വാഷിങ്ടൺ: റഷ്യൻ തലസ്ഥാനമായ മോസ്കോ ആക്രമിക്കാമോയെന്ന സെലൻസ്കിയോട് ചോദിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടെലിഫോൺ സംഭാഷണത്തിലാണ് ട്രംപിന്റെ ചോദ്യം. മോസ്കോ, സെന്റ്പീറ്റേഴ്സ്ബർഗ് നഗരങ്ങൾ ആക്രമിക്കുവാൻ സാധിക്കുമോയെന്നാണ് ട്രംപ് സെലൻസ്കിയോട് ചോദിച്ചത്. കൂടുതൽ ആയുധങ്ങൾ നൽകുകയാണെങ്കിൽ ആക്രമണം നടത്തുമെന്നാണ് സെലൻസ്കി ഇതിന് മറുപടി നൽകിയത്.
നേരത്തെ യുക്രെയ്ന് സൈനികപിന്തുണ നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.റഷ്യക്കും സഖ്യരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നിലേക്ക് പാട്രിയോറ്റ് മിസൈൽ സിസ്റ്റം അടക്കമുള്ളവ അയക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. റഷ്യൻ കയറ്റുമതിക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
റഷ്യൻ എണ്ണവാങ്ങുന്നവർക്ക് രണ്ടാംഘട്ട തീരുവ ചുമത്തുന്നതും പരിഗണനയിലാണെന്ന് ട്രംപ് പറഞ്ഞിരുന്നു. യുക്രെയ്നുമായി സമാധാനകരാറിലെത്താൻ 50 ദിവസത്തെ സമയപരിധിയും ട്രംപ് റഷ്യക്ക് നൽകിയിരുന്നു. അതേസമയം, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്നും നാറ്റോയും അറിയിച്ചിരുന്നു.
യു.എസ് കോൺഗ്രസിലെ മുതിർന്ന സെനറ്റർമാരുമായി കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു അധിക തീരുവ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്. 100 ശതമാനം തീരുവ ഈ രാജ്യങ്ങൾക്കുമേൽ ചുമത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്ലാഡമിർ പുടിനോട് ഇന്ത്യയും ബ്രസീലും ചൈനയും സമാധാന ചർച്ചകൾ ഗൗരവമായി കണ്ട് വേണ്ടനടപടികൾ സ്വീകരിക്കാൻ നിർദേശിക്കണം. അല്ലെങ്കിൽ ശക്തമായ തീരുവ ഈ രാജ്യങ്ങൾക്കുമേൽ ചുമത്തുമെന്ന് മാർക്ക് റൂട്ടെ പറഞ്ഞു.
പുടിനുമായുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ട്രംപ് ഏറെ വീമ്പിളക്കിയിരുന്നു. സമാധാന കരാറിലെത്താൻ യുക്രെയ്നിനേക്കാൾ റഷ്യയാണ് കൂടുതൽ സന്നദ്ധമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുന്നത് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ, റഷ്യൻ പ്രസിഡന്‍റിന്‍റെ കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്ന് തന്നെ ട്രംപിന് പറയേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.