ഇന്ത്യ റഷ്യൻ എണ്ണവാങ്ങി ലാഭമുണ്ടാക്കുന്നു, യു​ക്രെയ്നിൽ ആളെക്കൊല്ലാൻ റഷ്യക്ക് പണം നൽകുന്നുവെന്നും ​നവാരോ; ആരോപണം കപടമെന്ന് എക്സ്, പി​ന്നാലെ മസ്കിനും വിമർശനം

വാഷിംഗ്ടൺ: ലാഭവും അധിക വരുമാനവും മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതെന്നും ആ പണം ഉപയോഗിച്ചാണ് റഷ്യ യുക്രെൻകാരെ കൊല്ലുന്നതെന്നും ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇതിനിടെ, ​ആരോപണങ്ങളുടെ മുനയൊടിച്ച് എക്സിലെ പോസ്റ്റിന് താഴെ ‘കപടം’ എന്ന് വസ്തുത പരിശോധന റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടതിൽ പ്രകോപിതനായ നവാരോ എക്സ് ഉടമ എലോൺ മസ്കിന് നേരെയും വിമർശനമുന്നയിച്ചു.

ഇന്ത്യക്ക് മേലുള്ള ട്രംപിന്റെ കടുത്ത തീരുവയെ വിശകലനം ചെയ്ത് വാഷിങ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തെ ‘ഇടതനുകൂല അമേരിക്കൻ വ്യാജ വാർത്ത’ എന്ന് വിശേഷിപ്പിച്ചായിരുന്നു നവാരോയുടെ ട്വീറ്റ്.

ഇന്ത്യ ഈടാക്കുന്ന ഉയർന്ന തീരുവ യു.എസിൽ തൊഴിലവസരങ്ങളെ ബാധിക്കുകയാണെന്നും ലാഭവും വരുമാനവും മാ​ത്രം ലക്ഷ്യമിട്ട് റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ, യുദ്ധമുഖത്ത് റഷ്യക്ക് കരുത്ത് പകരുകയാണെന്നും നവാരോയുടെ ട്വീറ്റിൽ ആരോപിച്ചു.

പിന്നാലെ, എക്‌സിന്റെ വസ്തുതാ പരിശോധനാ കുറിപ്പ് അദ്ദേഹത്തെ തിരുത്തി. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഊർജ്ജ സുരക്ഷക്കാണെന്നും ഇത് ഉപരോധങ്ങൾ ലംഘിക്കുന്നില്ലെന്നും വസ്തുത പരിശോധന കുറിപ്പിൽ പറയുന്നു.

‘ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭത്തിന് മാത്രമല്ല, ഊർജ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിക്കൂടിയാണ്. ഇടപാടുകൾ ഉപരോധങ്ങൾ ലംഘിച്ചിട്ടില്ല. ഇന്ത്യക്ക് തീരുവയുണ്ടെങ്കിലും സേവന കയറ്റുമതിയിൽ യു.എസിനാണ് വ്യാപാര നേട്ടം. യു.എസ് ഇപ്പോഴും റഷ്യയിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നുണ്ട്. ഇരട്ടത്താപ്പാണത്’- വസ്തുത പരിശോധന റിപ്പോർട്ടുകളിൽ ഒന്ന് പറയുന്നു.

എണ്ണ വ്യാപാരത്തിൽ റഷ്യക്കെതിരെ ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തുന്ന യു.എസ് ഇപ്പോഴും യുറേനിയനം ഉൾപ്പെടെ ഉൽപന്നങ്ങൾ‌ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്നുവെന്നും ‘വ്യക്തമായ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുവെന്നും’ എക്സ് വസ്തുത പരിശോധനയിൽ പരാമർശമുണ്ട്.

ഇതിന് പിന്നാലെ, ഇന്ത്യ അനുകൂല പ്രോപഗാൻഡ (പ്രചാരണം) പ്രോത്സാഹിപ്പിക്കുന്നതാണ് എക്സിന്റെ ഈ ‘മാലിന്യ’ ഫീച്ചറെന്നും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ലെന്നും നവാരോ വീണ്ടും ട്വീറ്റ് ചെയ്തു.

ട്വീറ്റുകൾക്ക് താഴെ അവ വാസ്തവമാണോ എന്ന് പരിശോധിക്കുന്നതാണ് എക്സിന്റെ വസ്തുത പരിശോധന സംവിധാനം. എക്സിലെ ഉപയോക്താക്കൾക്ക് ബന്ധപ്പെട്ട കുറിപ്പിൽ പറഞ്ഞത് വാസ്തവോ വ്യാജമോ എന്ന് തിരിച്ചറിയാൻ ഇതു സഹായിക്കും. 

Tags:    
News Summary - Peter Navarro's rant over India's Russian oil trade flagged on X. He slams Musk over ‘crap note’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.