തെൽ അവീവ്: അധിനിവേശം വെസ്റ്റ് ബാങ്കിൽ റഷ്യൻ നയതന്ത്രവാഹനം ഇസ്രായേൽ അനധികൃത കുടിയേറ്റക്കാർ ആക്രമിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് റഷ്യ. ഇക്കാര്യത്തിൽ റഷ്യ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മാരിയ സാക്കറോവയാണ് വാഹനം ആക്രമിക്കപ്പെട്ട വിവരം അറിയിച്ചത്.
ആക്രമണം വിയന്ന കൺവെൻഷന്റെ ലംഘനമായി കണക്കാക്കുമെന്ന് റഷ്യ അറിയിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് ആക്രമണം ഉണ്ടായതെന്നും അവർ വ്യക്തമാക്കി.
ഫലസ്തീനിയൻ അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന വാഹനമാണ് ആക്രമിക്കപ്പെട്ടതെന്നും ഇവക്ക് നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നുവെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. വടക്കൻ ജറുസലേമിൽ നിന്നും 20 കിലോ മീറ്റർ അകലെ റാമല്ലയിൽവെച്ചാണ് ബസ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ വാഹനത്തിന് തകരാറുണ്ടായെന്നും ഇസ്രായേൽ കുടിയേറ്റക്കാർ മോശം ഭാഷയിൽ സംസാരിച്ചുവെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് വ്യക്തമായി. ഇസ്രായേൽ സൈനികരുടെ സാന്നിധ്യത്തിലാണ് ആക്രമണം നടന്നതെന്നും റഷ്യ വ്യക്തമാക്കി. ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി തന്നെ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യൻ വക്താവ് ദിമിത്രി പൊളൻസ്കി വിഷയം ഉയർത്തുകയും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അനധികൃത കുടിയേറ്റക്കാരും സൈനികരും നടത്തുന്ന ആക്രമണങ്ങളിൽ വലിയ വർധനയാണ് ഉണ്ടാവുന്നത്. 2023 ഒക്ടോബറിന് ശേഷമാണ് ആക്രമണങ്ങളിൽ വലിയ വർധനയുണ്ടായത്. ഏകദേശം 651 ഫലസ്തീനികൾ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നും ഇതിൽ 121 പേർ കുട്ടികളാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഗസ്സ മുനമ്പ് പൂർണമായും പിടിച്ചടക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനുമേൽ സമ്മർദം ചെലുത്തുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിനു പിന്നിലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.