ഗോവിന്ദംഭജ മൂഢമതേ!
text_fieldsസി.പി.ഐ സഖാക്കൾ സഹോദരന്മാരാണെന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ന്യായപ്രമാണം കൃത്യംകൃത്യമാണ്. ശിവൻകുട്ടി സഖാവ് കായീന്റെ ബാധകയറിയ നിലയിൽ തുടരുകയാണ്. അടങ്ങാനാവുന്നില്ല. കായീൻ അന്ന് ദൈവത്തോട് ചോദിച്ച അതേ ചോദ്യമാണ് തികട്ടിവരുന്നത്. ‘‘എന്റെ സഹോദരന്റെ കാവൽക്കാരനാണോ ഞാൻ.’’ രണ്ടും ഒന്നിൽനിന്ന് ഉണ്ടായതാണെങ്കിലും ഒന്നിനെ മറ്റേതിന്റെ കാവൽക്കാരനാക്കാൻ ദൈവംതമ്പുരാനുപോലും കഴിഞ്ഞിട്ടില്ല. പിന്നല്ലേ ജനറൽ സെക്രട്ടറിക്ക്. അന്ന് കായീൻ ഹാബേലിനെ കൊന്നു. ഇവിടെയിപ്പം സി.പി.ഐയെ കൊന്നിട്ടൊന്നുമില്ലല്ലോ. കൊണ്ടുനടക്കുന്നുണ്ടല്ലോ. സ്തോത്രം!
ആദ്യമുണ്ടായത് സി.പി.ഐയാണെങ്കിലും വലുതായത് സി.പി.എമ്മാണ്. അത് സി.പി.ഐക്കാർ സമ്മതിക്കുന്നുണ്ട്. അവർ സി.പി.എമ്മിനെ വിളിക്കുന്നതുതന്നെ വല്യേട്ടൻ എന്നാണല്ലോ. അല്ലെങ്കിലും ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയിൽ പെടാപ്പാട്പെടുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ വലുപ്പച്ചെറുപ്പം കണക്കാക്കുന്നതിൽ അർഥമില്ല. സാധിക്കുകയുമില്ല. ബിഹാറിലേക്ക് നോക്കൂ. അവിടെ സി.പി.ഐ-എം.എൽ (ലിബറേഷൻ) പാർട്ടിക്ക് രണ്ട് എം.എൽ.എമാരുണ്ട്. പാലിഗഞ്ചിൽനിന്ന് ജയിച്ച സന്ദീപ്സൗരവും കരക്കാട്ടുനിന്നുള്ള അരുൺകുമാറും. സി.പി.എമ്മിന് ഒരാളേയുള്ളൂ. ബിഭൂതിപുരിൽനിന്നുള്ള അജയ്കുമാർ. എന്നുവെച്ച് ലിബറേഷൻ സി.പി.എമ്മിനെക്കാൾ വലിയ പാർട്ടിയാണ് എന്ന് പറയാനാകുമോ? എം.എൽ.എമാരുടെ എണ്ണംവെച്ചാണ് പാർട്ടികളുടെ വലുപ്പം നോക്കുന്നതെങ്കിൽ ലിബറേഷൻ സി.പി.എമ്മിന്റെ ഇരട്ടിയുണ്ട്. എന്നാൽ, നാലു സീറ്റിൽ മത്സരിച്ചപ്പോൾ സി.പി.എമ്മിന് ഒരു സീറ്റു കിട്ടി. 25 ശതമാനം വിജയമുണ്ട്. 20 സീറ്റിൽ മത്സരിച്ചിട്ട് ലിബറേഷന് രണ്ടിടത്തേ ജയിക്കാനായുള്ളൂ. 10 ശതമാനമേ വിജയമുള്ളൂ. അപ്പോൾ ഏതാണ് വലിയ പാർട്ടി? സി.പി.എമ്മല്ലേ! ഒമ്പതു സീറ്റിൽ മത്സരിച്ച സി.പി.ഐ എല്ലായിടത്തും തോറ്റു. സമ്പൂർണ പരാജയം. ഒറ്റ എം.എൽ.എ പോലുമില്ല. എന്നുവെച്ച് ബിഹാറിൽ സി.പി.ഐ എന്നൊരു പാർട്ടിയില്ല എന്നുപറയാൻ പറ്റുമോ? മത്സരിച്ചപ്പോൾ സി.പി.എമ്മിനേക്കാൾ വലിയ പാർട്ടിയായിരുന്നു സി.പി.ഐ. ഫലം വന്നപ്പോൾ, മത്സരിച്ചതിന്റെ 25 ശതമാനം സീറ്റിൽ ജയിച്ച സി.പി.എമ്മാണ് നൂറുശതമാനം തോറ്റ സി.പിഐയേക്കാൾ വലിയ പാർട്ടി. കണക്ക് ചരിത്രപരമായ വൈരുധ്യാത്മക ഭൗതികവാദം പോലെയാണ്. പെട്ടെന്ന് പിടികിട്ടില്ല. പിടികിട്ടുംവിധം കണക്കുകൂട്ടിത്തരാൻ കെൽപുള്ള ഡോ. തോമസ് ഐസക് ഉണർന്നിട്ടുമില്ല. അതിനാൽ, കണക്കുവിടാം. കാര്യത്തിലേക്കു കടക്കാം.
