ബ്രസീലിയ: തീരുവ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ബ്രസീലിയൻ പ്രസിഡന്റ് ലുല ഡി സിൽവ. തീരുവയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യു.എസ് പ്രസിഡന്റിനെ വിളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾക്ക് ട്രംപിന് താൽപര്യമില്ലാത്തതിനാലാണ് അദ്ദേഹത്തെ വിളിക്കാത്തത്.
എന്നാൽ, കാലാവസ്ഥ ഉച്ചക്കോടിക്ക് താൻ ട്രംപിനെ ക്ഷണിക്കും. മോദിയേയും ഷീ ജിങ്പിങ്ങിനേയും വിളിക്കും. എന്നാൽ, യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ റഷ്യൻ പ്രസിഡന്റ് പുടിനെ വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് യു.എസിനെതിരെ പ്രവർത്തിക്കുകയാണെന്ന് ട്രംപ് നിരന്തരമായി ആരോപിച്ചിരുന്നു.
നേരത്തെ തീരുവ സംബന്ധിച്ച ചർച്ചൾക്കായി ബ്രസീൽ പ്രസിഡന്റിന് എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇൗ പ്രസ്താവനയെ ബ്രസീൽ ധനകാര്യമന്ത്രി സ്വാഗതം ചെയ്തിരുന്നുവെങ്കിലും ഇതിന് വിരുദ്ധമായ പ്രതികരണമാണ് ഇപ്പോൾ ബ്രസീൽ പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.
നേരത്തെ ബ്രസീൽ ഉൽപന്നങ്ങൾക്കുമേൽ യു.എസ് 50 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ശക്തമായ പ്രതികരണവുമായി ബ്രസീൽ പ്രസിഡന്റ് രംഗത്തെത്തുന്നത്. നേരത്തെ ഇന്ത്യക്കുമേലും യു.എസ് അധിക തീരുവ ചുമത്തിയിരുന്നു. 25 ശതമാനം തീരുവയാണ് ഇന്ത്യക്കുമേൽ ചുമത്തിയത്. ഇന്ത്യക്കുള്ള തീരുവ ഇനിയും വർധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.