വാഷിങ്ടൺ: യു.എസ് റഷ്യയിൽ നിന്നും യുറേനിയവും രാസവളവും വാങ്ങുന്നുണ്ടെന്ന ഇന്ത്യൻ ആരോപണത്തിൽ പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ് റഷ്യയിൽ നിന്നും യുറേനിയവും രാസവളവും വാങ്ങുന്നുണ്ടെന്ന ഇന്ത്യൻ ആരോപണത്തോട് എന്താണ് പ്രതികരണമെന്ന ചോദ്യത്തോടായിരുന്നു ട്രംപിന്റെ മറുപടി.
തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്ന പറഞ്ഞ പരിശോധിച്ചതിന് ശേഷം ഇക്കാര്യത്തിൽ മറുപടി നൽകാമെന്നും അറിയിച്ചു. ഇന്ത്യക്കുമേൽ ചുമത്താൻ പോകുന്ന തീരുവയുടെ നിരക്ക് സംബന്ധിച്ച് ഇപ്പോൾ പ്രതികരണത്തിനില്ലെന്നും ട്രംപ് പറഞ്ഞു. വൈകാതെ തന്നെ തീരുവയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് യു.എസ് റഷ്യയിൽ നിന്നും യുറേനിയം ഉൾപ്പടെയുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന ആരോപണം ഇന്ത്യ ഉയർത്തിയത്. റഷ്യയിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്ക് ഏർപ്പെടുത്തിയ 25 ശതമാനം തീരുവക്ക് പുറമെ അധിക തീരുവ കൂടി ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പരാമർശം. ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം തീരുവ ഈമാസം ഏഴിന് നിലവിൽ വരാനിരിക്കെയാണ് ട്രംപിന്‍റെ പുതിയ ഭീഷണി. ‘ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ല. കാരണം അവർ നമ്മളോട് ധാരാളം വ്യാപാരം നടത്തുന്നു, പക്ഷേ നമ്മൾ അവരുമായി വ്യാപാരം നടത്തുന്നില്ല. അതിനാൽ 25 ശതമാനം തീരുവ ചുമത്തി, പക്ഷേ അടുത്ത 24 മണിക്കൂറിനുള്ളി അത് ഗണ്യമായി ഉയർത്തും. കാരണം അവർ റഷ്യയിൽനിന്ന് എണ്ണ വാങ്ങുകയാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്‍റെ ഭീഷണിക്കിടെ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്തുവന്നു. പരമാധികാര രാഷ്ട്രങ്ങൾക്ക് അവരുടെ വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്കുമേൽ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മർദം ചെലുത്തുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.