ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ
ടോക്യോ: ജാപ്പാനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു. ജൂലൈയിൽ നടന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് നേരിട്ട വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് റിപ്പോർട്ട്. സ്വന്തം പാർട്ടിയിലെ വലതുപക്ഷ പ്രവർത്തകരുടെ എതിർപ്പാണ് രാജിക്കു പിന്നിലെന്നാണ് റിപ്പോർട്ട്. ഇഷിബയുടെ രാജിക്കായി പാർട്ടിക്കുള്ളിൽ വലിയ സമ്മർദമുയർന്നിരുന്നു.
ഇഷിബക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണകക്ഷിയിലെ അംഗങ്ങള്‍ പുതിയ നേതൃത്വ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരുങ്ങുകയായിരുന്നു.
മുതിർന്ന നേതാക്കളും മന്ത്രിമാരും പരസ്യമായി ഇഷിബയുടെ രാജിയാവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഇഷിബയുമായി കൂടിക്കാഴ്ച നടത്തിയ കൃഷി മന്ത്രി ഷിൻജിറോ കോയ്സുമിയും മുൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയും ശക്തമായി രാജി ആവശ്യം ഉന്നയിച്ചു. ഈ സമ്മർദങ്ങൾക്കിടെയാണ് ഇഷിബയുടെ രാജി പ്രഖ്യാപനം.
അതിനിടയിലാണ് രാജിപ്രഖ്യാപനം. ഇഷിബയുടെ പിൻഗാമിയെ കണ്ടെത്താൻ അടിയന്തര നേതൃ തിരഞ്ഞെടുപ്പ് നടത്തണമോ എന്ന് തീരുമാനിക്കുന്നതിന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നിയമസഭാംഗങ്ങൾ തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തും.
2024 ഒക്ടോബറിലാണ് ഇഷിബ ജപ്പാൻ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പിളരാതിരിക്കാൻ തന്റെ രാജിയാണ് വഴിയെന്ന് മനസിലാക്കിയ ഇഷിബ തീരുമാനമെടുക്കുകയായിരുന്നുവെന്നും ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജപ്പാനിൽ ഏറെ കാലമായി അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി.
കഴിഞ്ഞ വർഷം അധികാരമേറ്റതിനു ശേഷം ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ജാപ്പാനീസ് പാർലമെന്റിന്റെ ഇരുസഭകളിലും പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. ജൂലൈയിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപിൽ ഭരണസഖ്യത്തിന് ഭൂരിപക്ഷം നേടാനുമായില്ല. അതോടെ ഇഷിതയുടെ നേതൃത്വത്തിലുള്ള സർക്കാർ അസ്ഥിരതയിലേക്ക് നീങ്ങി. മാത്രമല്ല, രാജ്യത്ത് വർധിച്ചുവരുന്ന ജീവിത ചെലവും സാമ്പത്തിക മാന്ദ്യവും പൊതുജനങ്ങളിൽ സർക്കാറിനെതിരായ പ്രതിഷേധമുണ്ടാക്കി. രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കണക്കിലെടുക്കുന്നതിലും പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും വിമർശനമുയർന്നു.
ജൂലൈയിലെ വോട്ടെടുപ്പിനെ തുടർന്ന് ഇഷിബയുടെ എതിരാളികൾ അദ്ദേഹം രാജിവെക്കണമെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ച പാർട്ടിയിലെ രണ്ടാമനായ ഹിരോഷി മൊറിയാമ ഉൾപ്പെടെ നാല് മുതിർന്ന നേതാക്കൾ രാജിസന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി നേതാവെന്ന നിലയില്‍ ഇഷിബയുടെ കാലാവധി 2027 സെപ്റ്റംബറിലാണ് അവസാനിക്കേണ്ടിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.