കാര്യം എന്നുവെച്ചാൽ സി.പി.ഐ ഫാഷിസ്റ്റ് പാർട്ടിയായി കാണുന്ന ബി.ജെ.പിയോടും അതിന്റെ കേന്ദ്രസർക്കാറിനോടുമുള്ള സമീപനത്തിന്റെ കാര്യമാണല്ലോ. അതിലേക്ക് കടക്കുംമുമ്പ് ബി.ജെ.പിയെ സി.പി.എം എങ്ങനെ കാണുന്നു എന്നുകൂടി നോക്കണമല്ലോ. സി.പി.ഐ കാണുന്നപോലെ സി.പി.എമ്മും ഫാഷിസ്റ്റ് പാർട്ടിയായി കാണുന്നുണ്ടെങ്കിലേ സി.പി.ഐ എതിർക്കുന്ന അതേയളവിൽ എതിർക്കാൻ സി.പി.എമ്മിന് ബാധ്യതയുള്ളൂ. സി.പി.ഐയുടെ പറ കൊണ്ടല്ലല്ലോ, സി.പി.എം അളക്കുന്നത്. അവർക്ക് അവരുടെ അളവുപാത്രമുണ്ട്. അതുപ്രകാരം ‘‘നവ ഫാഷിസ്റ്റ് സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്ന ഹൈന്ദവ കോർപറേറ്റ് ഭരണകൂടമാണ്’’ കേന്ദ്രത്തിലേത്. നവ ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുക മാത്രം ചെയ്യുന്ന മോദി സർക്കാറിനെ ഫാഷിസ്റ്റ് എന്നോ നവ ഫാഷിസ്റ്റ് എന്നോ വിളിക്കുന്നില്ലെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഫാഷിസ്റ്റും ഫാഷിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. പുലിയും പൂച്ചയും തമ്മിലുള്ള വ്യത്യാസം. നമ്മുടെ നാട്ടിലൊക്കെയിപ്പോൾ പുലിയിറങ്ങുന്നുണ്ട്. അത് നമ്മളെ കാണുന്നമാത്രയിൽ ചാടിവീണ് മാന്തിപ്പൊളിക്കും. പുലിയുടെ സ്വഭാവമാണത്. നമ്മുടെ വീട്ടിലൊക്കെ പൂച്ചയുണ്ട്. നമ്മുടെ അരുമയാണത്. മടിയിലും ചിലർ ചുമലിലുമൊക്കെ എടുത്തുവെച്ച് കളിപ്പിക്കും. കളിക്കുന്നതിനിടയിൽ വഴുതിയാലോ വല്ല വശപ്പിശകും തോന്നിയാലോ പൂച്ച പിടിത്തം മുറുക്കും. അപ്പോൾ നഖങ്ങൾ പുറത്തേക്ക് വരും. നമ്മുടെ തൊലി പൊളിയും, ചോരവരും. എന്നുവെച്ച് പൂച്ചയെ നമ്മൾ പുലിയെന്ന് വിളിക്കുകയോ തല്ലിക്കൊല്ലുകയോ ചെയ്യില്ലല്ലോ. ആ ദേഷ്യമങ്ങ് മാറിയാൽ പാലുകൊടുക്കും. അത്രയും വ്യത്യാസമുണ്ട്, ക്ലാസിക്കൽ ഫാഷിസവും നവ ഫാഷിസത്തിന്റെ ചില സ്വഭാവങ്ങൾ കാണിക്കുന്നതും തമ്മിൽ. രണ്ടും ഒന്നല്ല.
