വാഷിങ്ടൺ: മാസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാൻ ഇന്ത്യ എത്തുമെന്ന പ്രസ്താവനയുമായി യു.എസ്. വാണിജ്യ സെക്രട്ടറി. അമേരിക്കയുടെ തീരുവക്കൊള്ളയിൽ ഇരുരാജ്യങ്ങളുടെയും ബന്ധം വഷളാകുകയും, ഇന്ത്യ റഷ്യയുമായും ചൈനയുമായും അടുക്കുകയും ചെയ്യുന്നതിനിടെയാണ് യു.എസ്. വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവന.
ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്ക്ക് തയാറാകും. ക്ഷമ പറയും. ട്രംപുമായി ഒരു കരാറിൽ ഏർപ്പെടാൻ ശ്രമിക്കും -വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. അമേരിക്കയെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെങ്കിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 50 ശതമാനം തീരുവ നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇന്ത്യ അവരുടെ വിപണി തുറന്നിടാൻ ആഗ്രഹിക്കുന്നില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നില്ല, ബ്രിക്‌സിന്റെ ഭാഗമാകുന്നത് നിർത്തുന്നില്ല. റഷ്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള പാലമാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അങ്ങനെ തന്നെ തുടരുക. ഒന്നുകിൽ ഡോളറിനെ പിന്തുണയ്ക്കുക, അമേരിക്കയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ക്ലയന്റിനെ പിന്തുണയ്ക്കുക, അല്ലെങ്കിൽ 50 ശതമാനം താരിഫ് നൽകുക. ഇത് എത്ര കാലം നീണ്ടുനിൽക്കുമെന്ന് നോക്കാം -ഹോവാർഡ് ലുട്നിക് പറഞ്ഞു.
നയതന്ത്ര ബന്ധം ശക്തമാക്കിയ ഇന്ത്യയെയും ചൈനയെയും റഷ്യയെയും പരിഹസിച്ച് ട്രംപ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്ത്യയെയും റഷ്യയെയും നമ്മൾക്ക് നഷ്ടമായെന്നും ഇരുണ്ട, ദുരൂഹമായ ചൈനയുമായി അവർ അടുത്തെന്ന് തോന്നുന്നു എന്നായിരുന്നു ട്രംപിന്‍റെ പരിഹാസം. ഇതിനുപിന്നാലെയാണ് വാണിജ്യ സെക്രട്ടറിയുടെ കമന്‍റ് വന്നത്.
എന്നാൽ ഇന്ന് പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുകയാണ് ട്രംപ് ചെയ്തത്. നരേന്ദ്ര മോദി മഹാനായ നേതാവാണെന്നും മികച്ച സുഹൃത്താണെന്നുമാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇന്ത്യ-അമേരിക്ക ബന്ധം സവിശേഷമാണ്, സൗഹൃദം നഷ്ടമായെന്ന് കരുതുന്നില്ല. ഭീമന്‍ തീരുവ ചുമത്തിയിട്ടും ഇന്ത്യ ഇപ്പോഴും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ വിയോജിപ്പും അമര്‍ഷവും ഉണ്ടെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.