ഗസ്സ സിറ്റി: പട്ടിണിയും പോഷാകാഹാരക്കുറവും മൂലം ഫലസ്തീനിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനും കവിയുമായ ഉമർ ഹർബ് അന്തരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. താൽക്കാലികമായി നിർമ്മിച്ച ടെന്റിൽ വേണ്ടത്ര ഭക്ഷണവും മരുന്നും ലഭിക്കാതെയായിരുന്നു മരണം. ഏതാനും ആഴ്ചകളായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.
വംശഹത്യ തുടരുന്ന ഇസ്രായേൽ ഏർപ്പെടുത്തിയ ഭക്ഷ്യ ഉപരോധത്തെ തുടർന്നുള്ള കൊടും പട്ടിണിയും പോഷകാഹാരക്കുറവുമാണ് അർബുദ രോഗികൂടിയായ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ ബാധിച്ചത്. ഇതേതുടർന്ന് വൈദ്യസഹായവും ലഭിക്കാതെ ആരോഗ്യസ്ഥിതി അതീവഗുരുതരാവസ്ഥയിലാവുകയായിരുന്നു. 2023 ഒക്ടോബറിൽ ഉമറിന് ഏകദേശം 120 കിലോഗ്രാം ഭാരമുണ്ടായിരുന്നു. എന്നാൽ അവസാനമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ ഭാരം 40 കിലോഗ്രാമിൽ താഴെയായിരുന്നു. പഴയതും പുതിയതുമായ എന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഇത് രണ്ടും ഞാൻ തന്നെയാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം അൽ ജസീറയുമായുള്ള അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്തുകൊണ്ടാണ് ഞങ്ങൾ ഈ അവസ്ഥയിലെത്തിയതെന്ന് അറിയില്ല. ആളുകൾ കഷ്ടപ്പെടുകയാണ്. പക്ഷേ ആരുടെയും കഷ്ടപ്പാടുകൾ ആരും ശ്രദ്ധിക്കുന്നില്ല. ഞങ്ങളെല്ലാവരും ദൈവത്തിന്റെ സഹായത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭക്ഷണം, മരുന്ന്, ചികിത്സ, പുതിയ വീൽചെയർ എന്നിവക്ക് വേണ്ടി അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. പക്ഷേ അതൊന്നും അദ്ദേഹത്തിന് സമയത്തിന് ലഭിച്ചിട്ടില്ല. സൈക്കോളജിയിൽ നിരവധി ബിരുദങ്ങൾ നേടിയ ഉമർ ഈജിപ്തിലെ പ്രശസ്തമായ അൽ-അസ്ഹർ സർവകലാശാലയിലെ ബിരുദധാരിയാണ്.
ഇസ്രായേലിന്‍റെ ഗസ്സ വംശഹത്യ ആരംഭിക്കുന്നതുവരെ അദ്ദേഹം സജീവമായിരുന്നു. ഇസ്രായേൽ ഉപരോധത്തിൽ കഷ്ടപ്പെടുന്ന ആളുകൾക്ക് മാനസിക പിന്തുണ നൽകുകയും വിവിധ പ്രാദേശിക പരിപാടികളിൽ പതിവായി പങ്കെടുക്കുകയും ചെയ്തിരുന്നു. ഗസ്സ വംശഹത്യയിൽ 26 കുടുംബാംഗങ്ങളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടുണ്ട്.
അദ്ദേഹത്തിന്റെ മരണത്തെ ‘വിദ്യാഭ്യാസത്തിന്‍റെ മരണം’ എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഗസ്സയിലെ ഏറ്റവും മിടുക്കരായ ആളുകളും ഭാവി നേതാക്കളും ഓരോ ദിവസവും പട്ടിണി മൂലം മരിക്കുകയാണ്. ഇതാണ് വംശഹത്യയെന്ന് അമേരിക്കൻ മുസ്‌ലിംസ് ഫോർ ഫലസ്തീൻ പറഞ്ഞു.
ഇസ്രായേൽ ഉപരോധത്തെ തുടർന്നുള്ള കൊടും പട്ടിണിയിൽ ദിനംപ്രതി കുഞ്ഞുങ്ങളടക്കം നിരവധി പേരാണ് ഗസ്സയിൽ മരിച്ചുവീഴുന്നത്. ഇതുവരെ ഗസ്സയിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 370 ആണ്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഗസ്സയിൽ 185 പേർ പട്ടിണിയും പോഷകാഹാരക്കുറവും മൂലം മരിച്ചതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുന്നു. അടുത്ത കാലത്തെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. ഗസ്സയിലെ ഭക്ഷ്യസുരക്ഷാ പ്രതിസന്ധിയെക്കുറിച്ചുള്ള ഏറ്റവും പുതിയ ഐ.പി.സി റിപ്പോർട്ട് അനുസരിച്ച് അഞ്ച് വയസ്സിന് താഴെയുള്ള 1,32,000 കുട്ടികൾക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്. ഇതിൽ 41,000 ത്തിലധികം കുട്ടികളുടെ അവസ്ഥ അതീവ ഗുരുതരമാണ്.
ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ഗൗരവം വർഗീകരിക്കുന്നതിനുള്ള ആഗോള അംഗീകൃത സംവിധാനമാണ് ഐ.പി.സി. കഴിഞ്ഞ ആഗസ്റ്റിലാണ് ഗസ്സയിൽ പട്ടിണി സ്ഥിരീകരിച്ചത്. അവരുടെ കണക്കനുസരിച്ച് ഗസ്സയിലെ ജനസംഖ്യയുടെ 54 ശതമാനം വരുന്ന (1.07 ദശലക്ഷം) ആളുകൾ നാലാം ഘട്ടത്തിൽ അതായത് ‘അടിയന്തര’ സാഹചര്യത്തിലാണ്. 396,000 ആളുകൾ (20 ശതമാനം) മൂന്നാം ഘട്ടത്തിൽ, അതായത് ‘പ്രതിസന്ധി’ ഘട്ടത്തിലാണെന്നും സംഘടനയുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.