ജർമനിയിൽ ഹിറ്റ്ലറും ഇറ്റലിയിൽ മുസ്സോളിനിയും ഒക്കെ നടപ്പാക്കിയിരുന്നത് ക്ലാസിക്കൽ ഫാഷിസമായിരുന്നു എന്ന കാര്യത്തിൽ സി.പി.എമ്മിനുമില്ല എതിരഭിപ്രായം. എന്നുവെച്ച് അരക്കയ്യൻ കുർത്തയിടുന്ന പാവം മോദിയെ ഫാഷിസ്റ്റ് എന്നുവിളിക്കാൻ സി.പി.ഐയെപ്പോലെ അത്ര വിവരക്കേട് സി.പി.എമ്മിനില്ല. ചരിത്രപരമായ ഭൗതികവാദത്തിന്റെ ഭൂതക്കണ്ണാടിയിലൂടെ നോക്കിയിട്ട് സി.പി.എം പറഞ്ഞുതരുന്നത്: ‘‘ഇന്ത്യയിൽ ഫാഷിസത്തിന് സമാനമായ അപകടകരമായ പ്രവണതകൾ ബി.ജെ.പി സർക്കാർ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഫാഷിസം പൂർണമായി വന്നിട്ടില്ല’’ എന്നാണ്. ‘‘ഫാഷിസം പൂർണമായി വന്നാൽ ജനാധിപത്യപരമായ അവകാശങ്ങൾ പൂർണമായും ഇല്ലാതാകുമെന്നും അങ്ങനെയൊരു സാഹചര്യത്തിൽ ഇപ്പോൾ കാണുന്ന വിധത്തിലുള്ള പ്രതിപക്ഷ പ്രവർത്തനങ്ങൾ സാധ്യമാവില്ല’’ എന്നും സി.പി. എം പറയുന്നുണ്ട്. അതും ശരിയാണ്. മോദി സർക്കാർ പൂർണമായി ഫാഷിസ്റ്റ് സർക്കാറാണെങ്കിൽ ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുകയില്ലായിരുന്നല്ലോ. നടന്നില്ലായിരുന്നെങ്കിൽ സി.പി.എം നാലു സീറ്റിൽ മത്സരിക്കില്ലായിരുന്നല്ലോ. മത്സരിച്ചിടത്തെല്ലാം തോറ്റ സി.പി.ഐക്കാർക്ക് പ്രപഞ്ചത്തെ മൊത്തം തള്ളിപ്പറയാം. പാർട്ടിയിൽ എം.എൽ.എമാരുണ്ടെങ്കിലേ പ്രയോഗത്തിൽ പേടിക്കേണ്ടതുള്ളൂ.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സമ്പൂർണ പരാജയമായ സി.പി.ഐക്കാരിൽനിന്ന് ഇടതു രാഷ്ട്രീയം പഠിക്കേണ്ട കാര്യം സി.പി.എമ്മിനില്ല എന്ന് ശിവൻകുട്ടിയണ്ണൻ പറയുന്നതിലും ശരിയുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലാതെ മറ്റൊരു രാഷ്ട്രീയം നമ്മുടെ അജണ്ടയിലില്ലല്ലോ. സായുധമാർഗത്തിലൂടെ സോഷ്യലിസം കൊണ്ടുവരാൻ പാർട്ടി ഒന്നായിരിക്കെ 1948ൽ ശ്രമിച്ചിരുന്നു. നടക്കില്ലെന്നുകണ്ട് അപ്പോൾതന്നെ അതൊഴിവാക്കിയതാണ്. 1951–52ൽ ഒന്നാമത്തെ പൊതുതെരഞ്ഞെടുപ്പോടെത്തന്നെ ആ വഴിയിലേക്ക് ഇറങ്ങിയതുമാണ്. പിന്നീടിങ്ങോട്ട് പാർലമെന്റിൽ പ്രതിപക്ഷ നേതാവിന്റെ പ്രവണതകൾ കാണിക്കുന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവ്(എ.കെ.ജി, അവിഭക്ത പാർട്ടി) കേന്ദ്ര ആഭ്യന്തരമന്ത്രി (ഇന്ദ്രജിത്ത് ഗുപ്ത, സി.പി.ഐ) പാർലമെന്റ് സ്പീക്കർ (സോമനാഥ് ചാറ്റർജി, സി.പി.എം) അങ്ങനെ തരാതരം സ്ഥാനങ്ങൾ അലങ്കരിച്ചതാണ്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും രണ്ടു പാർട്ടികളും ചേർന്ന് മന്ത്രിസഭ ഉണ്ടാക്കിയതുമാണ്. അതൊക്കെ സി.