സഖ്യംവിട്ട് ഘടകകക്ഷി; നെതന്യാഹുവിന് ഭരണപ്രതിസന്ധി

തെൽ അവിവ്: ഇസ്രായേലിൽ യാഥാസ്ഥിതിക കക്ഷിയായ യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി സഖ്യം വിട്ടതോടെ നെതന്യാഹു സർക്കാറിന് ഭരണപ്രതിസന്ധി. നിർബന്ധിത സൈനിക സേവനത്തിലെ ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴംഗ പാർട്ടിയിലെ ആറുപേരും രാജിക്കത്ത് നൽകിയത്. പാർട്ടി ചെയർമാൻ ഒരു മാസം മുമ്പ് രാജി നൽകിയിരുന്നു.

ഇതോടെ, 120 അംഗ സഭയിൽ ഭൂരിപക്ഷം 61 ആയി ചുരുങ്ങിയ നെതന്യാഹു സർക്കാറിനുമേൽ സഖ്യകക്ഷികളായ തീവ്രവലതുപക്ഷ പാർട്ടികൾ കൂടുതൽ കരുത്തുള്ളവരാകും. വെടിനിർത്തലിന് ഒരുവിട്ടുവീഴ്ചയും അരുതെന്ന നിലപാടുള്ള തീവ്രവലതുപക്ഷ കക്ഷികൾ പിന്തുണക്കുന്ന നെതന്യാഹു സർക്കാറിന് ഹമാസുമായി ചർച്ച ദുഷ്‍കരമാകും. ജൂത വേദഗ്രന്ഥങ്ങൾ പഠിക്കുന്ന ജൂത ഇസ്രായേലികൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവു നൽകുന്നതാണ് നിലവിലെ സൈനിക ചട്ടം. എന്നാൽ, രണ്ടുവർഷത്തിനരികെ നിൽക്കുന്ന ഗസ്സ അധിനിവേശ പശ്ചാത്തലത്തിൽ സൈനിക ശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് അവർക്ക് കൂടി സൈനിക സേവനം നിർബന്ധമാക്കുന്ന പുതിയ കരട് അവതരിപ്പിച്ചത്. ഇത് അംഗീകരിക്കില്ലെന്ന് യുനൈറ്റഡ് തോറ ജൂതായിസം പറയുന്നു.

സമാന നിലപാടുള്ള ഷാ പാർട്ടിയും രാജി വെക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ജൂണിൽ ഇറാൻ ആക്രമണത്തിന്റെ തലേന്നാണ് യാഥാസ്ഥിതിക കക്ഷികളുമായി ഈ വിഷയത്തിൽ താൽക്കാലിക ധാരണയിലെത്തിയിരുന്നത്. സെമിനാരി വിദ്യാർഥികൾക്ക് ഇളവ് പുനഃപരിശോധിക്കാൻ നേരത്തേ ഇസ്രായേൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നെതന്യാഹുവിന്റെ പാർട്ടിയായ ലികുഡും എല്ലാ ഇസ്രായേലികൾക്കും നിർബന്ധ സൈനിക സേവനം വേണമെന്ന നിലപാടുള്ളവരാണ്.

Tags:    
News Summary - United Torah Judaism quits gov’t

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.