ്ജു രാജസ്ഥാനില്‍ തന്നെ തുടരാനും സാധ്യതയുണ്ട്.

അടുത്ത സീസൺ ഐ.പി.എല്ലിനു മുന്നോടിയായുള്ള മിനി ലേലത്തിൽ സഞ്ജുവിന്റെ പേര് വരാനുള്ള സാധ്യത കുറവാണെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജുവിനെ സ്വന്തമാക്കാനായി സി.എസ്.കെക്കു പുറമെ മറ്റുപല ഫ്രാഞ്ചൈസികൾക്കും താൽപര്യമുണ്ട്. 2024 സീസണിലെ വിജയികളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് താരകൈമാറ്റത്തിന് താൽപര്യമുണ്ടെന്ന് അറിയിച്ചതായി നേരത്തെ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനൊപ്പം സഞ്ജുവിന്റെ കൈമാറ്റത്തിൽ തീരുമാനമായെന്ന രീതിയിൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

റോയല്‍സിന്റെ പല തീരുമാനങ്ങളിലും സഞ്ജുവിന് കടുത്ത അതൃപ്തിയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മെഗാലേലത്തില്‍ ജോസ് ബട്‌ലറെ ടീം വിട്ടുകളഞ്ഞത് സഞ്ജുവിനെ നിരാശനാക്കിയെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനുവേണ്ടി ഏഴ് സീസണുകളിലെ 83 മത്സരങ്ങളില്‍ നിന്ന് 3055 റണ്‍സടിച്ച ജോസ് ബട്ലറെ കൈവിടാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ജോസ് ബട്‌ലര്‍ക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്‌മെയറെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ബട്‌ലറെ കൈവിട്ടത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ഐ.പി.എല്‍ താരലേലത്തിനുശേഷം സഞ്ജു പറഞ്ഞിരുന്നു.

നേരത്തെ, സഞ്ജു തന്നെയാണ് അടുത്ത സീസണില്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. സഞ്ജുവിനെ ഒഴിവാക്കിയാല്‍ ജയ്‌സ്വാളിനെ റോയല്‍സ് നായകനായി പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. വൈഭവ് സൂര്യവന്‍ഷി ഓപ്പണറായി തിളങ്ങിയതും റിയാന്‍ പരാഗിന് ടീം മാനേജ്‌മെന്റിലുള്ള സ്വാധീനവും സഞ്ജു ടീം വിടാന്‍ താല്‍പര്യപ്പെടുന്നതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാൽ താൻ ടീം വിടില്ലെന്ന് സഞ്ജുവും പ്രതികരിച്ചിരുന്നു. എന്നിരുന്നാലും റോയൽസ് മാനേജ്മെന്റിന്റെ തീരുമാനം അറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Tags:    
News Summary - Rajasthan Royals wants two CSK players in exchange of Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.