കിയവ്: യുക്രെയ്നിൽ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. കഴിഞ്ഞ രാത്രിയിൽ വിവിധയിടങ്ങളിലായി റഷ്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും 18 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ, തലസ്ഥാനമായ കിയവിലെ മന്ത്രിമാരുടെ കാബിനറ്റ് മന്ദിരത്തിൽ നിന്ന് പുക ഉയരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ ആക്രമണത്തിൽ കാബിനറ്റ് മന്ദിരത്തിന് കേടുപാടുകൾ സംഭവിച്ചതായി പ്രധാനമന്ത്രി യൂലിയ സ്വൈരിഡെങ്കോയും സ്ഥിരീകരിച്ചു. ‘റഷ്യൻ ആക്രമണത്തിൽ മന്ദിരത്തിന്റെ മേൽക്കൂരയും മുകളിലത്തെ നിലകളും തകർന്നു. രക്ഷാപ്രവർത്തകർ തീ അണയ്ക്കുകയാണ്,’ ടെലിഗ്രാമിൽ വിവരം പങ്കുവെച്ച് യൂലിയ കുറിച്ചു.
റഷ്യൻ ആക്രമണത്തിൽ നിരവധി ബഹുനില കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. വലിയ കെട്ടിടങ്ങളിൽ തീയണയ്ക്കാൻ പരിശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അറിയിപ്പ്.
റഷ്യൻ ആക്രമണം സ്ഥീരീകരിച്ചതോടെ ഞായറാഴ്ച രാവിലെ 6:06ന് യുക്രേനിയൻ അധികൃതർ രാജ്യവ്യാപകമായി ജാഗ്രത നിർദേശം നൽകിയിരുന്നു. ഡിനിപ്രോപെട്രോവ്‌സ്കിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 54 വയസ്സുള്ള ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മധ്യമേഖലയിലെ സൈനിക ഭരണകൂടം അറിയിച്ചു. വടക്കുകിഴക്കൻ സുമി മേഖലയിൽ ശനിയാഴ്ച വൈകിയുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം വിവരം പങ്കുവെച്ചിട്ടുണ്ട്. ‘പുട്ടിവിൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒമ്പത് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു’ -പ്രാദേശിക സൈനിക ഗവർണർ ഒലെഗ് ഗ്രിഗോറോവ് ടെലിഗ്രാമിൽ കുറിച്ചു.
തെക്കുകിഴക്കൻ മേഖലയിലെ സപോരിഷിയയിൽ ശനിയാഴ്ച വൈകീട്ട് നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് 15 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സമാധാന ശ്രമങ്ങൾക്കായി കൈകോർക്കാൻ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ രണ്ട് ഡസൻ രാജ്യങ്ങൾ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. എന്നാൽ, പാശ്ചാത്യ ശക്തികളുടെ ഇടപെടൽ വിഷയത്തിൽ ഏതുവിധത്തിലും അസ്വീകാര്യമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു.
യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളും എങ്ങുമെത്തിയിട്ടില്ല. യുക്രേനിയൻ പ്രദേശത്തിന്റെ ഏകദേശം 20 ശതമാനം നിലവിൽ റഷ്യൻ സൈന്യത്തിന്റെ അധീനതയിലാണെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.