ലണ്ടൻ: ഗസ്സ മുനമ്പിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറോടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. ഗസ്സയിലെ ദുരന്തസാഹചര്യവും ദ്വിരാഷ്ട്ര പരിഹാരത്തിലെത്താനുള്ള സാധ്യത മങ്ങുന്നതും കണക്കിലെടുത്താണ് ഇതെന്ന് സ്റ്റാർമർ മന്ത്രിമാരോട് പറഞ്ഞു.
‘‘ആത്യന്തികമായി, ഈ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏക മാർഗം ദീർഘകാല ഒത്തുതീർപ്പാണ്. സുരക്ഷിതവും പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രത്തോടൊപ്പം സുരക്ഷിതമായ ഒരു ഇസ്രായേലാണ് ഞങ്ങളുടെ ലക്ഷ്യം. ശരിയായ സമാധാനത്തിനുള്ള സംഭാവനയായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിന്, പ്രവർത്തിക്കേണ്ട സമയമാണിത്’’- കെയർ സ്റ്റാർമർ കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഗസ്സ സിറ്റി: ലോകമൊട്ടുക്കും പ്രതിഷേധത്തിനിടെ 662 നാൾ പിന്നിട്ടും വംശഹത്യ തുടരുന്ന ഇസ്രായേൽ ഗസ്സയിൽ കൊന്നുതീർത്തത് 60,000ത്തിലേറെ ഫലസ്തീനികളെ. ഓരോ ദിനവും ശരാശരി 36 പേർ എന്ന തോതിൽ 60,034 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്സ കൊടുംപട്ടിണിയുടെ പരകോടിയിലാകുകയും 88 കുട്ടികളടക്കം 147 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തതിനിടെയാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച് ഇസ്രായേൽ നരഹത്യ തുടരുന്നത്.
ഭക്ഷണത്തിനായി വരിനിന്ന 19 പേരടക്കം 62 പേർ ഇന്നലെയും കൊല്ലപ്പെട്ടു. 637 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റഫയിലെ ഭക്ഷ്യ കേന്ദ്രത്തിൽ കാത്തുനിന്നവർക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 11 പേരും അഭയാർഥികൾ തിങ്ങിക്കഴിയുന്ന അൽമവാസിയിലെ ക്യാമ്പിനുമേൽ ബോംബുവർഷത്തിൽ നാലുപേരും കൊല്ലപ്പെട്ടു.
10 ലക്ഷം ഫലസ്തീനികൾ നിലവിൽ ഗസ്സയിൽ കൊടുംപട്ടിണിയിലാണ്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ അഞ്ചിലൊന്നും ഗുരുതരമായ പോഷകാഹാരക്കുറവുള്ളവരാണെന്നും യു.എൻ അനുബന്ധ പട്ടിണി നിർണയ സംഘടനയായ ഐ.പി.സി റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.