ബുഡാപെസ്റ്റ്: പോൾവാൾട്ടിൽ റെക്കോഡ് തിരുത്തൽ ശീലമാക്കിയ സ്വീഡിഷ് ഒളിമ്പിക് ചാമ്പ്യൻ അർമാൻഡ് ഡുപ്ലാന്റിസിന് വീണ്ടും ലോകറെക്കോഡ്. ബുഡാപെസ്റ്റിൽ നടന്ന ഇസ്ത്‍വാൻ ഗുലായ് മെമോറിയൽ വേൾഡ് അത്‍ലറ്റിക്സ് കോണ്ടിനെന്റൽ ടൂർ ഗോൾഡിലാണ് സ്വന്തം റെക്കോഡുകൾക്കു മേൽ വീണ്ടും പറന്നുയർന്നത്. റെക്കോഡുകൾ തിരുത്തുന്നതിലെ റെക്കോഡുകാരൻ സാക്ഷാൽ സെർജി ബൂബ്കയെ പിന്തുടരുന്ന ഡുപ്ലാന്റിസ് 6.29 മീറ്റർ എന്ന ഉയരം താണ്ടിയാണ് കരിയറിൽ 13ാം തവണ ലോകറെക്കോഡ് തിരുത്തിയത്.
2023ലോകചാമ്പ്യൻഷിപ്പിലും 2024 പാരിസ് ഒളിമ്പിക്സിലും സ്വർണം നേടിയ താരം 6.02 മീറ്ററിലായിരുന്നു ബുഡാപെസ്റ്റിലെ മത്സരത്തിന് തുടക്കം കുറിച്ചത്. എതിരാളിയായ ഗ്രീക്കിന്റെ ഇമ്മാനുവൽ കരാലിസ് അടുത്ത ശ്രമങ്ങളിൽ ലക്ഷ്യത്തിലെത്താതെ പോയപ്പോൾ, ഡുപ്ലാന്റിസ് സ്വന്തം റെക്കോഡിനോട് തന്നെ മല്ലടിച്ച് മുന്നോട്ട് പോയി. 6.11 മീറ്റർ ചാടിയതിനു പിന്നാലെ അടുത്ത ശ്രമത്തിൽ ശ്രമിച്ചത് ലോകറെക്കോഡിനേക്കാൾ ഉയരെ 6.29 മീറ്ററിൽ. ഒന്നാം ശ്രമത്തിൽ പിഴച്ചപ്പോൾ, രണ്ടാം ശ്രമത്തിൽ ഈ ഉയരവും കടന്ന് കരിയറിലെ 13ാം തവണയും ലോകറെക്കോഡ് തിരുത്തുന്ന താരമായി.
ഈ വർഷം തന്നെ മൂന്നാം താവണയാണ് ഡുപ്ലാന്റിസ് ലോകറെക്കോഡ് ഭേദിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ 6.27മീറ്ററും, ജൂണിൽ 6.28 മീറ്ററും ചാടിയിരുന്നു.
2020 ഫെബ്രുവരിയിൽ തന്റെ 20ാം വയസ്സിലായിരുന്നു പോൾവാൾട്ടിൽ ആദ്യമായി ലോകറെക്കോഡ് കുറിച്ചത്. പോളണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 6.17 മീറ്റർ ചാടി ഫ്രാൻസിന്റെ റെനോഡ് ലാവിലിനെ സ്ഥാപിച്ച ആറു വർഷം പഴക്കമുള്ള റെക്കോഡ് സ്വീഡിഷുകാരൻ സ്വന്തം പേരിലേക്ക് മാറ്റി. ശേഷം, കഴിഞ്ഞ ആറു വർഷത്തിനിടെ ഇത് 13ാം തവണയും എതിരാളികളില്ലാതെ പോൾ ലോകം വാഴുകയാണ് ഈ യുവതാരം. 14 തവണ സ്വന്തം റെക്കോഡുകൾ തിരുത്തിയ റഷ്യയുയെ ഇതിഹാസം സെർജി ബൂബ്കയുടെ റെക്കോഡിനും ഇനി അധികം ആയുസ്സില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് 25കാരനായ ഡുപ്ലാന്റിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.