പി.ഐക്കും സി.പി.എമ്മിനും കെൽപുണ്ടായിരുന്ന കാലത്ത്. അതില്ലാതായിത്തുടങ്ങിയെങ്കിലും ഇപ്പോഴും ഉള്ളിടത്ത് ഉള്ളപോലെ മത്സരിച്ചുനോക്കുന്നുണ്ട്. അതല്ലാതെ വേറൊരു അജണ്ടയില്ല. മത്സരിക്കാൻ അവസരമൊരുക്കിത്തരുന്ന കേന്ദ്ര സർക്കാറിന്, ഇച്ചിരി നവഫാഷിസ്റ്റ് പ്രവണതയുണ്ടെങ്കിലും ഹൈന്ദവ കോർപറേറ്റാണെങ്കിലും വഴങ്ങിക്കൊടുക്കുന്നതാണ് ബുദ്ധി. അതാണ് ശിവൻകുട്ടിയണ്ണൻ പറയുന്നത്. അങ്ങനെയാവുമ്പോൾ അവർ ഫണ്ടും തരും. കേരളം അതിദാരിദ്യ്രമുക്തമായി പ്രഖ്യാപിച്ചെങ്കിലും തീവ്ര മാവോവാദി മുക്തമായി പ്രഖ്യാപിച്ചിട്ടില്ല എന്നോർക്കണം. കേരളം മാവോവാദി മുക്തമായി എന്ന് അമിത് ഷാ പറഞ്ഞപ്പോഴേക്ക് പിണറായി വിജയൻ ഓടിയെത്തി ഇല്ലെന്ന് സമ്മതിപ്പിച്ചത് എന്തിനാന്നാ? ആമവാതംവന്ന രണ്ടോമൂന്നോ മാവോവാദികൾ ഓടാനാകാതെ വല്ല കുറ്റിക്കാട്ടിലും കിടക്കുന്നുണ്ടെങ്കിൽ വെടിവെച്ചുകൊന്ന് ഫോട്ടോയെടുത്താൽ ഫണ്ട് കിട്ടും. ഫണ്ട് മുടക്കാൻ നടക്കുന്ന ബിനോയ് വിശ്വത്തിന്റെ നാലു മന്ത്രിമാർക്കും അവരുടെ നൂറ്റിരുപതിലേറെ സ്റ്റാഫിനും മാസാമാസം വേതനം കിട്ടുന്നത് ഈ നവ ഫാഷിസ്റ്റ് പ്രവണതയുള്ള ഹൈന്ദവ കോർപറേറ്റ് ഭരണകൂടം മുകളിലുള്ളതുകൊണ്ടാണ് എന്ന് മറക്കരുത്.
ശിവൻകുട്ടിയണ്ണനടക്കമുള്ള മാർക്സിസ്റ്റുകാരെ പഠിപ്പിക്കാൻ യോഗ്യതയും അർഹതയും എം.എ. ബേബിക്കും എം.വി. ഗോവിന്ദൻമാഷിനുമാണ് എന്നാണല്ലോ ബിനോയ് സഖാവിന്റെ തർക്കുത്തരം. ശരിയുത്തരമാണത്. ചെറിയൊരു തർക്കമേയുള്ളൂ. ബേബി സഖാവിന് യോഗ്യതയുണ്ടെങ്കിലും അവധാനതയോടെ പഠിപ്പിച്ചുവരുമ്പോഴേക്ക് കാലമെടുക്കും. ഗോവിന്ദൻമാഷ് സമയബന്ധിതമായി പഠിപ്പിക്കുമെന്ന് മാത്രമല്ല, കൃത്യവുമാണ്. ഉദാഹരണം മാഷ്ടെ ഭരണകൂട സിദ്ധാന്തം. ‘‘1957 മുതൽ പലവട്ടം സി.പി.ഐയും സി.പി.എമ്മും കേരളത്തിലും ബംഗാളിലുമൊക്കെ അധികാരത്തിൽ ഇരുന്നിട്ടുണ്ടെങ്കിലും അതൊക്കെയൊരു ഇരിപ്പുമാത്രമാണെന്നും ഭരണകൂടം എന്നത് കേന്ദ്രം ഭരിക്കുന്നവരുടെ കൈയിലാണെ’’ന്നും ഗോവിന്ദൻമാഷ് കാര്യകാരണ സഹിതം പലപലവട്ടം സ്ഥാപിച്ചതാണ്. അതാണല്ലോ ഇപ്പോൾ അനുഭവിക്കുന്നത്. അതുകൊണ്ടാണല്ലോ പിണറായി സഖാവും ശിവൻകുട്ടി സഖാവും കേന്ദ്രത്തിലേക്കോടിച്ചെന്ന് പറഞ്ഞിടത്ത് ഒപ്പുവെച്ചുകൊടുക്കുന്നത്. സി.പി.ഐ എന്തറിഞ്ഞു വിഭോ, ഗോവിന്ദൻമാഷ് പറഞ്ഞതാണ് സനാതനസത്യം. കൂടം ആരുടെ കൈയിലാണോ, അവരെ അനുസരിക്കണം. സത്യം ഒരാൾ പറഞ്ഞുതന്നാൽ അത് പഠിക്കണം. ഗോവിന്ദംഭജ മൂഢമതേ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

