നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും
വാഷിങ്ടൺ: ഇരുണ്ട ചൈനയോട് ചേർന്ന ഇന്ത്യയെന്ന രൂക്ഷമായ പരിഹാസത്തിനു പിന്നാലെ, ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള നിലപാട് മയപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
വെള്ളിയാഴ്ച വാഷിങ്ടണിൽ മാധ്യമങ്ങളുമായി സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാനായ നേതാവും, മികച്ച സുഹൃത്തുമായി ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചു. ഇന്ത്യ-അമേരിക്കയും തമ്മിലെ ബന്ധം സവിശേഷമാണെന്നും, ഈ സൗഹൃദം നഷ്ടമായെന്ന് താൻ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.
50 ശതമാനമെന്ന ഭീമന്‍ തീരുവ ചുമത്തിയിട്ടും ഇന്ത്യ, ഇപ്പോഴും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ കടുത്ത വിയോജിപ്പും അമര്‍ഷവും തനിക്കുണ്ടെന്നും ട്രംപ് വൈറ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിയിലെ ഇന്ത്യ, റഷ്യ പങ്കാളിത്തത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു അനുനയത്തിന്റെ സ്വരത്തിൽ ട്രംപിന്റെ വാക്കുകൾ. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യൽ പേജിൽ മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ ചിത്രം പങ്കുവെച്ചായിരുന്നു ദുരൂഹവും ഇരുണ്ടതുമായി ചൈനയുമായി ചേർന്നു നിൽക്കുന്നുവെന്നും, സമൃദ്ധമായ ഭാവി നേരിന്നുവെന്നും ട്രംപ് പരിഹാസിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങളോട് കരുതലോടെ മാത്രം പ്രതികരിക്കാമെന്ന നിലയിൽ ഇന്ത്യ കാത്തിരിക്കുന്നതിനിടെയാണ് ട്രംപ് മോദിയെ നല്ല സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് വീണ്ടും രംഗത്തെത്തുന്നത്.
ഇന്ത്യയുമായുള്ള ബന്ധത്തിലോ, പ്രധാനമന്ത്രിയുമായുള്ള സൗഹൃദത്തിലോ വിള്ളലില്ലെന്ന് വ്യക്തമാക്കിയ ഡോണൾഡ് ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് അമേരിക്കയുടെ കടുത്ത എതിർപ്പെന്ന് വിശദീകരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് തങ്ങൾ വൈറ്റ്ഹൗസിൽ ഒന്നിച്ചിരിക്കുകയും വാർത്താ സമ്മേളനം നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോള പങ്കാളിത്തത്തിൽ ചില ഘട്ടങ്ങളിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്. എന്നാൽ, ഇതിൽ ആശങ്കപെടാനില്ല. താൽകാലികമാണ്. ഇന്ത്യയുമായുള്ള ബന്ധത്തെ ഇതൊന്നും ബാധിക്കില്ല -ട്രംപ് വ്യക്തമാക്കി.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചുമത്തിയ ഇരട്ടി തീരുവ ഉൾപ്പെടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിലെ പിരിമുറുക്കം കുറക്കുന്നതാണ് ട്രംപിന്റെ പുതിയ നിലപാടുകൾ.
അധിക തീരുവ പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ ട്രംപ് മോദിയെ ഫോണിൽ വിളിച്ചുവെങ്കിലും പ്രധാനമന്ത്രി സംസാരിക്കാൻ തയ്യാറായിരുന്നില്ല. ശേഷം, ചൈന സന്ദർശിച്ച മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുകയും, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടികാഴ്ച നടത്തി എണ്ണ ഇറക്കുമതി തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയുടെ ചടുലമായ ബദൽ നീക്കങ്ങൾ അമേരിക്കൻ ഭരണകൂടത്തെയും പ്രകോപിപ്പിക്കുന്നതായിരുന്നു. തുടർ ദിവസങ്ങളിൽ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ ഉൾപ്പെടെ ഇന്ത്യക്കെതിരെ രൂക്ഷ വിമർശവുമായി രംഗത്തെത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യ ഏര്‍പ്പെടുത്തിയതാണെന്ന പരാമർശവുമായി ട്രംപും രംഗത്തുവന്നു. ഇന്ത്യ അമിത തീരുവ ഏര്‍പ്പെടുത്തുമ്പോഴും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 200 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇതേതുടര്‍ന്ന് അവര്‍ക്ക് ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങേണ്ടി വന്നെന്നുമായിരുന്നു ട്രംപിന്റെ പരാമർശം.
റഷ്യൻ എണ്ണ ഇറക്കുമതിയിലൂടെ ഇന്ത്യൻ ജനതയിൽ നിന്നും ബ്രാഹ്മണ സമൂഹം ലാഭമുണ്ടാക്കുന്നതായുള്ള പീറ്റർ നവാരോയുടെ പരാമർശം എറെ വിവാദമായിരുന്നു.
‘ഇന്ത്യക്കാരില്‍ നിന്നും ഉന്നതകുല ജാതിയില്‍ ഉള്‍പ്പെട്ട ബ്രാഹ്‌മണ സമൂഹം വലിയ ലാഭമുണ്ടാക്കുകയാണ്. അത് നാം അവസാനിപ്പിക്കേണ്ടതുണ്ട്. മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്. എന്നിട്ടും പുടിനുമായും ഷി ജിന്‍പിങ്ങുമായും മോദി കൂട്ടുകൂടുന്നു. അതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല’ എന്നായിരുന്നു നവാരോയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.